

ഏറെ വിവാദങ്ങൾക്ക് വഴിവെച്ച 'ദി കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' എന്ന ചിത്രത്തിന്റെ ടീസർ താൽക്കാലികമായി പിൻവലിക്കാൻ ഹൈക്കോടതി നിർദ്ദേശം. ചിത്രത്തിലെ കേരളത്തിനെതിരായ പരാമർശങ്ങളും ദൃശ്യങ്ങളും മതസ്പർദ്ധയ്ക്ക് ഇടയാക്കുന്നതാണെന്നാരോപിച്ച് സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉൾപ്പെട്ട ബെഞ്ചാണ് വിഷയത്തിൽ ഇടക്കാല നിർദേശം നൽകിയിരിക്കുന്നത്.
കേസിൽ അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ്, നാളെ വൈകീട്ട് ചിത്രം കോടതി നേരിട്ട് കാണുമെന്ന് ബെഞ്ച് അറിയിച്ചു. അതിന് ശേഷമായിരിക്കും പ്രദർശനാനുമതി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ നിലപാട് അറിയിക്കുക.
ടീസർ സെൻസർ ബോർഡിന്റെ മുൻകൂർ അനുമതിയില്ലാതെ പുറത്തിറക്കിയതാണെന്ന് ബന്ധപ്പെട്ട അധികാരികൾ കോടതിയിൽ വാദിച്ചു. ടീസറിലെ ചില രംഗങ്ങൾ പ്രകോപനപരമാണെന്ന വാദം കോടതി പ്രാഥമികമായി അംഗീകരിക്കുകയും, വിഷയത്തിൽ കൂടുതൽ പരിശോധനയ്ക്കായി ടീസർ പിൻവലിക്കാൻ നിർമാതാക്കളോട് ആവശ്യപ്പെടുകയും ചെയ്തു.
കണ്ണൂർ ജില്ലയിലെ ചിറ്റാരിപ്പറമ്പ് സ്വദേശിയാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ചിത്രത്തിൽ കേരളത്തെയും ഒരു പ്രത്യേക മതവിഭാഗത്തെയും തെറ്റായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്നതാണ് ഹർജിയിലെ പ്രധാന ആരോപണം. നിർബന്ധിത മതപരിവർത്തനം, ഭക്ഷണരീതികളെ അടിസ്ഥാനമാക്കിയുള്ള പരാമർശങ്ങൾ, എന്നിവ വിദ്വേഷം വളർത്തുന്ന രീതിയിലാണെന്നും ഹർജിയിൽ പറയുന്നു.
സാധാരണയായി സിനിമ സംബന്ധമായ ഹർജികളിൽ കോടതി ഇടപെടാറില്ലെന്ന നിരീക്ഷണവും ബെഞ്ച് പങ്കുവെച്ചു. എന്നിരുന്നാലും, ചിത്രത്തിന്റെ പേരും പ്രമേയവും പൊതുസമൂഹത്തിൽ ആശങ്ക ഉയർത്തുന്ന സാഹചര്യത്തിലാണ് ഇടക്കാല ഇടപെടൽ ആവശ്യമെന്ന നിലപാട് കോടതി സ്വീകരിച്ചിരിക്കുന്നത്. ഒപ്പം, കേരളത്തിലെ ജനങ്ങളെ ഒരുമിച്ച് ആക്ഷേപിക്കുന്ന തരത്തിലുള്ള അവതരണം അനുവദിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, ചിത്രത്തിൽ പ്രതിപാദിക്കുന്ന സംഭവങ്ങൾ യഥാർത്ഥ സംഭവങ്ങളുമായി ബന്ധപ്പെട്ടതാണെന്നാണ് നിർമ്മാതാക്കളുടെയും സംവിധായകന്റെയും വാദം. തങ്ങൾ ഉന്നയിക്കുന്ന കാര്യങ്ങൾ അസത്യമായതായി തെളിയിക്കപ്പെടുകയാണെങ്കിൽ തുടർ നടപടികൾ പരിഗണിക്കാൻ തയ്യാറാണെന്നും അവർ കോടതിയെ അറിയിച്ചു. ചിത്രം മുഴുവൻ കണ്ടശേഷം, ഇരുപക്ഷത്തിന്റെയും വാദങ്ങൾ വിശദമായി കേട്ടു തീരുമാനമെടുക്കുമെന്നാണ് കോടതിയുടെ നിലപാട്. കേസിലെ തുടർവിവരങ്ങൾ അടുത്ത ദിവസങ്ങളിൽ വ്യക്തമാകും.
കഴിഞ്ഞ ദിവസമാണ് വിവാദമായ 'ദി കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗത്തിന്റെ ടീസർ പുറത്തുവിട്ടത്. 'ദി കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. 2026 ഫെബ്രുവരി 27-ന് തിയേറ്ററുകളിൽ എത്തും. വിപുൽ അമൃത് ലാൽ ഷായും സൺഷൈൻ പിക്ചേഴ്സ് ലിമിറ്റഡും ചേർന്നാണ് നിർമാണം.
English Summary: The High Court has ordered the temporary withdrawal of the Kerala Story 2 teaser over allegations that certain scenes may incite communal tension. The court will watch the film before deciding on further action.