ശ്രീനിവാസൻ- സത്യൻ അന്തിക്കാട്, മോഹൻലാൽ - പ്രിയദർശൻ, സിദ്ധിഖ് - ലാൽ, റാഫി - മെക്കാർട്ടിൻ തുടങ്ങിയ പ്രതിഭകൾക്കപ്പുറം ഒരു ഹാസ്യാനുഭവം ഇനി മലയാളത്തിലുണ്ടാവില്ലെന്ന് ജോണി ആന്റണി. എഫ്ടിക്യൂ വിത്ത് രേഖ മേനോൻ എന്ന യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
ജോണി ആന്റണിയുടെ വാക്കുകൾ:
ഒരിക്കൽ സംവിധായകൻ സിദ്ധിഖേട്ടൻ എന്നോട് പറയുകയുണ്ടായി ഇപ്പോഴത്തെ തമാശകളൊന്നും കണ്ടാൽ അമിതമായി ചിരിക്കാൻ തോന്നാറില്ലെന്ന്. എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട്. അതിന്റെ കാരണം മറ്റൊന്നുമല്ല, നമ്മൾ പരമാവധി തമാശകൾ കണ്ടു കഴിഞ്ഞു. സത്യൻ അന്തിക്കാട്- ശ്രീനിവാസൻ, മോഹൻലാൽ - പ്രിയദർശൻ, സിദ്ധിഖ് - ലാൽ, റാഫി - മെക്കാർട്ടിൻ എന്നിങ്ങനെ ഈ പ്രതിഭകൾക്കപ്പുറയിട്ടുള്ളൊരു തമാശ ഇതുവരെയും മലയാള സിനിമയിൽ ഉണ്ടായിട്ടില്ല. ഇനിയത് സംഭവിക്കുകയുമില്ല.
'പഞ്ചാബി ഹൌസ്' പോലെയുള്ള സിനിമകളിലെ തമാശയൊക്കെ ഇന്നും ഓർമയിലുണ്ട്. ഞാനെല്ലാം പിൽക്കാലത്ത് സിനിമയിൽ എത്തിയ ആളുകളാണ്. എന്റെ സിനിമകൾ കണ്ട് ആളുകൾ ചിരിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ടെങ്കിലും, ഇവർക്കാർക്കും മുകളിൽ പ്രേക്ഷകരെ ചിരിപ്പിച്ചുവെന്ന് കരുതുകയോ അഹങ്കരിക്കുകയോ അഭിമാനിക്കുകയോ ചെയ്യരുത്. അവരുടെയെല്ലാം പിന്തുടർച്ചയെന്നോ, അവർ സഞ്ചരിച്ച പാതയുടെ അരികിലൂടെ നടന്നവരോ ആയി മാത്രം സ്വയം കരുതുകയേ ഞാൻ ചെയ്യുന്നുള്ളു. അത്രത്തോളം നമ്മളെ ചിരിപ്പിച്ചവർ ആരുമില്ലെന്നുറപ്പാണ്.
സിഐഡി മൂസ, കൊച്ചി രാജാവ്, തുറുപ്പ് ഗുലാൻ, പട്ടണത്തിൽ ഭൂതം, തോപ്പിൽ ജോപ്പൻ എന്നിങ്ങനെ ഹാസ്യ ചിത്രങ്ങളുൾപ്പെടെ മലയാളത്തിൽ നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്ത വ്യക്തിയാണ് ജോണി ആന്റണി. സമീപകാലത്ത് അഭിനയരംഗത്തേക്ക് കൂടി ചുവടുറപ്പിച്ച ജോണി ആന്റണി മികച്ച അച്ഛൻ വേഷങ്ങൾ ചെയ്തതിലൂടെയും ശ്രദ്ധനേടുകയുണ്ടായി.
English Summary: Johny Antony said that Malayalam cinema may never recreate the legendary comedy experience delivered by iconic filmmaker duos like Sreenivasan–Sathyan Anthikad, Mohanlal–Priyadarshan, and Siddique–Lal. He stated that the humor created by these legends remains unmatched in Malayalam cinema.