

റിയാലിറ്റി ടിവി താരവും, കൈലി കോസ്മെറ്റിക്സിന്റെ സ്ഥാപകയുമായ കൈലി ജെന്നറിനെതിരെ മുൻ വീട്ടുജോലിക്കാരി കേസ് നൽകി. ജെന്നറിന്റെ ക്ലോസറ്റിനുള്ളിൽ തന്നെ പൂട്ടിയിട്ടെന്നും, അവരുടെ വളർത്തുനായ തന്നെ കടിച്ചെന്നും, പെപ്പർ സ്പ്രേ മുഖത്തടിച്ചെന്നുമാണ് പരാതിയിലെ ആരോപണം. കഴിഞ്ഞ ഏഴ് മാസത്തിനിടെ ജെന്നറിന്റെ വീട്ടുജോലിക്കാർ താരത്തിനെതിരെ നൽകുന്ന നാലാമത്തെ കേസാണിത്.
നവംബർ അഞ്ചിന് ലോസ് ഏഞ്ചൽസിലെ കോടതിയിലാണ് ദിനോറ കരോലിന അമയ കേസ് ഫയൽ ചെയ്തത്. കൈലി ജെന്നറിനും അവരുടെ കമ്പനിക്കും ജീവനക്കാരായ ലോറ ഡൂലി, ഇറ്റ്സെൽ സിബ്രിയൻ എന്നിവർക്കുമെതിരെയാണ് പരാതി. വൈകല്യത്തിന്റെ പേരിലുള്ള വിവേചനം, പ്രതികാരനടപടി, അന്യായമായ പിരിച്ചുവിടൽ, തൊഴിൽ നിയമങ്ങളുടെ ലംഘനം തുടങ്ങിയവയാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.
2025 മാർച്ച് മുതൽ 2026 ഫെബ്രുവരി വരെ കൈലി ജെന്നറിന്റെ കാലിഫോർണിയയിലെ വിവിധ വസതികളിൽ അമയ വീട്ടുജോലി ചെയ്തിരുന്നതായാണ് പരാതിയിൽ പറയുന്നത്. മണിക്കൂറിന് 40 ഡോളറായിരുന്നു വേതനം. സംസ്ഥാനത്തെ മിനിമം വേതനത്തേക്കാൾ ഏകദേശം 23 ഡോളർ അധികം ലഭിച്ചിരുന്ന ഇവർ ആഴ്ചയിൽ ആറു ദിവസവും ജോലി ചെയ്തിരുന്നു. ലോസ് ഏഞ്ചൽസ് മേഖലയിലെ കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന നിരവധി ആഡംബര വസതികൾക്ക് പുറമെ പാം സ്പ്രിങ്സിന് സമീപം ലാ ക്വിന്റയിലും ജെന്നറിന് വസതിയുണ്ട്.
ജെന്നറിന്റെ ക്ലോസറ്റിനുള്ളിൽ ഏകദേശം ഒരു മണിക്കൂറോളം താൻ അകപ്പെട്ടുപോയി എന്നാണ് അമയയുടെ ആരോപണം. ഒരു ദിവസം ക്ലോസറ്റിനുള്ളിൽ പ്രവേശിക്കാൻ നിർദേശിക്കുകയും പാസ്‌കോഡ് നൽകുകയും ചെയ്തെങ്കിലും പിന്നീട് അമയ അകത്ത് കുടുങ്ങുകയായിരുന്നു. തുടർന്ന് മറ്റു ജീവനക്കാരെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ അവർ പരിഹസിച്ച് ചിരിക്കുകയും പുറത്തുകടക്കാനുള്ള രഹസ്യകോഡ് നൽകാൻ വിസമ്മതിക്കുകയും ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. ഇതോടെ പരിഭ്രാന്തിയിലായ അമയയ്ക്ക് പാനിക് അറ്റാക്ക് ഉണ്ടായതായും പരാതിയിൽ ആരോപിക്കുന്നു.
2025 സെപ്റ്റംബർ നാലിന് ജെന്നറിന്റെ മുറി വൃത്തിയാക്കി ക്രമീകരിക്കുന്നതിനിടെ സുരക്ഷിതമല്ലാത്ത നിലയിൽ സൂക്ഷിച്ചിരുന്ന പെപ്പർ സ്പ്രേ കാനിസ്റ്റർ പൊട്ടിത്തെറിച്ച് തന്റെ മുഖത്തും കണ്ണുകളിലും നേരിട്ട് പതിച്ചെന്നും അമയയുടെ പരാതിയിൽ പറയുന്നു. സംഭവത്തിൽ പരിക്കേറ്റതായി അമയ പരാതിപ്പെട്ടതോടെ ജോലി കൂടുതൽ ദുഷ്കരമാക്കിയെന്നാണ് ആരോപണം. തന്നെ സഹായിച്ചിരുന്ന മറ്റ് ജീവനക്കാരെ ജോലിയിൽനിന്ന് മാറ്റിനിർത്തുകയും എല്ലാ ജോലികളും ഒറ്റയ്ക്ക് ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു.
അതേസമയം, ജെന്നറിനെതിരെ നിലവിൽ വന്നിരിക്കുന്ന നാല് കേസുകളും ഒരേ അഭിഭാഷകനാണ് ഫയൽ ചെയ്തിരിക്കുന്നതെന്ന് താരത്തിന്റെ അഭിഭാഷകൻ മൈക്കൽ റോഡ്സ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. സാമ്പത്തിക നേട്ടം കൈവരിക്കാനും, മാധ്യമശ്രദ്ധ നേടാനുമാണ് ഈ കേസുകൾ ഫൈൽ ചെയ്തിരിക്കുന്നത് എന്നും അഭിഭാഷകൻ ആരോപിച്ചു. അടിസ്ഥാനമില്ലാത്ത ഈ കേസുകളെ ശക്തമായും നിയമപരമായും തന്നെ നേരിടുമെന്നും, തങ്ങളുടെ ഭാഗത്തുള്ള തെളിവുകൾ കോടതിയിൽ അവതരിപ്പിക്കാൻ കാത്തിരിക്കുകയാണെന്നും റോഡ്സ് പറഞ്ഞു.
A former housekeeper has filed a fourth lawsuit against Kylie Jenner, alleging workplace harassment, discrimination, wrongful termination and unsafe working conditions. The complaint claims she was locked inside Jenner’s closet for nearly an hour and injured by pepper spray. Jenner’s attorney has denied the allegations, calling the lawsuits financially motivated.