കാസ്റ്റിങ് കൗച്ചിന് ലിംഗഭേദമില്ല; സിനിമയിലെ ചൂഷണങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് രമ്യ കൃഷ്ണൻ

സിനിമയിലെ പഴയകാല ദുരനുഭവങ്ങളും വെളിപ്പെടുത്തി രമ്യ കൃഷ്ണൻ
കാസ്റ്റിങ് കൗച്ചിന് ലിംഗഭേദമില്ല; സിനിമയിലെ ചൂഷണങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് രമ്യ കൃഷ്ണൻ
Published on: 

സിനിമാ മേഖലയിൽ കാസ്റ്റിങ് കൗച്ച് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും ഇത്തരം ചൂഷണങ്ങൾ സ്ത്രീകളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും തുറന്നുപറഞ്ഞ് നടി രമ്യ കൃഷ്ണൻ. ബലപ്രയോഗത്തിലൂടെയോ പരസ്പര സമ്മതത്തോടെയോ അല്ലെങ്കിൽ മറ്റ് സാഹചര്യങ്ങളിലൂടെയോ ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുണ്ടെന്നും സിനിമയ്ക്ക് പുറത്തും സമാനമായ ചൂഷണങ്ങൾ നടക്കുന്നുണ്ടെന്നും താരം ചൂണ്ടിക്കാട്ടി. 'റോ ടോക്സ് വിത്ത് വി.കെ' എന്ന പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു രമ്യ കൃഷ്ണൻ.

കാസ്റ്റിങ് കൗച്ച് എന്നത് സിനിമാ മേഖലയിൽ മാത്രം ഒതുങ്ങുന്ന ഒന്നായി കാണാനാകില്ലെന്നാണ് രമ്യയുടെ നിലപാട്. അമേരിക്ക പോലൊരു രാജ്യത്ത് പോലും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ താരം, എപ്സ്റ്റീൻ ഫയലുകളിലെ വെളിപ്പെടുത്തലുകളും പരാമർശിച്ചു. സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യവും മുന്നേറ്റവുമുള്ള സമൂഹങ്ങളിൽ പോലും ഇത്തരം ചൂഷണങ്ങൾ സംഭവിക്കുന്നുണ്ടെങ്കിൽ ഇന്ത്യയിൽ അത് നടക്കുന്നില്ലെന്ന് എങ്ങനെ പറയാനാകുമെന്നാണ് രമ്യയുടെ ചോദ്യം.

കാസ്റ്റിങ് കൗച്ചിന് ലിംഗഭേദമില്ല; സിനിമയിലെ ചൂഷണങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് രമ്യ കൃഷ്ണൻ
കൃഷ്ണ വംശിയുമായി വേർപിരിഞ്ഞോ? ; മറുപടിയുമായി രമ്യ കൃഷ്ണൻ

മുൻപും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇപ്പോഴും തുടരുന്നുണ്ടെന്നും ഭാവിയിലും ഇത് പൂർണമായി ഇല്ലാതാകുമെന്ന് പറയാനാകില്ലെന്നും രമ്യ കൃഷ്ണൻ അഭിപ്രായപ്പെടുന്നു. എന്നാൽ ഓരോ കാലഘട്ടത്തിലും ഇത്തരം അനുഭവങ്ങളുടെ സാഹചര്യങ്ങളിലും അതിനോടുള്ള സമീപനത്തിലും മാറ്റമുണ്ടാകാം. ഒരു വ്യക്തിക്ക് സമ്മതം മൂളാനോ നിരസിക്കാനോ അവസരം ലഭിച്ചിരുന്നോ എന്നതും നിർണായകമാണ്. സിനിമ ഒരു ഗ്ലാമർ തൊഴിൽമേഖലയായതിനാൽ ഇത്തരം സംഭവങ്ങൾ കൂടുതൽ ചർച്ച ചെയ്യപ്പെടുന്നുണ്ടെന്നും എന്നാൽ മറ്റ് തൊഴിൽ മേഖലകളിലും കുടുംബാന്തരീക്ഷങ്ങളിലും സ്ത്രീകൾ സമാനമായ അനുഭവങ്ങൾ നേരിടുന്നുണ്ടെന്നും രമ്യ കൂട്ടിച്ചേർത്തു. ലിംഗഭേദമില്ലാതെ എല്ലായിടത്തും ഇത്തരം ചൂഷണങ്ങൾ നടക്കുന്നുണ്ടെന്നും ആർക്കും അത് നിഷേധിക്കാനാകില്ലെന്നും താരം വ്യക്തമാക്കി.

കാസ്റ്റിങ് കൗച്ചിനെക്കുറിച്ചുള്ള നിലപാടിനൊപ്പം സിനിമയിലെ പഴയകാല ചിത്രീകരണ അനുഭവങ്ങളും രമ്യ പങ്കുവച്ചു. ഇന്നത്തെപ്പോലെ അടിസ്ഥാന സൗകര്യങ്ങൾ പോലും അന്നത്തെ സിനിമാ സെറ്റുകളിൽ ലഭ്യമായിരുന്നില്ല. സ്ത്രീകൾക്ക് വസ്ത്രം മാറാൻ സ്വകാര്യ ഇടങ്ങളോ ശുചിമുറികളോ കാരവനുകളോ ഉണ്ടായിരുന്നില്ല. പലപ്പോഴും അംബാസഡർ കാറുകളിൽ ഇരുന്നുകൊണ്ട് കുപ്പികളിൽ മൂത്രമൊഴിക്കേണ്ട സാഹചര്യം പോലും നടിമാർക്ക് ഉണ്ടായിരുന്നുവെന്നാണ് താരം വെളിപ്പെടുത്തിയത്.

ചിത്രീകരണത്തിനിടയിലെ സമയം ലാഭിക്കുന്നതിനായി പലപ്പോഴും സ്വന്തം മേക്കപ്പ് സ്വയം ചെയ്യേണ്ടിവന്നിരുന്നുവെന്നും രമ്യ ഓർത്തെടുത്തു. അന്നത്തെ സാഹചര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്നത്തെ സിനിമാ പ്രവർത്തകർ ഏറെ ഭാഗ്യവാന്മാരാണെന്നും മുൻതലമുറ അനുഭവിച്ച ബുദ്ധിമുട്ടുകളുടെ നാലിലൊന്ന് പോലും ഇന്നുള്ളവർക്ക് നേരിടേണ്ടിവരുന്നില്ലെന്നും രമ്യ അഭിപ്രായപ്പെട്ടു.

രജനികാന്തിനൊപ്പം 'ജയിലർ 2'വിലാണ് രമ്യ കൃഷ്ണൻ അവസാനമായി അഭിനയിച്ചത്. 'രാക', 'ശ്രീ ശ്രീ', 'പോക്കറ്റ് നോവൽ', 'തേര യാർ ഹൂം മേൻ' തുടങ്ങിയ ചിത്രങ്ങളും താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. സിനിമയിലെ ചൂഷണങ്ങളെക്കുറിച്ചും പഴയകാല ചിത്രീകരണ സാഹചര്യങ്ങളെക്കുറിച്ചുമുള്ള രമ്യയുടെ തുറന്നുപറച്ചിൽ വീണ്ടും ചർച്ചയായിരിക്കുകയാണ്.

Summary

Ramya Krishnan has spoken about the prevalence of casting couch in the film industry, stating that exploitation is not limited to any gender. In a podcast interview, she also recalled the difficult working conditions actresses faced in earlier years, including the lack of basic facilities and privacy on film sets.