

മുംബൈയിൽ സിജെപി പ്രതിഷേധത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്തവരെ രക്ഷിക്കാൻ പൊലീസിന്റെ വണ്ടി തടഞ്ഞത് നാടകമാണെന്ന് പറഞ്ഞ ട്രോളന്മാർക്ക് മറുപടിയുമായി മോഡൽ റിയാ അഹിർ. ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണയറിയിച്ച് മുംബൈയിൽ നടത്തിയ പ്രതിഷേധങ്ങൾക്കിടെയായിരുന്നു സംഭവം. എന്നാൽ തന്റെ പ്രതിഷേധത്തെ പിന്തുണച്ചില്ലേലും കുഴപ്പമില്ല പക്ഷെ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി സംസാരിക്കാൻ തയ്യാറാകണം എന്നാണ് റിയാ സോഷ്യൽ മീഡിയയിൽ കുറിച്ചത്
മുംബൈയിൽ നടന്ന സമരത്തിൽ പങ്കെടുത്തതോടെയാണ് ഈ യുവ മോഡൽ ഇന്റർനെറ്റിൽ വൈറലായത്. ഗ്രേ കളർ ഹൂഡിയും ഇട്ട്, പൊലീസിന്റെ വണ്ടിക്ക് മുന്നിൽ കൈയും വിടർത്തി നിൽക്കുന്ന റിയായുടെ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. NEET പരീക്ഷാ ക്രമക്കേടിനെതിരെ കോക്ക്റോച്ച് ജനതാ പാർട്ടി നടത്തിയ പ്രതിഷേധത്തിന്റെ പ്രധാന ചിത്രങ്ങളിലൊന്നായി ഇത് മാറി. ശിവാജി പാർക്കിൽ വെച്ച് സമരം ചെയ്തവരെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ റിയാ വണ്ടിക്ക് മുന്നിലേക്ക് കയറി നിൽക്കുകയായിരുന്നു. തന്റെ നിലപാടിന് പിന്തുണ നൽകിയ എല്ലാവർക്കും റിയാ നന്ദി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ തനിക്ക് പിന്തുണ നൽകിയവർക്ക് റിയാ നന്ദി പറഞ്ഞു. എന്നാൽ ഇതൊക്കെ ശ്രദ്ധ പിടിച്ചുപറ്റാൻ കാണിച്ച നാടകമാണെന്ന് ചിലർ കളിയാക്കുന്നതിനും റിയാ മറുപടി നൽകി. ഇതിന് തലേദിവസവും താൻ ശിവജി പാർക്കിൽ ഉണ്ടായിരുന്നുവെന്നും, അന്നും പൊലീസ് പലരെയും കസ്റ്റഡിയിൽ എടുക്കുന്നത് കണ്ട് ഒരു വനിതാ ഉദ്യോഗസ്ഥനോട് അവരെ വിടാൻ അഭ്യർത്ഥിച്ചിരുന്നുവെന്നും റിയാ വ്യക്തമാക്കി.
"ഞാൻ വെറുതെ ഉണ്ടാക്കി പറയുന്നതല്ല ഇതൊന്നും, ശരിക്കും നടന്ന കാര്യമാണ്. പക്ഷേ അതൊന്നും ഞാൻ എവിടെയും പോസ്റ്റ് ചെയ്തിട്ടില്ല, അതിന്റെ ക്രെഡിറ്റ് എടുക്കാൻ നോക്കിയിട്ടുമില്ല. അന്ന് സംഭവിച്ചതെല്ലാം എല്ലാവരും കണ്ടതാണ്. ഞാൻ പ്ലാൻ ചെയ്ത് ചെയ്ത കാര്യവുമല്ല അത്. നമ്മുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടാനാണ് ഞാൻ അവിടെ പോയത്. നമ്മൾ ഉറക്കെ സംസാരിക്കും, സർക്കാർ കേൾക്കാതിരിക്കാൻ എത്ര ശ്രമിച്ചാലും നമ്മുടെ ശബ്ദം അവിടെ എത്തും," "ചിലർ പറയുന്നു ഞാൻ വണ്ടിക്ക് മുന്നിൽ പോസ് ചെയ്യുകയായിരുന്നു എന്ന്. വളരെ മോശമായ രീതിയിലാണ് ആളുകൾ സംസാരിക്കുന്നത്. എന്റെ കാൽമുട്ടിന് പരിക്കേറ്റ് നിൽക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു ഞാൻ, എന്നിട്ടും അവിടെ ഉറച്ചുനിന്നു. എന്റെ രാജ്യത്തോടുള്ള സ്നേഹത്തെയും ഞാൻ അവിടെ പോയതിനെയും ചോദ്യം ചെയ്യാൻ നടക്കുന്നവർ ഒന്നു മനസ്സിലാക്കുക—ആ വണ്ടിയിലുണ്ടായിരുന്നവർ എന്റെ കൂട്ടുകാരോ പരിചയക്കാരോ ആയിരുന്നില്ല. ആ വണ്ടി കാലിയായിരുന്നു എന്നൊക്കെയാണ് ആളുകൾ പറയുന്നത്. ഇത്രയൊക്കെ ആലോചിച്ചു കൂട്ടാൻ തലച്ചോറ് ഉപയോഗിക്കുന്നവർ, അത് ഈ ദുരിതം അനുഭവിക്കുന്ന വിദ്യാർത്ഥികളെ പിന്തുണയ്ക്കാൻ ഉപയോഗിക്കൂ. എന്നെ പിന്തുണയ്ക്കണം എന്ന് ഞാൻ പറയില്ല. എനിക്ക് നിങ്ങളുടെ സപ്പോർട്ടോ ന്യായീകരണങ്ങളോ വേണ്ട."
27 കാരിയായ മോഡലാണ് റിയാ അഹിർ. കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരുമായി പോയ പൊലീസ് വണ്ടി തടഞ്ഞതോടെയാണ് റിയ വാർത്തകളിൽ നിറയുന്നത്. വെറുതെ ആളുകളെ പിടിച്ചുകൊണ്ടുപോകുന്നത് കണ്ടപ്പോൾ സഹിക്കാൻ പറ്റാതെ വണ്ടിക്ക് മുന്നിലേക്ക് ഓടിച്ചെല്ലുകയായിരുന്നു എന്ന് റിയാ പറയുന്നു. ഇൻസ്റ്റാഗ്രാമിൽ ലക്ഷത്തോളം ഫോളോവേഴ്സുള്ള റിയാ ചില മ്യൂസിക് വീഡിയോകളിലും അഭിനയിച്ചിട്ടുണ്ട്. ദാദറിലെ കൊഹിനൂർ സ്ക്വയറിൽ നിന്ന് ശിവജി പാർക്കിലേക്ക് നടന്നുപോകുമ്പോഴാണ് കസ്റ്റഡിയിലെടുത്ത ആളുകളുമായി പോകുന്ന പൊലീസ് വണ്ടി റിയായുടെ ശ്രദ്ധയിൽപ്പെട്ടത്
അനുമതിയില്ലാതെ സമരം സംഘടിപ്പിച്ചതിന് ജൂലൈ 18 മുതൽ മുംബൈ പൊലീസ് 13 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 400 ഓളം പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. ശിവജി പാർക്ക്, ചൈത്യഭൂമി, ചെമ്പൂർ, ശിവസേനാ ഭവൻ തുടങ്ങിയ പ്രധാന ഇടങ്ങളിലൊക്കെ അനുമതിയില്ലാതെ പ്രതിഷേധങ്ങൾ നടന്നിരുന്നു. ഇതേത്തുടർന്ന് ജൂലൈ 23 മുതൽ ഓഗസ്റ്റ് 6 വരെ മുംബൈയിൽ അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടംകൂടുന്നത് തടഞ്ഞുകൊണ്ട് പൊലീസ് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
Indian model Riya Ahir has responded to claims that her viral act of standing in front of a police vehicle during the Jantar Mantar student protests was staged. She said her actions were genuine and urged people to focus on supporting protesting students instead of trolling her.