

യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത 'ടോക്‌സിക്: എ ഫെയറി ടെയ്ൽ ഫോർ ഗ്രോൺ അപ്‌സി'നെതിരെ വീണ്ടും പരാതികൾ ഉയരുന്നു. ആം ആദ്മി പാർട്ടി വനിതാ വിഭാഗത്തിന്റെ പരാതിയിൽ സെൻസർ ബോർഡിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ് കർണാടക വനിതാ കമ്മിഷൻ.
യഷിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ജനുവരി 8ന് പുറത്തുവന്ന ഫസ്റ്റ് ഗ്ലിംപ്‌സ് ടീസറിനെതിരേയാണ് വ്യാപക പരാതികളുയരുന്നത്. ടീസറിൽ അശ്ലീല ഉള്ളടക്കമുണ്ടെന്നും, നായകനെ അവതരിപ്പിക്കുന്ന രംഗങ്ങളിൽ സ്ത്രീയെ കച്ചവടച്ചരക്കും പ്രദർശന വസ്തുവുമാക്കിയതായും പരാതികളിൽ വിമർശനമുണ്ട്. വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ആം ആദ്മി വനിതാ വിഭാഗം തിങ്കളാഴ്ച പരാതി നൽകിയത്. ടീസർ എത്രയും വേഗത്തിൽ പൊതു പ്ലാറ്റ്‌ഫോമുകളിൽനിന്ന് നീക്കം ചെയ്യണമെന്നും ആം ആദ്മി പാർട്ടി പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ ചിത്രത്തിന്റെ സംവിധായക ഗീതു മോഹൻദാസിനെതിരെയും വലിയ രീതിയിലുള്ള സൈബർ അക്രമണമാണ് നടക്കുന്നത്.
പരാതിയുടെ പകർപ്പിനൊപ്പമാണ് സെൻസർ ബോർഡിൽ നിന്ന് വനിതാ കമ്മിഷൻ വിശദീകരണം തേടിയിരിക്കുന്നത്. 1952-ലെ സിനിമാറ്റോഗ്രാഫ് ആക്ട്, സെൻസർ ബോർഡ് ചട്ടങ്ങൾ, ഭാരതീയ ന്യായ സംഹിത എന്നിവയെ കുറിച്ചും പരാതിയിൽ പരാമർശിച്ചിട്ടുണ്ട്. പരാതിയിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചതിനു ശേഷം റിപ്പോർട്ട് നൽകാനും കമ്മിഷൻ ആവശ്യപ്പെട്ടു.
ഇ- മെയിൽ വഴിയാണ് ദിനേശ് കല്ലഹള്ളി സെൻസർ ബോർഡ് ചെയർമാൻ പ്രസൂൺ ജോഷിക്ക് പരാതി നൽകിയിരിക്കുന്നത്. ടീസറിലെ ഉള്ളടക്കം ധാർമികതയ്ക്ക് നിരക്കുന്നതല്ല, അതുകൊണ്ട് ടീസർ ഉടൻ നീക്കം ചെയ്യണം എന്നാണ് പ്രധാനമായും പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
കെജിഎഫിന് ശേഷം യഷ് എത്തുന്ന ചിത്രമെന്ന നിലയിൽ 'പാൻ ഇന്ത്യൻ ഹൈപ്പിലാണ്' 'ടോക്സിക്' എത്തുന്നത്. നേരത്തെ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ചില വിവാദങ്ങൾ ഉയർന്നിരുന്നെങ്കിലും ചിത്രം നേരത്തെ പ്രഖ്യാപിച്ച സമയത്ത് തന്നെ തിയറ്ററുകളിലെത്തിക്കുമെന്ന് നിർമാതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.
English Summary: The Karnataka State Women’s Commission has sought an explanation from the Censor Board following complaints that the teaser of the film Toxic: A Fairy Tale for Grown Ups