

തമിഴ്നാട് മുഖ്യമന്ത്രി വിജയ് നായകനായ ജനനായകന്റെ പ്രദർശനം ചെന്നൈയിലെ ചില തിയറ്ററുകളിൽ താൽക്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്ടുകൾ. എ (A) സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ പ്രദർശനത്തിന് കുട്ടികളുമായി കുടുംബങ്ങൾ എത്തിയതോടെയാണ് തിയറ്റർ അധികൃതരും പൊലീസും ഇടപെട്ട് ഷോ റദ്ദാക്കിയത്.
ചെന്നൈയിലെ അമ്പ മാളിലെ പിവിആർ തിയറ്ററിൽ രാവിലെ 9:25-ന്റെ ഷോ ആരംഭിച്ച് പത്ത് മിനിറ്റിനുള്ളിൽ പൊലീസ് ഉദ്യോഗസ്ഥർ തിയറ്ററിലെത്തി പ്രദർശനം നിർത്തിവെച്ചതായാണ് ദൃക്സാക്ഷികൾ പറയുന്നത്. കുട്ടികളുമായി എത്തിയവരോട് തിയറ്റർ വിട്ടുപോകാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഏകദേശം ഒരു മണിക്കൂറോളം പ്രദർശനം തടസ്സപ്പെട്ടു. അതിനു ശേഷം ചില പ്രേക്ഷകർക്ക് ടിക്കറ്റ് തുക തിരികെ നൽകി ഷോ പുനരാരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) 'ജനനായകൻ' ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകിയിരുന്നു. അതിനാൽ 18 വയസ്സിന് താഴെയുള്ളവർക്ക് ചിത്രം തിയറ്ററുകളിൽ കാണാൻ നിയമപരമായി അനുമതിയില്ല. പിവിആർ ഗ്രാൻഡ് മാൾ ഉൾപ്പെടെയുള്ള ചെന്നൈയിലെ മറ്റ് മൾട്ടിപ്ലെക്സുകളിലും സമാന സാഹചര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എ സർട്ടിഫിക്കറ്റ് ചിത്രങ്ങളുമായി ബന്ധപ്പെട്ട പ്രായപരിധി ചട്ടങ്ങൾ കൂടുതൽ കർശനമായി നടപ്പാക്കുന്നതിന്റെ വ്യക്തമായ സൂചനയായാണ് ഈ സംഭവങ്ങൾ വിലയിരുത്തപ്പെടുന്നത്.
ദളപതി വിജയിയുടെ അവസാന ചിത്രമായ 'ജനനായകന്‍' ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയാണ്. ഇന്ത്യയിലും വിദേശത്തും മികച്ച ഓപ്പണിങാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. വിജയ് പൂര്‍ണ്ണസമയ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് മുമ്പുള്ള അവസാന സിനിമ എന്ന നിലയില്‍ ആദ്യ ദിനത്തില്‍ തന്നെ വന്‍ ജനപങ്കാളിത്തമാണ് തിയറ്ററുകളില്‍ അനുഭവപ്പെട്ടത്. വിജയിയുടെ കരിയറിലെ ഏറ്റവും മികച്ച മൂന്നാമത്തെ ഓപണിങ് ആണ് ചിത്രമെന്നും വിലയിരുത്തലുകളുണ്ട്.
പൊങ്കല്‍ റിലീസ് ആയി എത്തേണ്ടിയിരുന്ന ചിത്രം സെന്‍സര്‍ പ്രതിസന്ധികളില്‍ കുടുങ്ങി ആറ് മാസങ്ങള്‍ക്കിപ്പുറമാണ് ഇന്നലെ തിയറ്ററുകളില്‍ എത്തിയത്. ഈ കാലയളവില്‍ ചിത്രത്തിന്റെ വ്യാജ പതിപ്പ് കാര്യമായി പ്രചരിച്ചതും ബോക്‌സ് ഓഫീസ് സാധ്യതകളെ കാര്യമായി പിന്നോട്ടടിച്ചേക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ക്ക് ഭയമുണ്ടായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച വീഴ്ച ചിത്രത്തിന് ആദ്യ ദിനം ബോക്‌സ് ഓഫീസില്‍ സംഭവിച്ചില്ല.
എച്ച്. വിനോദ് സംവിധാനം ചെയ്ത 'ജനനായകനില്‍' വെട്രി കൊണ്ടാന്‍ എന്ന മുന്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് വിജയ് എത്തുന്നത്. തന്റെ വളര്‍ത്തുമകളായ വിജിയെ (മമിത ബൈജു) ഒരു സൈനികയാക്കി മാറ്റുമെന്ന വാക്ക് പാലിക്കാന്‍ അദ്ദേഹം നടത്തുന്ന പോരാട്ടമാണ് കഥാതന്തു. എന്നാല്‍ അവളുടെ പഴയകാല ജീവിതാനുഭവങ്ങള്‍ ഇതിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്നു. ഇന്ത്യയില്‍ നാശം വിതയ്ക്കാന്‍ പദ്ധതിയിടുന്ന ജോണ്‍ ഹിംലര്‍ എന്ന ക്രൂരനായ വില്ലനായി ബോബി ഡിയോളും ചിത്രത്തില്‍ എത്തുന്നു. തുടര്‍ന്ന് വിജയിയുടെ കഥാപാത്രവും വില്ലനും തമ്മിലുള്ള ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.
Vijay's Jana Nayagan screenings were temporarily halted in Chennai after families brought children to the A-rated film. Police and theatre authorities intervened to enforce CBFC certification rules. Despite the disruption, the film continues its strong box office run, benefiting from Vijay's farewell to full-time politics.