

നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്ക്ക് ജന്മദിനാശംസകളുമായി നടി കീർത്തി സുരേഷ്. മുഖ്യമന്ത്രിയായതിന് ശേഷം വിജയ്ക്കൊപ്പമെടുത്ത ചിത്രങ്ങൾ പങ്കുവച്ചാണ് കീർത്തി ഫേസ്ബുക്കിലൂടെ ആശംസയറിയിച്ചത്. എല്ലാ വർഷത്തേതിൽ നിന്നും വ്യത്യസ്തമാണ് ഈ പിറന്നാളെന്നാണ് കീർത്തിയുടെ കുറിപ്പ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
വർഷങ്ങളായി, നിങ്ങളുടെ പിറന്നാളെന്നാൽ ഒരു പുതിയ സിനിമയുടെ പ്രഖ്യാപനത്തിനോ ഫസ്റ്റ് ലുക്കിനോ, ടീസറിനോ ടെയ്ലറിനോ ഒക്കെ വേണ്ടിയുള്ള കാത്തിരിപ്പ് എന്നായിരുന്നു അർഥം. അതൊരു ശീലമായിരുന്നു ഞങ്ങൾക്കൊക്കെ.
പക്ഷേ ഈ വർഷം അല്പം വ്യത്യസ്തമാണ്. പതിറ്റാണ്ടുകൾക്കിടെ ഇതാദ്യമായി ഒരു പുതിയ കഥാപാത്രത്തിന്റെ പ്രഖ്യാപനമില്ല. പക്ഷേ അതിലേറെ മുഖ്യമായ ഒരു കാര്യത്തിന് ഞങ്ങളെല്ലാം സാക്ഷ്യം വഹിക്കുകയാണ്.
നിങ്ങൾ നിങ്ങളെ തന്നെ പുനരാവിഷ്കരിക്കുകയാണ് ഈ തവണ. അത് പക്ഷേ ഒരു ബിഗ് സ്ക്രീനിലെ ഹീറോ ആയിട്ടല്ല. ഉത്തരവാദിത്തവും സേവനമനോഭാവവും ഏറെ പുലർത്തേണ്ട ഒരു നേതാവെന്ന നിലയിലാണ്. ഈ പുതിയ യാത്രയും പുതിയ ലുക്കും ഒക്കെ ആഘോഷിക്കുകയാണ് ഞങ്ങൾ. എല്ലാ പിന്തുണയുമായി ഞങ്ങൾ ഇവിടെയുണ്ട്.
എൻ നെഞ്ചിൽ കുടിയിരിക്കും കമാൻഡർക്ക് ജന്മദിനാശംസകൾ..
സിനിമാ മേഖലയിലെയും രാഷ്ട്രീയ മേഖലയിലെയും നിരവധി പ്രമുഖരാണ് ഇന്നലെ വിജയ്ക്ക് ആശംസയറിയിച്ച് രംഗത്തെത്തിയത്. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് പിറന്നാളാശംസകൾ നേരുന്നുവെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എക്സ് പോസ്റ്റ്. തമിഴ്നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം പ്രസിഡന്റും സർവോപരി തന്റെ സഹോദരനുമായ വിജയ്ക്ക് പിറന്നാളാശംസകൾ നേരുന്നുവെന്ന് കമൽഹാസനും എക്സിൽ കുറിച്ചു.
മികച്ച ആരോഗ്യവും പ്രവർത്തനങ്ങളിൽ വിജയവും ആശംസിച്ച രാഹുൽ ഗാന്ധി, തമിഴ് ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഒപ്പമുണ്ടാകുമെന്നും വ്യക്തമാക്കി. സന്തോഷത്തോടെയും സമാധാനത്തോടെയും ജനങ്ങളെ സേവിക്കുന്നത് തുടരാൻ വിജയ്‍യ്ക്ക് ശക്തിയുണ്ടാകട്ടെയെന്ന് തമിഴ്നാട് മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനും ആശംസിച്ചു.
ആരോഗ്യവും സന്തോഷവും ആശംസിച്ചായിരുന്നു മോഹൻലാലിന്റെ പോസ്റ്റ്. വരാനിരിക്കുന്ന വർഷം അങ്ങേയറ്റം മനോഹരമാകട്ടെ എന്ന് മമ്മൂട്ടിയും കുറിച്ചു.
അതേസമയം മുഖ്യമന്ത്രിയായ ശേഷമുള്ള വിജയുടെ പിറന്നാൾ അതിഗംഭീരമായാണ് ടിവികെ ആഘോഷിച്ചത്. ഞായറാഴ്ച രാത്രി ശിവകാശിയിൽ വൻ വെടിക്കെട്ട് അരങ്ങേറി. മന്ത്രി കീർത്തന, നടൻ ജയ് എന്നിവരടക്കം വെടിക്കെട്ട് കാണാൻ എത്തിയിരുന്നു.
അതിനിടെ, വിജയ്‍യുടെ ജന്മദിനത്തിൽ പിറന്ന കുഞ്ഞുങ്ങൾക്ക് ടിവികെ നേതാവും മന്ത്രിയുമായ ശ്രീനാഥ് സ്വർണമോതിരവും സമ്മാനിച്ചു. തൂത്തുക്കുടിയിലെ സർക്കാർ ആശുപത്രിയിൽ തിങ്കളാഴ്ച രാവിലെ സന്ദർശനം നടത്തിയാണ് മന്ത്രി ആറ് കുട്ടികൾക്ക് സ്വർണമോതിരം സമ്മാനിച്ചത്.
Summary: Actress Keerthy Suresh wishes actor and Tamil Nadu Chief Minister Vijay on his birthday. Keerthy extended her wishes via Facebook by sharing pictures taken with Vijay after he became the Chief Minister. In her post, Keerthy noted that this birthday is different from all previous years.