

തിയറ്ററുകളിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോവുകയും, എന്നാൽ ഒടിടി റിലീസിന് പിന്നാലെ മികച്ച പ്രേക്ഷകപ്രീതി നേടുകയും ചെയ്ത ചിത്രമാണ് കുഞ്ചാക്കോ ബോബൻ നായകനായ 'ഒരു ദുരൂഹ സാഹചര്യത്തിൽ'. രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ പ്രകടനത്തിന് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വലിയ പ്രശംസയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ, സിനിമയുടെ തിയറ്റർ പരാജയത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം.
"പരാജയപ്പെട്ട സിനിമയാണെന്ന് പറഞ്ഞാലും എനിക്ക് വിഷമമൊന്നുമില്ല. ഞാനും കൂടി അതിന്റെ ഒരു പ്രൊഡ്യൂസർ ആയതുകൊണ്ട് എനിക്ക് കാര്യങ്ങൾ കൃത്യമായി അറിയാം. തിയറ്ററിൽ സിനിമ കണ്ടവർ അതിനെക്കുറിച്ച് സംസാരിക്കുകയും സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഒടിടിയിൽ വന്നതിന് ശേഷമാണ് കൂടുതൽ ആളുകളിലേക്ക് സിനിമ എത്തിയതും വലിയ ചർച്ചയായതും. അതുകൊണ്ടുതന്നെ ഇതിനായി എനിക്ക് പ്രത്യേകം പിആർ വർക്കുകൾ ഒന്നും ചെയ്യേണ്ടി വന്നിട്ടില്ല"- കുഞ്ചാക്കോ ബോബൻ പറയുന്നു.
തിരുനെല്ലി പഞ്ചായത്തിലെ തോൽപ്പെട്ടിയിലുള്ള ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനായ 'സേതു' എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ചത്. കഥാപാത്രത്തിനായുള്ള നടന്റെ മേക്കോവറും ഡയലോഗ് ഡെലിവറിയും പ്രേക്ഷകരുടെ വലിയ കയ്യടി നേടിയിട്ടുണ്ട്. ഈ വർഷത്തെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് ചാക്കോച്ചന്റേതെന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾ. സിനിമയുടെ ക്ലൈമാക്സ് ചിലരിൽ നിരാശയുണ്ടാക്കിയെങ്കിലും, ചിത്രം ഒട്ടും മുഷിപ്പില്ലാതെ കണ്ടിരിക്കാം എന്നാണ് പൊതുവേയുള്ള അഭിപ്രായം.
കുഞ്ചാക്കോ ബോബനെ കൂടാതെ ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം, ജാഫർ ഇടുക്കി, സുധീഷ്, ശരണ്യ രാമചന്ദ്രൻ, പൂജ മോഹൻരാജ്, രാജേഷ് മാധവൻ, ഷാഹി കബീർ, പി പി കുഞ്ഞികൃഷ്ണൻ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും, ഉദയ പിക്ചേഴ്സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമിച്ചത്.
Kunchacko Boban has spoken openly about the theatrical failure of Oru Durooha Sahacharyathil, saying he has no regrets despite being one of the film's producers. While the film underperformed in cinemas, it found a wider audience and positive appreciation after its OTT release.