കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത് എല്ലാവരുടെയും അവകാശമല്ലേ? ഇന്ത്യയിലെ ഈ മനുഷ്യര്‍ക്ക് അതിന് വില ജാതിയാണ്!

ഗുജറാത്തിലെ നെയ്ത്തുഗ്രാമങ്ങളില്‍ അതിമനോഹരമായ കോട്ടണ്‍ വസ്ത്രങ്ങള്‍ നെയ്യുന്ന ദലിത് തൊഴിലാളിക്ക് പോലും തങ്ങള്‍ നെയ്‌തെടുക്കുന്ന വസ്ത്രങ്ങള്‍ സ്വന്തമായി വാങ്ങാന്‍ ശേഷിയില്ല
കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത് എല്ലാവരുടെയും അവകാശമല്ലേ? ഇന്ത്യയിലെ ഈ മനുഷ്യര്‍ക്ക് അതിന് വില ജാതിയാണ്!
Published on

വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയുടെ അതിര്‍ത്തിയിലുള്ള ഷഹബാദ് ഡയറിയിലെ ഇടുങ്ങിയ തെരുവുകളിലൂടെ നടക്കുമ്പോള്‍ ശ്വാസം മുട്ടുന്നതുപോലെ തോന്നും. കോണ്‍ക്രീറ്റ് വീടുകള്‍ പരസ്പരം ഇരച്ചുകയറി നില്‍ക്കുന്ന ഒരു തടവറയാണത്. മരങ്ങള്‍ കാണാനേയില്ല. ഉച്ചയാകുമ്പോഴേക്കും ഇവിടുത്തെ വായുവിന് തീപിടിക്കും. പുറത്ത് താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടക്കുമ്പോള്‍, ജനലുകളില്ലാത്ത, ടിന്‍ ഷീറ്റുകള്‍ മേഞ്ഞ ആ കൊച്ചുമുറികള്‍ക്കുള്ളില്‍ ചൂട് 50 ഡിഗ്രിക്ക് മുകളിലായതുപോലെ അനുഭവപ്പെടും. ഈ പൊള്ളുന്ന ചൂടിലാണ് പൂനവും അവളുടെ നാത്തൂന്‍ റിതികയും ജീവിക്കുന്നത്. എന്നാല്‍ അവരെ വേവിച്ചെടുക്കുന്നത് അന്തരീക്ഷത്തിലെ ചൂട് മാത്രമല്ല, അവര്‍ ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ കൂടിയാണ്.

'ഈ തുണി വിയര്‍പ്പ് വലിച്ചെടുക്കില്ല. ശരീരം കൂടുതല്‍ വിയര്‍പ്പിക്കുകയേ ഉള്ളൂ,' തന്റെ സിന്തറ്റിക് സാല്‍വാര്‍ കമീസിലേക്കും ശരീരമാകെ ചുറ്റിയിരിക്കുന്ന ദുപ്പട്ടയിലേക്കും വിരല്‍ ചൂണ്ടി പൂനം പറയുന്നു. ഒരു പുരുഷനായിരുന്നെങ്കില്‍ ചൂട് കൂടുമ്പോള്‍ വസ്ത്രത്തിന്റെ നീളം കുറയ്ക്കുകയോ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുകയോ ചെയ്യാമായിരുന്നു. എന്നാല്‍ 'അടക്കവും ഒതുക്കവുമുള്ള സ്ത്രീ' എന്ന പരമ്പരാഗത ചട്ടക്കൂടുകള്‍ ഉള്ളതിനാല്‍ ഈ കടുത്ത വേനലിലും ഒന്നിലധികം ലെയറുകളുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ അവര്‍ നിര്‍ബന്ധിതരാണ്.

ആഗോളതാപനം മൂലം ഉഷ്ണതരംഗങ്ങള്‍ പതിവാകുമ്പോള്‍ ശരീരത്തിന് വായുസഞ്ചാരം നല്‍കുന്ന പരുത്തി (കോട്ടണ്‍), ലിനന്‍ വസ്ത്രങ്ങള്‍ ധരിക്കാനാണ് ആരോഗ്യ വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ പൂനത്തിനും റിതികയ്ക്കും കോട്ടണ്‍ വസ്ത്രങ്ങള്‍ ഒരു സ്വപ്നം മാത്രമാണ്. കാരണം വിപണിയില്‍ സിന്തറ്റിക് വസ്ത്രങ്ങളേക്കാള്‍ ഇരട്ടിയിലധികം വിലയാണ് കോട്ടണ്‍ വസ്ത്രങ്ങള്‍ക്ക് നല്‍കേണ്ടി വരുന്നത്.

കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത് എല്ലാവരുടെയും അവകാശമല്ലേ? ഇന്ത്യയിലെ ഈ മനുഷ്യര്‍ക്ക് അതിന് വില ജാതിയാണ്!
പുഴയെടുത്ത 52 ജീവനുകൾ, കാരുണ്യമായി പെയ്തിറങ്ങിയ ഒരു നാട്; കടലുണ്ടി ദുരന്തത്തിന് ഇന്ന് കാൽനൂറ്റാണ്ട്

ദാരിദ്ര്യം മാത്രമല്ല, ഇത് ജാതിയുടെ പ്രശ്‌നമാണ്

പൂനത്തിന്റെ കുടുംബം ദലിത് വിഭാഗത്തില്‍പ്പെട്ടവരാണ്. തലമുറകളായി വിവേചനത്തിന്റെ ഇരകള്‍. അവരുടെ അമ്മായിയപ്പന്‍ പാലേ റാം ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആളാണ്. എങ്കിലും ജാതിയുടെ പേരില്‍ മാത്രം അദ്ദേഹം തോട്ടിപ്പണിയിലേക്ക് തള്ളപ്പെട്ടു. അദ്ദേഹത്തിന്റെ അച്ഛനും മുത്തശ്ശനും ചെയ്ത അതേ പണി. ഇന്ന് പാലേ റാമിന്റെ മക്കളും അതേ ഓടകള്‍ വൃത്തിയാക്കുന്നു. മികച്ച ശമ്പളമുള്ള ജോലികളില്‍ നിന്നും മാന്യമായ ജീവിതസാഹചര്യങ്ങളില്‍ നിന്നും ഈ കുടുംബം തലമുറകളായി മാറ്റിനിര്‍ത്തപ്പെട്ടിരിക്കുന്നു. വിവേചനം ഭയന്ന് ഇവര്‍ സ്വന്തം ജാതിപ്പേര് പോലും പുറത്തുപറയാറില്ല.

ദി ഹിന്ദുവിന്റെ 2024-ലെ ഒരു വിശകലന റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ സെപ്റ്റിക് ടാങ്കുകളും ഓടകളും വൃത്തിയാക്കുന്ന തൊഴിലാളികളില്‍ 70 ശതമാനവും പിന്നോക്ക-ദലിത് സമുദായങ്ങളില്‍ നിന്നുള്ളവരാണ്. സുഖകരമായ വസ്ത്രങ്ങള്‍ ധരിക്കാനുള്ള അവകാശമില്ലായ്മ കേവലം ദാരിദ്ര്യം മാത്രമല്ല, അത് ജാതിയുടെ പ്രശ്‌നം കൂടിയാണെന്ന് 'സഫായി കരംചാരി ആന്ദോളന്‍' ദേശീയ കണ്‍വീനര്‍ ബേസ്വാഡ വില്‍സണ്‍ വ്യക്തമാക്കുന്നു. കേരളത്തിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയിലെ പ്രൊഫസറായ അഫ്രോസ് ഫരീദ് ഇതിന്റെ ചരിത്രപരമായ വശം ചൂണ്ടിക്കാണിക്കുന്നു. പണ്ട് കാലത്ത് താഴ്ന്ന ജാതിക്കാരെ അപമാനിക്കാന്‍ അവര്‍ക്ക് വസ്ത്രങ്ങള്‍ നിഷേധിക്കുകയായിരുന്നു പതിവെങ്കില്‍, ഇന്ന് കടുത്ത സാമ്പത്തിക ചൂഷണം വഴി നല്ല വസ്ത്രങ്ങള്‍ വാങ്ങാനുള്ള ശേഷി ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. വിപണിയില്‍ വെറും 300 രൂപയ്ക്ക് ശരീരത്തിന് ഒട്ടും വായുസഞ്ചാരം നല്‍കാത്ത സിന്തറ്റിക് വസ്ത്രങ്ങള്‍ ലഭിക്കുമ്പോള്‍, വിയര്‍പ്പ് വലിച്ചെടുക്കുന്ന ഒരു കോട്ടണ്‍ സാല്‍വാര്‍ സ്യൂട്ടിന് 1,000 രൂപയിലധികം വില നല്‍കേണ്ടി വരുന്നു.

ഇരട്ട വിവേചനം: ഉണ്ടാക്കുന്നവന് ധരിക്കാന്‍ യോഗമില്ല

ആന്റി-കാസ്റ്റ് ആക്ടിവിസ്റ്റും ഡിസൈനറുമായ ജയ് സഗതിയ പറയുന്നതനുസരിച്ച്, ഇന്ത്യയില്‍ ക്ലാസും (വര്‍ഗ്ഗം) ജാതിയും എപ്പോഴും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. വിപണി പോലും ഈ വിവേചനത്തിന് കൂട്ടുനില്‍ക്കുന്നുണ്ട്. ദലിത് കോളനികള്‍ക്ക് സമീപമുള്ള പ്രാദേശിക മാര്‍ക്കറ്റുകളില്‍ കോട്ടണ്‍ വസ്ത്രങ്ങള്‍ വില്‍ക്കാന്‍ വ്യാപാരികള്‍ തയ്യാറാകാറില്ല. ഇവര്‍ക്കിത് വാങ്ങാന്‍ ശേഷിയില്ല എന്ന മുന്‍വിധി അതിന് പിന്നിലുണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പരുത്തി ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഏകദേശം 50 ദശലക്ഷം ആളുകള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നുമുണ്ട്.

എന്നാല്‍ ഗുജറാത്തിലെ നെയ്ത്തുഗ്രാമങ്ങളില്‍ അതിമനോഹരമായ കോട്ടണ്‍ വസ്ത്രങ്ങള്‍ നെയ്യുന്ന ദലിത് തൊഴിലാളിക്ക് പോലും തങ്ങള്‍ നെയ്‌തെടുക്കുന്ന വസ്ത്രങ്ങള്‍ സ്വന്തമായി വാങ്ങാന്‍ ശേഷിയില്ല എന്നതാണ് നടുക്കുന്ന യാഥാര്‍ത്ഥ്യം. മറുവശത്ത്, കോട്ടണിന് പകരം പോളിസ്റ്റര്‍, അക്രിലിക് തുടങ്ങിയ മനുഷ്യനിര്‍മ്മിത സിന്തറ്റിക് തുണിത്തരങ്ങള്‍ പ്രോത്സാഹിപ്പിക്കാനാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായി 2021-ല്‍ 10,000 കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങളാണ് വന്‍കിട കമ്പനികള്‍ക്ക് പ്രഖ്യാപിച്ചത്. ഇതിന്റെ ഫലമായി നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ 62 ശതമാനവും കൈയടക്കി വെച്ചിരിക്കുന്നത് ഇത്തരം പോളിസ്റ്റര്‍ വസ്ത്രങ്ങളാണ്.

കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത് എല്ലാവരുടെയും അവകാശമല്ലേ? ഇന്ത്യയിലെ ഈ മനുഷ്യര്‍ക്ക് അതിന് വില ജാതിയാണ്!
'ഹിന്ദിയിൽ വിരഹഗാനങ്ങളെല്ലാം പാടുന്നത് പുരുഷന്മാർ, സ്ത്രീകളെ എന്തുകൊണ്ട് ഉൾപ്പെടുത്തുന്നില്ല?' സോന മൊഹപത്ര

അവഗണിക്കപ്പെടുന്ന ശരീരങ്ങള്‍

60 വയസ്സുകാരനായ പാലേ റാം കത്തുന്ന വെയിലില്‍ ഓടയിലെ മാലിന്യങ്ങള്‍ കോരിമാറ്റുമ്പോള്‍ സിന്തറ്റിക് വസ്ത്രങ്ങളാണ് ധരിക്കാറുള്ളത്. ജോലി സമയത്ത് ധരിക്കുന്ന ഈ സിന്തറ്റിക് വെസ്റ്റ് തന്നെ ശ്വാസം മുട്ടിക്കാറുണ്ടെന്നും ശരീരം പൊള്ളുമ്പോള്‍ മൃദുവായ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം പറയുന്നു. ഈ വേനലില്‍ മാത്രം കടുത്ത ചൂടേല്‍ക്കുന്നത് മൂലം അദ്ദേഹം രണ്ടുതവണ കുഴഞ്ഞുവീഴുകയും നിരന്തരം തലകറക്കവും വയറിളക്കവും അനുഭവപ്പെടുകയും ചെയ്തു. അദ്ദേഹത്തിന് ആകെയുള്ളത് രണ്ട് ജോടി പഴയ കോട്ടണ്‍ കുര്‍ത്തയാണ്. അത് മാറിമാറി ധരിക്കും. അടുത്തതൊരെണ്ണം എപ്പോള്‍ വാങ്ങാന്‍ പറ്റുമെന്ന് അദ്ദേഹത്തിന് അറിയില്ല.

ജാതീയമായ അയിത്തം കാരണം ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ നിന്ന് കുടിവെള്ളം ചോദിച്ചു വാങ്ങാന്‍ പോലും ഇത്തരം തൊഴിലാളികള്‍ക്ക് സാധിക്കാറില്ല. വീട്ടിലെ അവസ്ഥയും ദയനീയമാണ്. മാസങ്ങളോളം പട്ടിണി കിടന്ന് സമ്പാദിച്ച പൈസ കൊണ്ട് വാങ്ങിയ ഒരു സെക്കന്‍ഡ് ഹാന്‍ഡ് എയര്‍ കൂളര്‍ വീട്ടിലുണ്ട്. പക്ഷെ ജനലുകളില്ലാത്ത ആ കൊച്ചുമുറിയില്‍ അത് വായുവിലെ ഈര്‍പ്പം കൂട്ടുകയേ ഉള്ളൂ എന്ന് പൂനം പറയുന്നു. വസ്ത്രങ്ങള്‍ കഴുകാന്‍ പോലും ആവശ്യത്തിന് വെള്ളമില്ലാത്ത അവസ്ഥയിലാണ് ഈ കുടുംബങ്ങള്‍. കുടിക്കാന്‍ മാത്രമുള്ള വെള്ളമേ അവര്‍ക്ക് ലഭിക്കുന്നുള്ളൂ.

വസ്ത്രം വെറുമൊരു അലങ്കാരമല്ല, അതൊരു പ്രതിരോധമാണ്

ഉഷ്ണതരംഗങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എപ്പോഴും എയര്‍ കണ്ടീഷണറുകളിലും കൂളറുകളിലും ഒതുങ്ങുമ്പോള്‍, വസ്ത്രധാരണത്തെ ഒരു പ്രതിരോധ മാര്‍ഗ്ഗമായി ആരും കാണുന്നില്ലെന്ന് വിദഗ്ദ്ധര്‍ പറയുന്നു. തുണിത്തരങ്ങള്‍ വെറുമൊരു ഫാഷനല്ല, അത് 'റോട്ടി, കപ്ഡാ, മകാന്‍' എന്ന അടിസ്ഥാന ആവശ്യങ്ങളുടെ ഭാഗമാണ്. എന്നാല്‍ ശുദ്ധമായ കോട്ടണ്‍ വസ്ത്രങ്ങള്‍ക്ക് ഈടുനില്‍പ്പ് കുറവായതുകൊണ്ട് പോളിസ്റ്ററും കോട്ടണും ചേര്‍ന്ന കുറഞ്ഞ വിലയിലുള്ള 'ബ്ലെന്‍ഡഡ്' വസ്ത്രങ്ങള്‍ സാധാരണക്കാര്‍ക്കായി സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നിര്‍മ്മിക്കണമെന്നാണ് ഫാഷന്‍ രംഗത്തെ വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നത്.

റിതികയുടെ വീട്ടില്‍ അവളുടെ നാല് മാസം പ്രായമുള്ള കുഞ്ഞ് ചൂട് സഹിക്കാനാവാതെ ഉറക്കെക്കരയുകയാണ്. കൂളറിന് മുന്നില്‍ കിടത്തിയിട്ടും ആ കുഞ്ഞിന്റെ കരച്ചില്‍ മാറുന്നില്ല. റിതികയുടെ അമ്മ നാട്ടില്‍ നിന്ന് അയച്ചുകൊടുക്കുന്ന പഴയ കോട്ടണ്‍ തുണികളാണ് ആ കുഞ്ഞുങ്ങളെ ജീവനോടെ നിലനിര്‍ത്തുന്നത്. സിന്തറ്റിക് വസ്ത്രങ്ങള്‍ ഇട്ടുകൊടുത്താല്‍ കുട്ടികള്‍ ചൊറിഞ്ഞു കരയുകയും അവര്‍ക്ക് ഉറങ്ങാന്‍ പറ്റാതാവുകയും ചെയ്യും. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഈ കാലത്ത്, പ്രകൃതി ദുരന്തങ്ങള്‍ പോലും ജാതിയും സാമ്പത്തികവും നോക്കിയാണ് മനുഷ്യരെ വേട്ടയാടുന്നത് എന്നതിന്റെ പൊള്ളുന്ന തെളിവാണ് ഡല്‍ഹിയിലെ ഈ ചേരികള്‍. ഇവിടെ കോട്ടണ്‍ വസ്ത്രം എന്നത് ഫാഷനല്ല, ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടമാണ്.

Summary

In the densely packed lanes of Shahbad Dairy on the northwestern edge of Delhi, residents endure extreme heat conditions during the summer. With concrete houses built closely together, a lack of trees, and poor ventilation, temperatures inside small tin-roofed rooms often feel much hotter than the outside temperature, which regularly exceeds 40°C. Women like Poonam and her sister-in-law Ritika struggle not only with the oppressive heat but also with the burden of clothing and living conditions that make daily life even more challenging.

Madism Digital
madismdigital.com