

വിവാദ ചിത്രം 'ദി കേരള സ്റ്റോറി'യുടെ തുടർച്ചയായ 'ദി കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' (Beyond The Kerala Story) എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതിന് ചിത്രത്തിന്‍റെ ഉള്ളടക്കത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും സംസ്ഥാനത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ടുള്ള പ്രചാരണമാണിതെന്ന് അദ്ദേഹം ആരോപിച്ചു.
ആദ്യഭാഗം നുണകളും വിദ്വേഷവും കൊണ്ട് നിറഞ്ഞതായിരുന്നുവെന്നും, സംഘപരിവാർ കേന്ദ്രങ്ങൾ ഇത്തരം വ്യാജ പ്രചാരണങ്ങൾ ഏറ്റെടുത്ത് പ്രചരിപ്പിക്കുകയാണെന്നുമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പരസ്പര സമ്മതത്തോടെയുള്ള വിവാഹങ്ങളെപ്പോലും വർഗീയതയുടെയും നിർബന്ധിത മതപരിവർത്തനത്തിന്റെയും നിറം നൽകി ചിത്രീകരിക്കുന്നത് തെറ്റായ പ്രചാരണമാണെന്ന് മിഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ വർഗീയ കലാപങ്ങൾ ഇല്ലാത്തതും എല്ലാ മതവിശ്വാസികളും പരസ്പര ബഹുമാനത്തോടെ ജീവിക്കുന്നതുമായ സാഹചര്യത്തെ ശത്രുതയോടെയാണ് ചില ശക്തികൾ കാണുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. നമ്മുടെ നാടിന്റെ ശാന്തിയിലും സമാധാനത്തിലും വിഷം കലക്കാൻ ശ്രമിക്കുന്നവരാണ് യഥാർത്ഥ ശത്രുക്കളെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
'ബീഫ്' എന്ന പേരുള്ള ഒരു ചിത്രത്തിന് ചലച്ചിത്ര മേളയിൽ പ്രദർശനാനുമതി നിഷേധിച്ച കാലത്ത് സമൂഹത്തിൽ ഭിന്നത വളർത്തുന്ന ഇത്തരം 'വിഷസൃഷ്ടികൾ'ക്ക് എങ്ങനെ അനുമതി ലഭിക്കുന്നുവെന്ന് മുഖ്യമന്ത്രി ചോദ്യം ഉയർത്തി. കേരളത്തിന്റെ മതേതര അടിത്തറ വ്യാജ പ്രചാരണങ്ങൾ കൊണ്ട് തകരില്ലെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം എല്ലാവരുടേതുമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
വിദ്വേഷ പ്രചാരണങ്ങളെ അവജ്ഞയോടെ തള്ളിക്കളയണമെന്നും, വസ്തുതകളെയും മതനിരപേക്ഷതയുടെയും സാഹോദര്യത്തിന്റെയും മൂല്യങ്ങളെയും ശക്തമായി ഉയർത്തിപ്പിടിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. "കേരളം നമ്മുടെ അഭിമാനമാണ്. നുണകൾക്കെതിരെ സത്യം ജയിക്കണം. അതിനായി നാം ഒരുമിച്ച് നിലകൊള്ളണം," എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതോടെ സമൂഹ മാധ്യമങ്ങളിലും രാഷ്ട്രീയ വേദികളിലും വിവാദങ്ങൾ ശക്തമായിരിക്കുകയാണ്.
English Summary: Pinarayi Vijayan strongly criticized the trailer of The Kerala Story 2: Goes Beyond, alleging it spreads hate and misinformation against Kerala and its secular values.