ഷാഹിദ് കപൂർ നായകനായ 'കോക്ടെയ്ൽ 2'വിന്റെ ഗംഭീര വിജയത്തിന്റെ സന്തോഷത്തിലാണ് ബോളിവുഡ് നടി കൃതി സനോൻ ഇപ്പോൾ. ചിത്രം ഇതിനോടകം തന്നെ ലോകമെമ്പാടുമായി 140 കോടിയിലധികം രൂപ നേടിക്കഴിഞ്ഞു. സിനിമാരംഗത്ത് വലിയ നേട്ടങ്ങൾ കൊയ്യുമ്പോഴും, യുവസംരംഭകനായ കബീർ ബഹിയയുമായുള്ള പ്രണയവാർത്തകളും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. എന്നാൽ തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് എപ്പോഴും മൗനം പാലിക്കുന്ന കൃതി, അതിനേക്കാൾ വ്യക്തിപരമായ മറ്റൊരു കാര്യം അടുത്തിടെ തുറന്നു പറഞ്ഞു.
ജനപ്രിയ യൂട്യൂബ് ചാനലായ 'ഹ്യൂമൻസ് ഓഫ് ബോംബെ'യ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ സിനിമ ജീവിതത്തെക്കുറിച്ചും, വ്യക്തിജീവിതത്തിലെ സുപ്രധാന തീരുമാനങ്ങളെക്കുറിച്ചും മനസ്സുതുറന്നത്.
കരിയറിന്റെ തുടക്കത്തിൽ വളരെക്കാലം ആളുകൾക്ക് എന്റെ പേര് അറിയില്ലായിരുന്നു. സംവിധായിക അശ്വിനി അയ്യർ തിവാരിയുടെ മക്കൾ പോലും എന്നെ 'ടൈഗർ ദീദി' എന്നാണ് അന്ന് വിളിച്ചിരുന്നത്. ഇൻഡസ്ട്രിയിൽ സ്വന്തമായൊരു മേൽവിലാസം ഉണ്ടാക്കിയെടുക്കാൻ എനിക്ക് വലിയ രീതിയിൽ കഠിനാധ്വാനം ചെയ്യേണ്ടി വന്നു.
തനിക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത 'മിമി' (Mimi) എന്ന ചിത്രത്തിന് വേണ്ടി തയ്യാറെടുക്കുന്ന സമയത്ത് താൻ അണ്ഡം ശീതീകരിച്ച് സൂക്ഷിക്കാൻ തയ്യാറായെന്ന വെളിപ്പെടുത്തലാണ് താരം നടത്തിയത്. വിവാഹത്തെക്കുറിച്ചും കുട്ടികളെക്കുറിച്ചുമുള്ള നിരന്തരമുള്ള ചോദ്യങ്ങൾക്കും ബയോളജിക്കൽ ക്ലോക്കിന്റെ സമ്മർദ്ദങ്ങൾക്കും വഴങ്ങാതിരിക്കാനാണ് താൻ ഈ തീരുമാനം എടുത്തതെന്ന് കൃതി പറഞ്ഞു.
ആദ്യമായാണ് താരം ഈ വിവരം പുറത്തുപറയുന്നത്. വിവാഹവും കുട്ടികളും എന്നത് ഒരു പ്രായത്തിന്റെയോ സമയത്തിന്റെയോ സമ്മർദ്ദത്തിന് വഴങ്ങി ചെയ്യേണ്ടതല്ലെന്നും, സ്വയം സജ്ജമാണെന്ന് തോന്നുമ്പോഴാണ് ആ തീരുമാനങ്ങൾ എടുക്കേണ്ടതെന്നും അവർ വ്യക്തമാക്കി. മിമി എന്ന ചിത്രത്തിനായി ശരീരഭാരം വർദ്ധിപ്പിക്കേണ്ടി വന്ന അതേ സമയത്താണ് വളരെ ബുദ്ധിപൂർവ്വം താൻ ഈ ചികിത്സാ പ്രക്രിയയ്ക്കും വിധേയയായതെന്നും കൃതി കൂട്ടിച്ചേർത്തു.
ഒരു എഞ്ചിനീയറിങ് വിദ്യാർഥിനിയിൽ നിന്ന് ബോളിവുഡിന്റെ മുൻനിര നായികയിലേക്കുള്ള മാറ്റത്തെക്കുറിച്ചും കൃതി വാചാലയായി. എഞ്ചിനീയറിങ് പൂർത്തിയാക്കിയ ശേഷം ക്യാമ്പസ് പ്ലേസ്‌മെന്റ് വഴി ലഭിച്ച ജോലി ഉപേക്ഷിച്ച് സിനിമയിലേക്ക് വരിക എന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ 'യുക്തിരഹിതമായ' തീരുമാനമായിരുന്നു. സിനിമയിൽ പരാജയപ്പെട്ടാൽ ഒരു സുരക്ഷിതത്വത്തിന് വേണ്ടി എഞ്ചിനീയറിങ് ബിരുദവും ജിമാറ്റ് (GMAT) സ്കോറും നേടിവെക്കാൻ അധ്യാപകരായ മാതാപിതാക്കൾ നിർബന്ധിച്ചിരുന്നതായും അവർ ഓർത്തു.
സിനിമാ മേഖലയിലെ സ്ത്രീ-പുരുഷ വേതന വ്യത്യാസങ്ങളെക്കുറിച്ചും കൃതി ശക്തമായി പ്രതികരിച്ചു. ആഗോളതലത്തിൽ ഈ വേതന വ്യത്യാസം ഇല്ലാതാകാൻ ഇനിയും 200 വർഷങ്ങൾ എടുക്കുമെന്ന പഠന റിപ്പോർട്ടുകൾ തന്നെ നിരാശപ്പെടുത്തുന്നുവെന്ന് കൃതി പറഞ്ഞു. പുരുഷ കേന്ദ്രീകൃതമായ ചിത്രങ്ങൾക്ക് നൽകുന്ന അതേ ബജറ്റും വിതരണ പിന്തുണയും നൽകി സ്ത്രീ കേന്ദ്രീകൃത സിനിമകൾ നിർമ്മിക്കാൻ നിർമ്മാതാക്കൾ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.
ബോളിവുഡിലെ സ്വജനപക്ഷപാതത്തെക്കുറിച്ചും സിനിമാ പശ്ചാത്തലമില്ലാതെ ഇൻഡസ്ട്രിയിലേക്ക് കടന്നുവരുന്നവർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും കൃതി തുറന്നുപറഞ്ഞു. സിനിമാ പശ്ചാത്തലമുള്ളവർക്ക് അവസരങ്ങൾ ലഭിക്കുമെങ്കിലും, അവർക്ക് വലിയ സമ്മർദ്ദങ്ങളുണ്ടെന്ന് കൃതി ചൂണ്ടിക്കാട്ടി. "എന്റെ ആദ്യ ചിത്രത്തിൽ ടൈഗർ ഷ്രോഫിനൊപ്പം അഭിനയിക്കുമ്പോൾ, എന്നെക്കാൾ കൂടുതൽ സമ്മർദ്ദം അനുഭവിച്ചത് ടൈഗറായിരുന്നു. ഇതിഹാസ താരം ജാക്കി ഷ്രോഫിന്റെ മകൻ എന്ന ലേബലായിരുന്നു അതിന് കാരണം. എന്നാൽ എനിക്കുണ്ടായിരുന്ന സമ്മർദ്ദം മറ്റൊന്നായിരുന്നു; ആളുകൾക്കിടയിൽ എന്റെ പേര് തിരിച്ചറിയപ്പെടുക എന്നതായിരുന്നു അത്. കരിയറിന്റെ തുടക്കത്തിൽ വളരെക്കാലം ആളുകൾക്ക് എന്റെ പേര് അറിയില്ലായിരുന്നു. സംവിധായിക അശ്വിനി അയ്യർ തിവാരിയുടെ മക്കൾ പോലും എന്നെ 'ടൈഗർ ദീദി' എന്നാണ് അന്ന് വിളിച്ചിരുന്നത്. ഇൻഡസ്ട്രിയിൽ സ്വന്തമായൊരു മേൽവിലാസം ഉണ്ടാക്കിയെടുക്കാൻ എനിക്ക് വലിയ രീതിയിൽ കഠിനാധ്വാനം ചെയ്യേണ്ടി വന്നു. അതിനാൽ സിനിമാ മേഖലയിൽ ഓരോരുത്തരുടെയും പോരാട്ടങ്ങൾ തികച്ചും വ്യത്യസ്തമാണ്," കൃതി വ്യക്തമാക്കി.
'ഹൈഫൻ' (Hyphen) എന്ന സ്വന്തം സ്കിൻ കെയർ ബ്രാൻഡിലൂടെ ബിസിനസ്സ് രംഗത്തും, 'ദോ പത്തി' (Do Patti) എന്ന ചിത്രത്തിലൂടെ നിർമ്മാണ രംഗത്തും ചുവടുവെച്ച കൃതി, സ്വന്തം ജീവിതത്തിലെ തീരുമാനങ്ങൾ ആരുടേയും സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാകരുതെന്നും സ്വപ്നങ്ങളെ പിന്തുടരാൻ പെൺകുട്ടികൾ തയ്യാറാകണമെന്നും പറഞ്ഞുകൊണ്ടാണ് അഭിമുഖം അവസാനിപ്പിച്ചത്.