റസൂൽ പൂക്കുട്ടിയ്ക്ക് ശേഷമാര്? അഴിച്ചുപണിക്കൊരുങ്ങി ചലച്ചിത്ര അക്കാദമി; സിനിമ - രാഷ്ട്രീയ ചർച്ചകൾ സജീവം

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് ജഗദീഷിന്റേയും സലിംകുമാറിന്റെയും പേരുകൾ
റസൂൽ പൂക്കുട്ടിയ്ക്ക് ശേഷമാര്? അഴിച്ചുപണിക്കൊരുങ്ങി ചലച്ചിത്ര അക്കാദമി; സിനിമ - രാഷ്ട്രീയ ചർച്ചകൾ സജീവം
Published on

കേരള ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനത്തേക്ക് ജഗദീഷ്, സലിംകുമാർ എന്നിവരുടെ പേരുകൾ പരിഗണനയിൽ. കോൺഗ്രസുമായി അടുത്ത ബന്ധം പുലർത്തുന്ന ചലച്ചിത്ര പ്രവർത്തകരുടെ പേരുകൾ പരിഗണിക്കുന്നതിന്റെ ഭാഗമായി പ്രൊഫഷണൽ കോൺഗ്രസ്‌ തിരുവനന്തപുരം ജില്ലാ പ്രസിഡന്റും സംവിധായകനും നിർമാതാവുമായ ദീപു കരുണാകരന്റെ പേരും ഉയരുന്നുണ്ട്.

നടൻ ജഗദീഷ് 2016 നിയമസഭ തിരഞ്ഞെടുപ്പിൽ കെ.ബി. ഗണേഷ് കുമാറിനെതിരെ പത്തനാപുരത്ത് മത്സരിച്ചിരുന്നു. എന്നാൽ നിലവിൽ സിനിമയുമായി ബന്ധപ്പെട്ട് തിരക്കുകൾ ഉണ്ടെന്നും അതിനാൽ മറ്റു സ്ഥാനങ്ങൾ നിർവ്വഹിക്കാൻ സാധ്യമല്ലെന്നുമാണ് ജഗദീഷിന്റെ നിലപാട്. തന്റെ തീരുമാനം സംസ്കാരിക വകുപ്പിനെ ജഗദീഷ് അറിയിക്കുകയും ചെയ്തതായാണ് വിവരം. ഈ വർഷത്തെ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് സജീവ പ്രചാരണ രംഗത്തുണ്ടായിരുന്ന വ്യക്തിയാണ്‌ നടൻ സലിംകുമാർ. കോൺഗ്രസ് അനുഭാവി എന്ന നിലയ്ക്ക് ചെയർമാൻ നറുക്ക് സലിംകുമാറിന് വീഴാനുള്ള സാധ്യതകളെയും തള്ളിക്കളയാനാവില്ല.

റസൂൽ പൂക്കുട്ടിയ്ക്ക് ശേഷമാര്? അഴിച്ചുപണിക്കൊരുങ്ങി ചലച്ചിത്ര അക്കാദമി; സിനിമ - രാഷ്ട്രീയ ചർച്ചകൾ സജീവം
'നിന്റെയീ എറണാകുളം സിറ്റി നിൽക്കുന്നത്, കമ്മട്ടിപ്പാടത്തിന്റെ ചതുപ്പിലാണ്'; ഗംഗയും കൃഷ്ണനും തിരശ്ശീലയില്‍ തകർത്താടിയിട്ട് പത്ത് വർഷങ്ങള്‍

എൽഡിഎഫ് ഭരണകാലത്ത് അക്കാദമിയുടെ വൈസ് ചെയർമാനായും പിന്നീട് സംവിധായകൻ രഞ്ജിത്തിന്റെ രാജിക്കുശേഷം ചെയർമാന്റെ ചുമതല വഹിക്കുകയും ചെയ്തിരുന്ന നടൻ പ്രേംകുമാറിന്റെ പേരും ചർച്ചകളിൽ ഉയരുന്നുണ്ട്. ഔഗ്യോഗിക അറിയിപ്പില്ലാതെ സ്ഥാനത്തുനിന്ന് നീക്കം ചെയ്തുവെന്ന് ആരോപിച്ച് ഇടതുപക്ഷവുമായുള്ള സഹകരണം അവസാനിപ്പിച്ച് കോൺഗ്രസിനൊപ്പം നില്ക്കാൻ തീരുമാനിച്ച വ്യക്തി കൂടിയാണ് പ്രേംകുമാർ.

ഭരണമാറ്റത്തെ തുടർന്നാണ് നിലവിലെ ചെയർമാൻ ആയിരുന്ന റസൂൽ പൂക്കുട്ടി സ്ഥാനത്തുനിന്നും രാജിവെച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു ഓസ്കാർ ജേതാവായ റസൂൽ പൂക്കുട്ടിയെ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായി ഇടതുപക്ഷ സർക്കാർ നിയമിച്ചത്. ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തിൽ ചീഫ് സെക്രട്ടറിക്ക് രാജി നൽകുകയായിരുന്നു.

English Summary: Actors Jagadish and Salim Kumar are being considered for the Kerala State Chalachitra Academy chairman post, with filmmaker Deepu Karunakaran and actor Prem Kumar also in discussions. Jagadish has reportedly declined due to professional commitments, while Salim Kumar remains a strong contender amid political considerations following Rasool Pookutty’s resignation.

Madism Digital
madismdigital.com