

രാധിക ആപ്‌തെയുടെ തെലുങ്ക് സിനിമാ അനുഭവത്തെക്കുറിച്ചുള്ള പരാമർശം വിവാദമായതിന് പിന്നാലെ തന്റെ പ്രതികരണത്തിൽ വ്യക്തത വരുത്തി നടി കീർത്തി സുരേഷ്. രാധിക പറഞ്ഞ കാര്യം ആദ്യം തനിക്ക് പൂർണമായി മനസിലായിരുന്നില്ലെന്നും പിന്നീട് അതൊരു പ്രത്യേക സാമൂഹിക ആചാരത്തെക്കുറിച്ചുള്ള പരാമർശമാണെന്നാണ് കരുതുന്നതെന്നും കീർത്തി വ്യക്തമാക്കി. കേരളത്തിൽ അത്തരമൊരു വിവാഹരീതി നിലവിലില്ലെന്നും സ്വന്തം സംസ്കാരത്തെ ഒരിക്കലും താഴ്ത്തിക്കാണിക്കില്ലെന്നും താരം കൂട്ടിച്ചേർത്തു.
നെറ്റ്ഫ്ലിക്സ് സീരീസായ 'അക്ക'യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സൂം ചാനലിന് നൽകിയ അഭിമുഖത്തിലാണ് രാധിക ആപ്‌തെ തന്റെ പഴയ തെലുങ്ക് സിനിമയിലെ അനുഭവം പങ്കുവെച്ചത്. ചിത്രത്തിൽ അമ്മാവനെ വിവാഹം കഴിക്കുന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കേണ്ടിവന്നതെന്നും തന്നേക്കാൾ ഏറെ പ്രായമുള്ള നടനൊപ്പം പ്രണയരംഗങ്ങളിൽ അഭിനയിക്കേണ്ടിവന്നതായും രാധിക വെളിപ്പെടുത്തിയിരുന്നു. സിനിമയിലെ ചില സാഹചര്യങ്ങളോടും കഥാപാത്രത്തിന്റെ പശ്ചാത്തലത്തോടും തനിക്ക് വലിയ ബുദ്ധിമുട്ട് തോന്നിയതായും അവർ സൂചിപ്പിച്ചു. എന്നാൽ ചിത്രത്തിന്റെ പേര് അഭിമുഖത്തിൽ താരം വെളിപ്പെടുത്തിയിരുന്നില്ല.
ഈ സംഭാഷണത്തിനിടെ സമീപത്തുണ്ടായിരുന്ന കീർത്തി സുരേഷ്, അമ്മാവനെ വിവാഹം കഴിക്കുന്ന രീതി തമിഴ്, തെലുങ്ക് സംസ്കാരങ്ങളിൽ ചിലയിടങ്ങളിൽ നിലനിൽക്കുന്ന ഒന്നാണെന്ന് പ്രതികരിച്ചിരുന്നു. എന്നാൽ രാധികയുടെ അനുഭവത്തോടുള്ള കീർത്തിയുടെ പ്രതികരണവും ചിരിയും പിന്നീട് സോഷ്യൽ മീഡിയയിൽ ചർച്ചയായി. ഒരു വ്യക്തി പങ്കുവെച്ച സിനിമാ അനുഭവത്തോട് സഹതാപം പ്രകടിപ്പിക്കുന്നതിന് പകരം അതിനെ ഒരു സാംസ്കാരിക രീതിയായി വിശദീകരിച്ചതിനെതിരെ ചിലർ വിമർശനവുമായി രംഗത്തെത്തി.
ഇതിനിടെയാണ് തന്റെ നിലപാട് വിശദീകരിച്ച് കീർത്തി വീണ്ടും രംഗത്തെത്തിയത്. പുതിയ ചിത്രമായ 'സത്യവാൻ സാവിത്രി'യുടെ പ്രമോഷനുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലാണ് പഴയ അഭിമുഖത്തെക്കുറിച്ച് താരത്തോട് ചോദ്യം ഉയർന്നത്. രാധികയുടെ പരാമർശം കേട്ടപ്പോൾ ആദ്യം അതിന്റെ അർഥം പൂർണമായി മനസിലായിരുന്നില്ലെന്നും പിന്നീട് അവർ ഉദ്ദേശിച്ചത് ഒരു പ്രത്യേക സംസ്കാരത്തെയും ആചാരത്തെയുമാണെന്ന് തിരിച്ചറിഞ്ഞെന്നും കീർത്തി പറഞ്ഞു. തമിഴ്നാട്ടിലെയും ആന്ധ്രാപ്രദേശിലെയും ചില സമൂഹങ്ങളിൽ ഇത്തരം വിവാഹരീതികൾ ഉണ്ടായിരുന്നുവെന്ന വിവരം മാത്രമാണ് താൻ പങ്കുവെച്ചതെന്നും വ്യക്തമാക്കി.
കേരളത്തിൽ ഈ രീതി പിന്തുടരുന്നില്ലെന്നും കർണാടകയിലെ ആചാരങ്ങളെക്കുറിച്ച് കൃത്യമായ അറിവില്ലാത്തതിനാൽ അവയെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും താരം കൂട്ടിച്ചേർത്തു. 'നമ്മുടെ സംസ്കാരത്തെ ഞാൻ ഒരിക്കലും താഴ്ത്തിക്കാണിക്കില്ല' എന്നായിരുന്നു കീർത്തിയുടെ നിലപാട്. മറ്റുള്ളവരുടെ സംസ്കാരത്തെക്കുറിച്ച് സംസാരിക്കുമ്പോൾ സ്വന്തം നാട്ടിലെ ആചാരങ്ങളെ അപമാനിക്കുകയല്ല തന്റെ ഉദ്ദേശ്യമെന്നും വിശദീകരിച്ചു.
അതേസമയം, രാധിക ആപ്‌തെ പറഞ്ഞ ചിത്രത്തിന്റെ പേര് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ 2014-ൽ പുറത്തിറങ്ങിയ നന്ദമൂരി ബാലകൃഷ്ണ നായകനായ തെലുങ്ക് ചിത്രം 'ലെജൻഡ്' ആണിതെന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ശക്തമാണ്. ചിത്രത്തിൽ ബാലകൃഷ്ണയുടെ നായികയായി രാധിക എത്തിയിരുന്നു. സിനിമയെക്കുറിച്ച് മുമ്പ് രാധിക നടത്തിയ ചില പരാമർശങ്ങളും പഴയ അഭിമുഖങ്ങളും വീണ്ടും ചർച്ചയാകുന്നുണ്ട്.
മിഷ്കിൻ പ്രധാന വേഷത്തിലെത്തുന്ന കീർത്തിയുടെ പുതിയ ചിത്രം 'സത്യവാൻ സാവിത്രി' നവംബർ 20-ന് തമിഴിലും തെലുങ്കിലും തിയറ്ററുകളിലെത്താനിരിക്കുകയാണ്. ചിത്രത്തിന്റെ പ്രമോഷനുകൾക്കിടയിൽ ഉയർന്ന ഈ വിശദീകരണം വീണ്ടും സിനിമാ ലോകത്തെ ചർച്ചകളിൽ ഇടംപിടിച്ചിരിക്കുകയാണ്.
Keerthy Suresh has clarified her reaction to Radhika Apte's comments about her experience in Telugu cinema. Addressing the controversy during the promotions of Sathyavan Savithri, Keerthy explained that she initially misunderstood the remarks. She also clarified her comments on traditional marriage practices and stated that Kerala does not follow such customs.