സെറ്റിൽ മാത്രമല്ല, ജീവിതത്തിലും ഞാൻ ഐഷുവായി; 'പ്രേംപാറ്റ' വിശേഷങ്ങളുമായി നയന എൽസ

'കൂട്ടുകാരടക്കം ചോദിച്ചു, എന്തുപറ്റിയെന്ന്,' ഐഷുവായി മാറിയ അനുഭവം പങ്കുവെച്ച് നയന
സെറ്റിൽ മാത്രമല്ല, ജീവിതത്തിലും ഞാൻ ഐഷുവായി; 'പ്രേംപാറ്റ' വിശേഷങ്ങളുമായി നയന എൽസ
Published on: 

'പ്രേംപാറ്റ'യിലെ ഐഷു എന്ന കഥാപാത്രവും തന്റെ യഥാർത്ഥ വ്യക്തിത്വവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് നടി നയന എൽസ. ഇതുവരെ ചെയ്തുവന്ന കഥാപാത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായ ഒന്നാണ് ചിത്രത്തിലെ ഐഷുവെന്നും കഥാപാത്രത്തിനായി നടത്തിയ തയ്യാറെടുപ്പുകൾ തന്റെ വ്യക്തിജീവിതത്തെപ്പോലും സ്വാധീനിച്ചിരുന്നുവെന്നും നയന പറഞ്ഞു. മാഡിസം ഡിജിറ്റൽ 'പ്രേംപാറ്റ'യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിലാണ് താരം സിനിമയിലെ അനുഭവങ്ങൾ പങ്കുവെച്ചത്.

തന്റെ മുൻകാല കഥാപാത്രങ്ങളെല്ലാം മിക്കവാറും ഒരേ സ്റ്റീരിയോടൈപ്പിനുള്ളിൽ ഒതുങ്ങിനിന്നവയായിരുന്നുവെന്നാണ് നയനയുടെ വിലയിരുത്തൽ. മുഖത്തിന് ഒരു മലയാളിത്തം ഇല്ലാത്തതിനാൽ പ്രധാന കഥാപാത്രങ്ങൾ ഏൽപ്പിക്കാൻ പലർക്കും ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും അതിന്റെ ഫലമായി ഒരേ സ്വഭാവത്തിലുള്ള വേഷങ്ങൾ ആവർത്തിക്കേണ്ടിവന്നുവെന്നും താരം പറയുന്നു. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ ഈ സാഹചര്യം ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ആ പരിമിതികൾ മറികടന്ന് വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യണമെന്ന ആഗ്രഹത്തിനിടയിലാണ് 'പ്രേംപാറ്റ'യിലെ ഐഷു തന്നെ തേടിയെത്തിയത്.

കോളേജ് വിദ്യാർഥിനിയായ ഐഷു ആൺകുട്ടികളുടെ സംഘത്തിനൊപ്പം സഞ്ചരിക്കുന്നതും കൂട്ടത്തിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ ആദ്യം ഇടപെടാൻ മുന്നിട്ടിറങ്ങുന്നതുമായ കഥാപാത്രമാണ്. സ്വയം കേന്ദ്രീകൃതമായ വ്യക്തിത്വവും അടിച്ചുപൊളി ജീവിതരീതിയും ഉണ്ടെങ്കിലും കഥാപാത്രത്തിന് ഗൗരവമുള്ള മറ്റൊരു തലവുമുണ്ടെന്ന് നയന വിശദീകരിച്ചു.

കഥാപാത്രത്തിന്റെ രൂപം എങ്ങനെയായിരിക്കണമെന്ന കാര്യത്തിൽ തുടക്കത്തിൽ സംവിധായകൻ ആമിർ പള്ളിക്കൽ പ്രത്യേക റഫറൻസുകളൊന്നും നൽകിയിരുന്നില്ല. എന്നാൽ മുടി മുറിച്ച് ടോംബോയ് ലുക്കിലേക്ക് മാറണമെന്ന നിർദേശം മുന്നോട്ടുവെച്ചിരുന്നു. അതിനോട് തനിക്ക് അത്ര താൽപര്യമില്ലാതിരുന്നതിനാൽ പിന്നീട് വിഗ് ഉപയോഗിച്ച് കഥാപാത്രത്തിന് വ്യത്യസ്തമായ ലുക്ക് നൽകാമെന്ന തീരുമാനത്തിലെത്തുകയായിരുന്നു. മുടി മുറിക്കണമെന്ന നിർദേശം ലഭിച്ചപ്പോൾ തന്നെ കഥാപാത്രം പതിവ് വേഷങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്നും അഭിനയത്തിന് കൂടുതൽ സാധ്യതകളുണ്ടെന്നും മനസ്സിലായതായി നയന പറഞ്ഞു.

സെറ്റിൽ മാത്രമല്ല, ജീവിതത്തിലും ഞാൻ ഐഷുവായി; 'പ്രേംപാറ്റ' വിശേഷങ്ങളുമായി നയന എൽസ
പ്രണയവും സൗഹൃദവും ചിരിയും; 'പ്രേംപാറ്റ'യുടെ തകർപ്പൻ ട്രെയ്‌ലർ പുറത്ത്

ചിത്രത്തിലെ ചില രംഗങ്ങളിൽ പുകവലിക്കേണ്ട സാഹചര്യങ്ങളുമുണ്ടായിരുന്നു. ഐഷുവിനെ കൂടുതൽ സ്വാഭാവികമായും സ്റ്റൈലിഷായും അവതരിപ്പിക്കാനുള്ള വഴികൾ തേടിയപ്പോൾ വിദേശ വെബ് സീരീസുകൾ കാണുന്നതും അതിൽനിന്ന് ആശയങ്ങൾ സ്വീകരിക്കുന്നതും പതിവാക്കിയിരുന്നു. അവയിൽനിന്ന് ലഭിച്ച ചില ആശയങ്ങൾ കഥാപാത്രത്തിന്റെ വസ്ത്രധാരണത്തിലും ലുക്കിലും ഉൾപ്പെടുത്താൻ ശ്രമിച്ചു. തന്റെ ഇത്തരം നിർദേശങ്ങളെയും സംഭാവനകളെയും സംവിധായകൻ ആമിർ പള്ളിക്കലും ലിജീഷ് കുമാറും അംഗീകരിച്ചിരുന്നുവെന്നും കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ ആവശ്യമായ സ്വാതന്ത്ര്യം ലഭിച്ചിരുന്നുവെന്നും നയന കൂട്ടിച്ചേർത്തു.

ഐഷുവിന്റെ സ്വാധീനം ഷൂട്ടിങ് സെറ്റിൽ മാത്രം ഒതുങ്ങിയില്ലെന്നതാണ് നയന പങ്കുവെച്ച മറ്റൊരു രസകരമായ അനുഭവം. കഥാപാത്രത്തിന്റെ ഭാഗങ്ങൾ ചിത്രീകരിക്കാൻ തുടങ്ങിയതിനു പിന്നാലെ സ്വന്തം സ്വഭാവത്തിലും ഐഷുവിന്റെ ചില രീതികൾ കടന്നുകൂടിയിരുന്നു. വീട്ടിലും സുഹൃത്തുക്കൾക്കിടയിലും ഐഷുവിനെപ്പോലെ പെരുമാറുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ എന്തുപറ്റിയെന്നും സുഖമല്ലേയെന്നും അടുത്തവർ ചോദിച്ചിട്ടുണ്ടെന്നും താരം ഓർത്തെടുത്തു.

സെറ്റിൽ മാത്രമല്ല, ജീവിതത്തിലും ഞാൻ ഐഷുവായി; 'പ്രേംപാറ്റ' വിശേഷങ്ങളുമായി നയന എൽസ
കേരളം വീണ്ടും ക്യാമ്പസ് വൈബിലേക്ക്; പ്രേംപാറ്റ നാളെ തിയറ്ററുകളില്‍

ഇതിനിടയിലെ രസകരമായ മറ്റൊരു അനുഭവവും നയന പങ്കുവെച്ചു. മേക്കപ്പിനിടെ മുടി ശരിയാക്കാനെത്തിയ ഹെയർഡ്രസിങ് ചേച്ചി മുടിയിൽ പിടിച്ചുനോക്കിയശേഷം, "ആമ്പിള്ളേരുടെ കൂടെ നടന്ന് മുടിയും അവന്മാരുടെ പോലെ തന്നെ ആയി" എന്ന് പറഞ്ഞതായും താരം ചിരിയോടെ ഓർത്തെടുത്തു. ഐഷുവിനായി നടത്തിയ രൂപമാറ്റം കഥാപാത്രത്തിന്റെ സ്വഭാവവുമായി എത്രത്തോളം ചേർന്നുനിന്നുവെന്നതിന്റെ രസകരമായ ഉദാഹരണം കൂടിയായിരുന്നു ആ സംഭവം എന്ന് താരം പറയുന്നു.

ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന 'പ്രേംപാറ്റ' നവംബർ 27ന് തിയറ്ററുകളിലെത്തും. ജോമോൻ ജ്യോതിർ നായകനാകുന്ന ചിത്രം എൻ.എസ്.എസ് ക്യാമ്പിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന യൂത്ത് റൊമാന്റിക് എന്റർടെയ്‌നറാണ്. കേരള-കർണാടക അതിർത്തിയിലെ ഒരു ഗ്രാമത്തിൽ എൻ.എസ്.എസ് ക്യാമ്പിനെത്തുന്ന വിദ്യാർഥികൾക്കിടയിൽ ഉടലെടുക്കുന്ന സൗഹൃദവും പ്രണയവുമാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം. ജോമോൻ ജ്യോതിർ, നയന എൽസ എന്നിവർക്കൊപ്പം സൈജു കുറുപ്പ്, അനുശ്രീ, രാജേഷ് മാധവൻ, സഞ്ജു ശിവറാം, സിദ്ദിഖ്, സാഫ് ബോയ്, ജുനൈസ് വി.പി., ടിസ് തോമസ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

സ്റ്റുഡിയോ ഔട്ട്‌സൈഡേഴ്‌സിന്റെ ബാനറിൽ ആമിർ പള്ളിക്കൽ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ലിജീഷ് കുമാറാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. അങ്കിത് മേനോൻ സംഗീതസംവിധാനവും ഛായാഗ്രഹണം റെനഡൈവും എഡിറ്റിങ് ആകാശ് ജോസഫ് വർഗീസും നിർവഹിക്കുന്നു. സെൻട്രൽ പിക്‌ചേഴ്‌സാണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.