

വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്ത് പ്രദീപ് രംഗനാഥൻ നായകനായ പുതിയ ചിത്രമാണ് 'ലവ് ഇൻഷുറൻസ് കൊമ്പനി'. ഇപ്പോൾ 'ലവ് ഇൻഷുറൻസ് കമ്പനി (LIC) എന്ന പേരിൽ നിന്ന് 'ലവ് ഇൻഷുറൻസ് കൊമ്പനി' (LIK) എന്ന് മാറ്റാനുണ്ടായ സാഹചര്യം വെളിപ്പെടുത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ. സിനിമയുടെ പേരിനെച്ചൊല്ലി രാജ്യത്തെ പ്രമുഖ ഇൻഷുറൻസ് സ്ഥാപനമായ എൽ.ഐ.സി (Life Insurance Corporation of India) നിയമപരമായ വിയോജിപ്പ് അറിയിച്ചതാണ് ഈ മാറ്റത്തിന് പ്രധാന കാരണം. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ഈ പേര് ഉപയോഗിക്കുന്നതിനെതിരെ സ്ഥാപനം ശക്തമായി രംഗത്തെത്തുകയായിരുന്നു.
സിനിമയുടെ ടൈറ്റിലായി 'LIC' എന്ന് ഉപയോഗിക്കണമെങ്കിൽ ഏകദേശം 112 കോടി രൂപ നൽകണമെന്ന് ഇൻഷുറൻസ് കോർപ്പറേഷൻ ആവശ്യപ്പെട്ടതായി സംവിധായകൻ വിഘ്‌നേഷ് ശിവൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ഇത്രയും വലിയൊരു തുക നൽകുക എന്നത് പ്രായോഗികമല്ലാത്തതിനാലാണ് ചിത്രത്തിന്റെ പേരിൽ മാറ്റം വരുത്താൻ ടീം തീരുമാനിച്ചത്. "എന്റെ കയ്യിൽ 112 കോടി രൂപയില്ല, അതുകൊണ്ട് തന്നെ ആ പേര് ഉപേക്ഷിക്കുകയല്ലാതെ മറ്റു വഴികളുണ്ടായിരുന്നില്ല," എന്ന് അദ്ദേഹം തമാശരീതിയിൽ പറഞ്ഞു.
പേര് മാറ്റേണ്ടി വരുമെന്ന് മുൻകൂട്ടി കണ്ട സംവിധായകൻ LIP, LIT, LIK, LIF എന്നിങ്ങനെ നിരവധി ഓപ്ഷനുകൾ തയ്യാറാക്കിയിരുന്നു. ഒടുവിൽ നിയമപ്രശ്നങ്ങൾ ഒഴിവാക്കാനായി 'Kompany' എന്ന സ്പെല്ലിംഗ് മാറ്റത്തോടെ 'LIK' എന്ന പേര് തിരഞ്ഞെടുക്കുകയായിരുന്നു. സിനിമയുടെ പ്രമേയത്തിന് അനുയോജ്യമായ രീതിയിൽ 'കൊമ്പ്' (Kombu) എന്ന വാക്കിലെ ഊർജ്ജവും മനോഭാവവും പ്രതിഫലിപ്പിക്കുന്നതിനാണ് 'Kompany' എന്ന ശൈലി സ്വീകരിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
ഏപ്രിൽ 10-ന് തീയേറ്ററുകളിലെത്തിയ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. എങ്കിലും ബോക്സ് ഓഫീസിൽ ചിത്രം ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്നുണ്ട്. ആദ്യ നാല് ദിവസങ്ങൾ പിന്നിടുമ്പോൾ ഏകദേശം 39 കോടി രൂപയോളം ലോകമെമ്പാടുനിന്നും ചിത്രം സ്വന്തമാക്കിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രദീപ് രംഗനാഥൻ, കൃതി ഷെട്ടി, എസ്.ജെ. സൂര്യ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ടൈറ്റിൽ വിവാദങ്ങളിലൂടെ കൂടുതൽ വാർത്താപ്രാധാന്യം നേടിയിരിക്കുകയാണ്.
English Summary: Vignesh Shivan revealed that his film’s title changed from LIC to LIK after Life Insurance Corporation of India demanded ₹112 crore to use the original name. The controversy has drawn major attention, boosting the film’s visibility despite mixed reviews.