

അന്തരിച്ച നടി ശ്രീദേവി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 2017ലെ ത്രില്ലർ ചിത്രം 'മോം'ന്റെ രണ്ടാം ഭാഗത്തിൽ നായികയാകുന്നത് ഖുഷി കപൂർ. ഖുഷിയുടെ പിതാവും നിർമാതാവുമായ ബോണി കപൂർ നിർമിക്കുന്ന ചിത്രം 2026 നവംബറിൽ തിയറ്ററുകളിലെത്തും. നോയിഡയിലും ഗ്രീസിലുമായി ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയായതായാണ് റിപ്പോർട്ടുകൾ. ശ്രീദേവിയുടെ അവസാന ചിത്രവും കരിയറിലെ ഏറ്റവും പ്രശംസിക്കപ്പെട്ട പ്രകടനങ്ങളിലൊന്നുമായിരുന്നു 'മോം'. അതുകൊണ്ടുതന്നെ, ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ മകൾ ഖുഷി നായികയാകുന്നതും ശ്രദ്ധേയമാണ്.
ശ്രീദേവിയുടെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നിന്റെ പാരമ്പര്യം തുടരുന്ന തരത്തിലാണ് 'മോം 2'ന്റെ തിരകഥ തയ്യാറാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. സോയ അക്തർ സംവിധാനം ചെയ്ത 'ദി ആർച്ചീസ്' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ ഖുഷി കപൂറിന്റെ തുടർന്നിറങ്ങിയ 'നാദാനിയാൻ', 'ലവേയാപ' എന്നീ ചിത്രങ്ങൾക്ക് ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടാനായിരുന്നില്ല. ഈ സാഹചര്യത്തിൽ, ഖുഷിയുടെ അഭിനയജീവിതത്തിൽ നിർണായക വഴിത്തിരിവാകാൻ സാധ്യതയുള്ള ചിത്രമായാണ് 'മോം 2' വിലയിരുത്തപ്പെടുന്നത്.
ചിത്രത്തിന്റെ ആദ്യഘട്ട ദൃശ്യങ്ങൾ കണ്ടവർ ഖുഷി കപൂറിന്റെ അഭിനയത്തിലെ പുരോഗതിയെ പ്രശംസിക്കുന്നുണ്ട്. ത്രില്ലറിന് ആവശ്യമായ വൈകാരിക തീവ്രത സ്വാഭാവികമായി അവതരിപ്പിച്ച ഖുഷി, ശ്രീദേവിയുടെ അഭിനയശൈലിയെ ഓർമിപ്പിക്കുന്ന ചില സൂക്ഷ്മ ഭാവങ്ങളും കഥാപാത്രത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. താരത്തിന്റെ പ്രകടനം കൂടുതൽ പക്വതയാർന്ന സ്‌ക്രീൻ പ്രസൻസ് പ്രകടമാക്കുന്നതായും, ഇത് ഖുഷിയുടെ കരിയറിലെ പുതിയ തുടക്കമാകാമെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.
നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, 'മോം 2'യിൽ കരിഷ്മ ടന്നയും ജിഷു സെൻഗുപ്തയും നിർണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഗിരീഷ് കോഹ്‌ലിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. അതേസമയം, ഒരു മാസം മുൻപ് ചിത്രത്തിന്റെ ചില പ്രധാന രംഗങ്ങൾ വീണ്ടും ചിത്രീകരിക്കാൻ തീരുമാനിച്ചിരുന്നു. ഖുഷി കപൂറിന്റെ ചില വൈകാരിക രംഗങ്ങൾ പ്രതീക്ഷിച്ച നിലവാരത്തിലെത്തിയില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് ചിത്രത്തിന്റെ ജോലികൾ താൽക്കാലികമായി നിർത്തിവെച്ച് റീഷൂട്ടിലേക്ക് കടന്നതെന്നത്.
'മോം 2' ശ്രീദേവിയുടെ സിനിമാ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകുന്ന ചിത്രമായതിനാൽ തന്നെ, അതിനോട് നീതി പുലർത്താനുള്ള വലിയ ഉത്തരവാദിത്തം അണിയറപ്രവർത്തകർക്കും അഭിനേതാക്കൾക്കും ഉണ്ട്. ഇതേ കാരണത്താലാണ് ശ്രീദേവിയുടെ മകൾ ജാൻവി കപൂർ അമ്മയുടെ ചിത്രങ്ങളുടെ റീമേക്കുകളിൽ അഭിനയിക്കാൻ തയ്യാറാകാത്തതെന്നും റിപ്പോർട്ടുകൾ പറയുന്നു. "അത് വളരെ വലിയ റിസ്കാണ്. ഇപ്പോൾ തന്നെ എല്ലാ കാര്യങ്ങളിലും എന്നെ അമ്മയുമായി താരതമ്യം ചെയ്യാറുണ്ട്. അമ്മയുടെ ഏതെങ്കിലും ചിത്രത്തിന്റെ റീമേക്കിൽ അഭിനയിച്ചാൽ കൂടുതൽ വിമർശനം നേരിടേണ്ടിവരും," എന്നാണ് ജാൻവി മാധ്യമങ്ങളോട് പറഞ്ഞത്.
2017ൽ പുറത്തിറങ്ങിയ 'മോം' സംവിധാനം ചെയ്തത് രവി ഉദ്യവാർ ആയിരുന്നു. 2018 ഫെബ്രുവരിയിൽ ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം, ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം മരണാനന്തര ബഹുമതിയായി ശ്രീദേവിക്ക് ലഭിച്ചു.
Khushi Kapoor will headline Mom 2, the sequel to Sridevi's acclaimed 2017 thriller Mom. Produced by Boney Kapoor and directed by Girish Kohli, the film is expected to release in November 2026. The sequel is seen as a crucial career milestone for Khushi while carrying forward Sridevi's cinematic legacy.