

ബോളിവുഡിലെ ഏറ്റവും ജനപ്രിയമായ ആക്ഷൻ ഫ്രാഞ്ചൈസികളിലൊന്നായ 'ധൂം 4'-ൽ രൺബീർ കപൂർ നായകനാകുമെന്ന അഭ്യൂഹങ്ങൾ അവസാനച്ചു. ഏറെ നാളായി പ്രചരിച്ചിരുന്ന റിപ്പോർട്ടുകൾ തള്ളിക്കൊണ്ട്, താൻ 'ധൂം 4'ന്റെ ഭാഗമല്ലെന്ന് രൺബീർ കപൂർ തന്നെ വ്യക്തമാക്കി. സാൻ ഡിയാഗോ കോമിക്ക്-കോണിൽ 'രാമായണ'യുടെ പ്രമോഷനിടെയാണ് രൺബീർ ഇക്കാര്യം പറഞ്ഞത്.
നിലവിൽ 'ധൂം 4'നെക്കുറിച്ചുള്ള വാർത്തകളിൽ യാതൊരു സത്യവുമില്ലെന്നും, ഇപ്പോൾ തന്റെ മുഴുവൻ ശ്രദ്ധയും നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണ'യിലും സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് ആൻഡ് വാർ' എന്ന ചിത്രത്തിലുമാണെന്നും താരം പറഞ്ഞു. 'ലവ് ആൻഡ് വാർ' 2027 തുടക്കത്തിലായിരിക്കും തിയേറ്ററുകളിലെത്തുകയെന്നും രൺബീർ സ്ഥിരീകരിച്ചു. ആലിയ ഭട്ടും വിക്കി കൗശലും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം, പ്രഖ്യാപനം മുതൽ തന്നെ ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതീക്ഷയുള്ള പ്രോജക്ടുകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.
ബോളിവുഡിലെ മറ്റൊരു പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നായി ഒരുങ്ങുന്ന 'രാമായണ'യുടെ പ്രമോഷൻ തിരക്കിലാണ് നടൻ രൺബീർ കപൂർ. സാൻ ഡിയാഗോ കോമിക്-കോൺ വേദിയിൽ യഷിനൊപ്പമാണ് താരം ചിത്രത്തെക്കുറിച്ച് സംസാരിക്കാൻ എത്തിയത്. ശ്രീരാമനായി രൺബീർ കപൂറും രാവണനായി യഷും വേഷമിടുന്ന ചിത്രത്തിൽ സീതയായി സായ് പല്ലവിയും ഹനുമാനായി സണ്ണി ഡിയോളും ജടായുവായി അനുപം ഖേറും എത്തുന്നുണ്ട്.
രണ്ട് ഭാഗങ്ങളായാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആദ്യഭാഗം 2026-ലെ ദീപാവലി റിലീസായും രണ്ടാം ഭാഗം 2027-ലെ ദീപാവലി റിലീസായും തിയേറ്ററുകളിലെത്തും. അടുത്തിടെ ചിത്രത്തെക്കുറിച്ച് സംസാരിക്കവെ, ശ്രീരാമന്റെ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നാണെന്ന് രൺബീർ കപൂർ പറഞ്ഞിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ഗ്ലോബൽ ട്രെയിലർ ലോഞ്ചും വലിയ ചർച്ചയായതിനിടെയാണ്, ഏറെ നാളായി പ്രചരിച്ചിരുന്ന 'ധൂം 4' അഭ്യൂഹങ്ങൾക്കും, തന്റെ വരാനിരിക്കുന്ന മറ്റു സിനിമകളെ സംബന്ധിച്ച ചോദ്യങ്ങൾക്കും രൺബീർ വ്യക്തത വരുത്തിയത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി 'ധൂം 4'-ൽ രൺബീർ കപൂർ നായകനാകുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സിനിമാ ലോകത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ ഇതുവരെ 'ധൂം 4'നെ കുറിച്ച് യഷ് രാജ് ഫിലിംസ് ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. ചിത്രത്തിന്റെ സംവിധായകൻ, താരനിര, കഥ, റിലീസ് തീയതി എന്നിവ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. ഇതിനിടെയാണ് താൻ 'ധൂം 4'ന്റെ ഭാഗമല്ലെന്ന് രൺബീർ കപൂർ തന്നെ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ വർഷങ്ങളായി പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്ക് താൽക്കാലിക വിരാമമായിരിക്കുകയാണ്.
Ranbir Kapoor has officially denied reports linking him to Dhoom 4, ending years of speculation. Speaking during the Ramayana promotion at San Diego Comic-Con, the actor said he is currently focused on Ramayana and Love and War, confirming the latter is scheduled for an early 2027 theatrical release.