'ആ ആഗ്രഹത്തിന്റെ ഫലമാണ് ഈ ശരീരമാറ്റം... എന്തിന് ഞാൻ തിരിച്ചുപോകണം?' വിമർശനങ്ങളിൽ ആദ്യമായി പ്രതികരിച്ച് കത്രീന

2025ൽ മകൻ വിഹാനുണ്ടായതിന് ശേഷം, കത്രീനയ്ക്ക് നേരെ അസഹനീയമായ രീതിയിലാണ് പരിഹാസങ്ങളും വിമർശനങ്ങളുമെത്തിയത്
'ആ ആഗ്രഹത്തിന്റെ ഫലമാണ് ഈ ശരീരമാറ്റം... എന്തിന് ഞാൻ തിരിച്ചുപോകണം?' വിമർശനങ്ങളിൽ ആദ്യമായി പ്രതികരിച്ച് കത്രീന
Published on: 

പ്രസവശേഷമുള്ള ശരീരമാറ്റത്തിന് വിമർശനങ്ങളും പരിഹാസങ്ങളുമേൽക്കാത്ത സ്ത്രീകൾ ചുരുക്കമാവും. തടി കൂടിയതിനും ഇനി കുറഞ്ഞാൽ അതിനുമെല്ലാം കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വരുന്നത് കൂടാതെ, സൌന്ദര്യസംരക്ഷണത്തിൽ ശ്രദ്ധ ചെലുത്താത്തതിന് പഴി വേറെയുമുണ്ടാവും. ജോലിക്ക് പോവുന്ന സ്ത്രീകൾ, വീട്ടമ്മമാർ, എന്നിങ്ങനെയുള്ള വേർതിരിവുകളൊന്നും പോസ്റ്റ്പാർട്ടം അമ്മമാരോട് സമൂഹം കാണിക്കാറില്ല. കുറ്റപ്പെടുത്തൽ എല്ലാവരോടും ഒരുപോലെ തന്നെ.

ഇതിൽ, നടിമാരും വ്യത്യസ്തരല്ല. ഒരു കാലത്ത് സിനിമാ ഇൻഡസ്ട്രി അടക്കി ഭരിച്ചവരാണെങ്കിൽ പോലും തടി ഒന്ന് കൂടിയാൽ, ആ തടി കുറയ്ക്കാതെ ഒന്ന് പുറത്തിറങ്ങിയാൽ, അല്ലെങ്കിൽ ഒരു ഫോട്ടോ ഇട്ടാൽ പിന്നെ വിമർശനങ്ങളുടെ കുത്തൊഴുക്കായി. സിനിമയിലായിരുന്നു എന്ന് പറഞ്ഞിട്ടെന്താ.. ഒരു കൊച്ചായാൽ ഒക്കെ തീർന്നില്ല, ഒക്കെയും മേക്ക്അപ്പ് ആണെന്ന് ഇപ്പോ മനസ്സിലായില്ലേ... എന്നൊക്കെ പതിവ് പല്ലവികൾ തുടങ്ങും.

ഇനി അത്ഭുതവശാൽ ഒന്നും രണ്ടും മാസങ്ങൾ കൊണ്ടൊക്കെ പഴയ രൂപത്തിലേക്ക് തിരിച്ചുവരുന്ന നടിമാരുണ്ടെങ്കിൽ അവർക്ക് വേണ്ടി എഴുതിയ വാഴ്ത്തുപാട്ടുകളാവും മറ്റുള്ളവർക്ക് തലവേദന. അവർക്കൊക്കെ ആവാമെങ്കിൽ ആർക്കും ആവാം എന്നൊക്കെ അടക്കംപറച്ചിലുകളാവും പിന്നീട്. പോസ്റ്റ്പാർട്ടം ഡിപ്രഷൻ കൊണ്ട് ആത്മഹത്യ ചെയ്താലോ എന്ന് വരെ ചിന്തിക്കുന്ന അമ്മമാരുടെ മനസ്സമാധാനം പിന്നെയും തകർക്കുന്നതിൽ ഇത്തരം സമീപനങ്ങൾക്കുള്ള പങ്ക് തീരെ ചെറുതല്ല.

'ആ ആഗ്രഹത്തിന്റെ ഫലമാണ് ഈ ശരീരമാറ്റം... എന്തിന് ഞാൻ തിരിച്ചുപോകണം?' വിമർശനങ്ങളിൽ ആദ്യമായി പ്രതികരിച്ച് കത്രീന
‘ഗർഭധാരണവും പ്രസവവും എളുപ്പമുള്ള പ്രക്രിയയല്ല’; കത്രീനയ്ക്കെതിരായ അധിക്ഷേപങ്ങളിൽ പൊട്ടിത്തെറിച്ച് സൗന്ദര്യ രജനികാന്ത്

ഇങ്ങനെ, പ്രസവശേഷമുള്ള ശരീരമാറ്റത്തിൽ അടുത്തകാലത്ത് ഏറ്റവും കൂടുതൽ പഴി കേട്ട താരമാണ് ബോളിവുഡ് നടി കത്രീന കൈഫ്. 2025ൽ മകൻ വിഹാനുണ്ടായതിന് ശേഷം, കത്രീനയ്ക്ക് നേരെ അസഹനീയമായ രീതിയിലാണ് പരിഹാസങ്ങളും വിമർശനങ്ങളുമെത്തിയത്. ഇൻസ്റ്റഗ്രാമിൽ താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും താഴെ ക്രൂരമായ രീതിയിൽ ബോഡിഷെയിമിംഗ് നടന്നു. ഒരു മരണാനന്തര ചടങ്ങിൽ പങ്കാളി വിക്കി കൌശലിനൊപ്പം എത്തിയ കത്രീനയുടെ വീഡിയോ അത്യധികം പരിഹാസത്തോടെയാണ് പല ഇൻസ്റ്റഗ്രാം പേജുകളും പോസ്റ്റ് ചെയ്തത്. ഇതിനോടൊന്നും ഇതുവരെയും കത്രീന പ്രതികരിച്ച് കണ്ടിട്ടില്ല. പല ബോളിവുഡ് താരങ്ങളും തന്നെ പിന്തുണച്ച് രംഗത്തെത്തിയപ്പോഴും മൌനം പാലിക്കാനായിരുന്നു താരത്തിന്റെ തീരുമാനം. എന്നാൽ ഇപ്പോഴിതാ, വിഷയത്തിൽ തന്റെ കൃത്യമായ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് കത്രീന.

വോഗിന് നൽകിയ അഭിമുഖത്തിലാണ് താരം അമ്മയായ ശേഷമുള്ള ജീവിതത്തെ കുറിച്ചും മകനെ കുറിച്ചുമെല്ലാം വാചാലയായത്. വിമർശനങ്ങൾക്ക് വിധേയപ്പെട്ട് താനെന്തിന് മാറണം എന്നാണ് വിമർശനങ്ങളോട് കത്രീനയുടെ ചോദ്യം. എട്ട് വർഷത്തിന് ശേഷം ആദ്യമായാണ് വോഗിന് കത്രീന കവർ ചിത്രമാവുന്നത്. ഇത്രയും കാലത്തിന് ശേഷം എന്തുകൊണ്ട് ഇപ്പോൾ തന്നെ കവറിലേക്ക് വോഗ് കത്രീനയെ തിരഞ്ഞെടുത്തു എന്നതിന് ഉത്തരവും ആ ചോദ്യത്തിലുണ്ട്.

സമൂഹത്തിന്റെ ആവശ്യത്തിനൊത്ത് തീരുമാനങ്ങളെടുക്കാൻ തന്നെ കിട്ടില്ല എന്നാണ് കത്രീനയുടെ മറുപടിയുടെ ആകെത്തുക. ഏറെ നാളത്തെ ആഗ്രഹത്തിന്റെ ഫലമാണ് തന്റെ ശരീരമാറ്റമെന്നും അതിൽ താൻ അങ്ങേയറ്റം സന്തോഷവതിയാണെന്നും താരം പറയുന്നു. കത്രീനയുടെ വാക്കുകളിങ്ങനെ:

'ആ ആഗ്രഹത്തിന്റെ ഫലമാണ് ഈ ശരീരമാറ്റം... എന്തിന് ഞാൻ തിരിച്ചുപോകണം?' വിമർശനങ്ങളിൽ ആദ്യമായി പ്രതികരിച്ച് കത്രീന
പുരുഷന്‍മാരുടെ ലോകത്ത് 'ഡൊറോത്തി' തുറന്നിടുന്ന വൈകാരിക സാധ്യതകൾ: റിവ്യൂ

ഞാനെവിടെ നിന്ന് എവിടേക്ക് തിരിച്ചു പോകണം എന്നാണ് ആളുകൾ പ്രതീക്ഷിക്കുന്നത്? മനസ്സിൽ ഏറെ നാളായി ഒളിഞ്ഞു കിടന്ന ഒരു ആഗ്രഹമുണ്ട്. ആ ആഗ്രഹം യാഥാർഥ്യമായതിന്റെ ഫലമാണ് ഈ ശരീരമാറ്റം. പിന്നെന്തിന് ഞാൻ തിരിച്ചുപോകണം? പ്രസവശേഷമുള്ള ആദ്യനാളുകളിൽ മകൻ വിഹാന്ർറെ മുഖത്തേക്ക് നോക്കുമ്പോൾ കിട്ടുന്ന അനുഭൂതി പറഞ്ഞറിയിക്കാനാവുമായിരുന്നില്ല. അത്രയ്ക്ക് സ്പെഷ്യലായ നിമിഷങ്ങളായിരുന്നു അത്.

ഇന്നും വിഹാന്റെ മുഖത്തേക്ക് നോക്കുമ്പോൾ വിക്കിക്കൊപ്പമുള്ള നാല് വർഷങ്ങൾ എത്ര പൂർണമായിരുന്നു എന്ന് ഓർമ വരും. അങ്ങനെയൊക്കെ എനിക്ക് ഏറെ പ്രിയപ്പെട്ടതായ നിമിഷങ്ങളാണ് കടന്നു പോകുന്നത്. പഴയ രൂപത്തിലേക്ക് എപ്പോൾ പോകണം എപ്പോളതിന് തുടക്കമിടണം എന്നൊക്കെ എനിക്കറിയാം. എന്റെ ഫിറ്റ്നസ് യാത്രയെ കുറിച്ച് പൂർണ ബോധ്യം എനിക്കുണ്ട്. പൂർണമായും തയ്യാറാകുമ്പോൾ ആ പഴയ രൂപത്തിലേക്ക് ഞാൻ തിരിച്ചുപോയേക്കാം. ഇപ്പോൾ എന്തായാലും അതിനെ കുറിച്ചൊന്നും ഞാൻ ആലോചിക്കുന്നില്ല

വോഗ് എഴുതിയത്:

1990ൽ പ്രസിദ്ധീകരിച്ച, ദി ബ്യൂട്ടി മിത്ത് എന്ന തന്റെ പുസ്തകത്തിൽ നവോമി വൂൾഫ് ഇങ്ങനെ എഴുതി- അടിസ്ഥാനപരമായി സ്ത്രീകളുടേതായതെന്തും, അവൾ പ്രകടിപ്പിക്കുന്ന ജീവിതം, അവളുടെ മാംസം, സ്തനങ്ങളുടെ ആകൃതി, പ്രസവശേഷമുള്ള മാറ്റം എല്ലാം വിരൂപമായി കണക്കാക്കപ്പെടും. ആ വൈരൂപ്യം ഒരു അസുഖമായി പിന്നീട് വ്യാഖ്യാനിക്കപ്പെടും. ഏകദേശം മുപ്പത് വർഷം പിന്നിടുന്നു ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടിട്ട്. എന്നാലതിൽ നവോമി എഴുതിയ വാചകങ്ങൾ പ്രസക്തി ഒട്ടും നഷ്ടപ്പെടാതെ ഇന്നും നമുക്ക് മുന്നിലുണ്ട് എന്നത് ഒരു ​ദൗർഭാഗ്യകരമായ വസ്തുതയാണ്.

മുംബൈയിൽ അംബാനിയുടെ ഗണേഷ് ചതുർഥി ആഘോഷങ്ങളിൽ കത്രീന കൈഫ് പ്രത്യക്ഷപ്പെട്ടതിന് രണ്ട് ആഴ്ച മാത്രം പിന്നിടുമ്പോഴാണ് 2026 എംടിവി വിഎംഎയിൽ ഒരു പ്രിന്റഡ് ബ്രായും പെൻസിൽ സ്കർട്ടുമണിഞ്ഞ് ആഫ്രിക്കൻ ഗായിക ടൈല എത്തിയത്. കത്രീനയ്ക്ക് വണ്ണം കൂടിയതിനായിരുന്നു വിമർശനങ്ങളെങ്കിൽ ഡയറ്റ് നോക്കാനായിരുന്നു ടൈലയ്ക്കുള്ള ഉപദേശം. ടൈലയെത്തിയ അതേ റെഡ് കാർപറ്റിൽ ലോറൻ ജോറെഗ്യൂയിയും ബോഡി ഷെയിമിംഗിന് വിധേയയായി.

എന്നാൽ, പ്രസവശേഷം വെറും മാസങ്ങൾ കൊണ്ട് വയർ കുറച്ച് വിക്ടോറിയ സീക്രട്ട് ഫാഷൻ ഷോയിലെത്തിയ എൽസ ഹോസ്കിനും ബാർബറ പാൽവിനും അഭിനന്ദനപ്രവാഹമായിരുന്നു. ഇവരെ പോലെ, വർക്ക് ഇൻ പ്രോഗ്രസിലാണ് താനെന്ന് കാണിക്കുന്ന എന്തെങ്കിലും കത്രീനയുടെ ഭാഗത്ത് നിന്നുണ്ടാകണം എന്നായിരിക്കും കളിയാക്കുന്നവർ പ്രതീക്ഷിക്കുന്നത്. തടി കുറച്ച്, പഴയ ആ ഫിഗർ തിരിച്ചുപിടിക്കുന്നത് വരെ കത്രീന പൊതുമധ്യത്തിൽ നിന്ന് മാറി നിൽക്കുമെന്നും അവർ പ്രതീക്ഷിക്കുമായിരിക്കും. എന്നാൽ ഇതിനൊന്നും തന്നെ കിട്ടില്ല എന്ന നിലപാടാണ്, എട്ട് വർഷങ്ങൾക്കിപ്പുറം ഈയൊരു വേളയിൽ തന്നെ കത്രീനയെ കവർ ഷൂട്ടിന് തിരഞ്ഞെടുക്കാൻ ഞങ്ങൾക്ക് പ്രചോദനമായത്. പ്രസവശേഷം പൊതുരംഗത്ത് നിന്ന് തഴയപ്പെടുന്ന, അല്ലെങ്കിൽ സ്വയമേ ഉൾവലിയുന്ന സ്ത്രീകൾ കൂടുതലുള്ള സമൂഹത്തിൽ ഇനിയും ഇനിയും കത്രീനമാർ ഉണ്ടാകണം.

Summary

Katrina Kaif has spoken out about the body-shaming she experienced after childbirth, questioning society’s expectations for women to regain their pre-pregnancy bodies. The actor also opened up about embracing motherhood, prioritising fitness at her own pace and finding a balance between her personal life and professional commitments.

Madism Digital
madismdigital.com