രാഷ്ട്രത്തിലെ എല്ലാ വിഭാഗങ്ങളെയും തുല്യമായി ഉൾക്കൊള്ളാൻ കഴിയാതെ വരുമ്പോഴാണ് ദേശീയത ഒരു പ്രശ്നമായി മാറുന്നത്. 1930-കളുടെ തുടക്കത്തോടെ, അതുവരെ അസംഘടിതരായിരുന്ന അവർണ്ണ സമൂഹം സംഘടിക്കാനും സവർണ്ണ മേധാവിത്വത്തെ ചോദ്യം ചെയ്തുകൊണ്ട് സ്വന്തം അസ്തിത്വം ഉറപ്പിക്കാനും തുടങ്ങിയതായി ചരിത്രരേഖകൾ വ്യക്തമാക്കുന്നു. ഈ ഉണർവ് ഇന്ത്യൻ സാംസ്കാരിക മണ്ഡലത്തിലും വിപ്ലവാത്മകമായ മാറ്റങ്ങൾക്ക് തിരിയിട്ടു. നാടകങ്ങളിലൂടെ തെരുവിൽ അലയടിച്ച ഈ പ്രതിഷേധങ്ങൾ പിന്നീട് സിനിമയെയും സ്വാധീനിക്കുകയും ഗൗരവമേറിയ ഇടപെടലുകൾക്ക് വാതായനങ്ങൾ തുറന്നിടുകയും ചെയ്തു.
ജാതിവെറി ഇരുട്ടിലാക്കിയ റോസി
മലയാളത്തിലെ ആദ്യ ചിത്രമായ 'വിഗതകുമാരൻ' കൊട്ടകയിൽ തന്നെ കത്തിയമർന്നത് പോലും കേരളത്തിന്റെ ജാതിവെറിയുടെ കനലുകൾ മൂലമാണ്. ചിത്രത്തിലെ നായികയുടെ ജാതിയായിരുന്നു സവർണതയുടെ ആൾ രൂപങ്ങളെ ചൊടിപ്പിച്ചത്. ചിത്രത്തിൽ സരോജിനിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച പികെ റോസിയോട് ചരിത്രം നീതി കാണിച്ചിട്ടില്ല. മരണം ഭയന്ന് സ്വന്തം നാട് തന്നെ ഉപേക്ഷിച്ച് ഇരുട്ടിൽ മറഞ്ഞ റോസി വാസ്തവത്തിൽ വലിയൊരു വിപ്ലവമാണ്. ഇന്ത്യയിലെ തന്നെ ആദ്യത്തെ ദളിത് നായികയായിരുന്നു റോസി.
2013-ൽ കമൽ സംവിധാനം ചെയ്ത 'സെല്ലുലോയ്ഡ്' എന്ന ചിത്രം 'വിഗതകുമാരനും' ജെ.സി. ഡാനിയേലിന്റെ ജീവിതവുമാണ് പ്രധാനമായും പ്രമേയമാക്കിയതെങ്കിലും, പ്രേക്ഷകരുടെ അന്വേഷണങ്ങൾ ചെന്നുനിന്നത് പി.കെ. റോസി എന്ന മലയാള സിനിമയിലെ ആദ്യ നായികയിലായിരുന്നു. മലയാള സിനിമയുടെ ചരിത്രത്തിൽ നിന്ന് മനഃപൂർവ്വം മായ്ച്ചുകളയപ്പെട്ട ആ ദളിത് സാന്നിധ്യം വീണ്ടും ചർച്ചയായത് അക്കാലത്താണ്. സമാനമായ രീതിയിൽ, ഇന്നും സമകാലിക സിനിമകൾ ജാതി രാഷ്ട്രീയത്തെയും വിവേചനങ്ങളെയും കുറിച്ച് ശക്തമായ സംവാദങ്ങൾ ഉയർത്തുന്നുണ്ട്. കാലം മാറിയിട്ടും കലാലയങ്ങളിലും സമൂഹത്തിലും തുടരുന്ന ജാതിവെറിയെ തുറന്നുകാട്ടാൻ ഇത്തരം സിനിമകൾ ഇന്നും അനിവാര്യമായി മാറുകയാണ്."
'രാരിച്ചൻ'
മതേതരത്വവും ആധുനിക ജനാധിപത്യ പൗരബോധവും തമ്മിലുള്ള തുലനമായിരുന്നു 1956ൽ പി. ഭാസ്‌കരൻ സംവിധാനം ചെയ്ത ‘രാരിച്ചൻ എന്ന പൗരൻ’. ജന്മിത്വത്തിന്റെ അക്രമണത്തോടെ ജീവിതം തന്നെ നഷ്ടപെടുന്ന രാരിച്ചൻ എന്ന നായക കഥാപാത്രം ബീവാത്തുമ്മയെന്ന സ്ത്രീയുടെ ചായക്കടയിൽ ചെന്നെത്തുന്നു. ചരിത്രപരമായി ഇസ്ലാമാഫോബിയ നിലനിനിന്നിരുന്ന ഐക്യകേരളത്തിന്റെ മുഖത്തേക്കുള്ള അടിയായിരുന്നു രാരിച്ചന്റെ അനാഥത്വത്തെ തുടച്ചു നീക്കിയ ബീവാത്തുമ്മ.
ബ്രാഹ്മണിക്കൽ 'പുഴു'
'മനുഷ്യൻ പോയി റോബോട്ട് വന്നാലും, ഈ പരിപാടി അങ്ങനെ ഇങ്ങനെയൊന്നും മാറുല്ലടോ, അതിങ്ങനെ ഫാൻസി ഡ്രസ്സ് കളിച്ചുകൊണ്ടിരിക്കുമെന്ന്' ജാതീയതയെ കുറിച്ച് കുട്ടപ്പൻ എന്ന കഥാപാത്രം നമ്മളോട് സംവദിച്ചത്, റത്തീന സംവിധാനം ചെയ്ത് 2022ൽ പുറത്തിറങ്ങിയ 'പുഴു' എന്ന ചിത്രത്തിലൂടെയാണ്. സംഘപരിവർ ബഹിഷ്ക്കരിക്കാൻ ആവശ്യപ്പെട്ട ചിത്രം സംസാരിച്ചത് ജാതീയതയുടെയും മനുഷ്യത്വവിരുദ്ധതയുടെയും ബ്രാഹ്മണിക്കല്‍ ഭീകരമുഖം തുറന്ന് കാണിക്കലായിരുന്നു. ആഘോഷിക്കപ്പെട്ട പല നായകസങ്കല്‍പങ്ങളുടെയും പിഴവുകളെ വരച്ചിടുന്ന രാഷ്ട്രീയമാണ് 'പുഴു' പറഞ്ഞത്.
'വാഴയ്' പറഞ്ഞ രാഷ്ട്രീയം
വളരെ കുറച്ച് മാത്രം പിന്നിൽ, 1998 കളിലെ സാമൂഹിക വ്യവസ്ഥകളെ കുറിച്ച് സംവദിച്ച ചിത്രമാണ് 2024 ൽ എത്തിയ മാറി സെൽവരാജ് ചിത്രം 'വാഴയ്'. വിദ്യാർത്ഥിയായ ശിവനൈന്ദനും സുഹൃത്തിനും കുടുംബത്തിന്റെ ദാരിദ്ര്യം കാരണം വാരാന്ത്യങ്ങളില്‍ വാഴക്കുലകള്‍ ചുമക്കേണ്ടി വരുന്നതിലൂടെ ഒരു ജനതയുടെ ജീവിത പശ്‌ചാത്തലത്തെയാണ് മാരി സെൽവരാജ് ചിത്രത്തിൽ കൊണ്ടുവന്നിരിക്കുന്നത്. നാട്ടിലെ പ്രധാന പ്രമാണിയുടെ വാഴ തോപ്പുകളിൽ കൃഷിചെയ്യുന്ന വാഴ കുലകൾ കൊയ്യുകയും അവ ലോറിയിലേക്ക് തലച്ചുമടായി കൊണ്ടുപോകുകയും ചെയ്യുന്നതാണ് വരുമാന മാർഗം. ദൂരങ്ങൾ താണ്ടി കൊണ്ട് പോകുന്ന ഓരോ കുലയ്ക്കും വെറും ₹1 മാത്രമാണ് ലഭിക്കുന്നത്. കഠിനമായ ഈ തൊഴില്‍ ഒഴിവാക്കാന്‍ ശിവനൈന്ദനും സുഹൃത്തും വിവിധ കാരണങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നു. എന്നാല്‍ തന്റെ അമ്മ മുന്‍കൂര്‍ കടമായി എടുത്ത തുക തിരിച്ചടയ്ക്കാന്‍ മകനെയും ജോലിക്ക് കൊണ്ട് വരാമെന്ന അമ്മയുടെ ഉറപ്പ് കാരണം അവന്‍ ജോലി ചെയ്യണമെന്ന് ചെയ്യേണ്ടി വരുന്നു. ഗതികേടിലൂന്നി പോകുന്ന ജീവിതങ്ങൾക്ക് മേൽ സവർണർ നടത്തുന്ന ചൂഷണമാണ് ചിത്രത്തിൽ കാണാൻ കഴിഞ്ഞത്.
'ജയ് ഭീം'
നിരാലംബരായ ഒരുപറ്റം മനുഷ്യർക്ക് അവർ പിറന്നുവീണ ജാതിയുടെ പേരിൽ,അധികാര കേന്ദ്രങ്ങളിൽ നിന്ന് നേരിടേണ്ടി വരുന്ന കൊടിയ ക്രൂരതകളുടെ നേരെ പിടിച്ച കണ്ണാടിയായിരുന്നു സൂര്യയും ജ്യോതികയും ചേർന്ന് നിർമിച്ച 'ജയ് ഭീം'. ജാതിവിവേചനകൾക്കെതിരെ നിരന്തരം സമരം ചെയ്ത ഇന്ത്യൻ ഭരണഘടനാ ശില്പി ബാബ സാഹേബ് ഭീം റാവു രാംജി അംബേദ്‌കറുടെ ആശയങ്ങളോടുള്ള ഐക്യദാർഢ്യ പ്രകടനം കൂടിയായിരുന്നു ചിത്രത്തിന്റെ സംവിധായകൻ ടിജെ ജ്ഞാനവേൽ 'ജയ് ഭീം' എന്ന പേര് നൽകുന്നതിലൂടെ ചെയ്തത്.
ആർട്ടിക്കിൾ 15
2019ൽ അനുഭവ് സിൻഹ സംവിധാനം ചെയ്ത 'ആർട്ടിക്കിൾ 15' രാജ്യത്തെ ജാതി വ്യവസ്ഥയ്ക്ക് എതിരെയുള്ള വ്യക്തമായ നിലപാട് വ്യക്തമാക്കുന്നതായിരുന്നു. മതം, വംശം, ജാതി, ലിംഗം, ജന്മസ്ഥലം എന്നിവ അടിസ്ഥാനത്തിൽ മാത്രം ഒരു പൗരനോടും ഭരണകൂടം വിവേചനം കാണിക്കരുത് എന്നതാണ് ആർട്ടിക്കിൾ 15 അർത്ഥമാക്കുന്നത്.
പാതിരക്കാലം
ഒരു രാഷ്ട്രം അവിടത്തെ ജനങ്ങളെ ശത്രുക്കളായി കാണാൻ തുടങ്ങിയാൽ അത് രാഷ്ട്രത്തിന്റെ തകർച്ചയുടെ തുടക്കമാണ് എന്ന ആശയമാണ് 2017 ൽ പ്രിയനന്ദനൻ സംവിധാനം ചെയ്ത 'പാതിരക്കാലം' സംവദിക്കുന്നത്. വർത്തമാനകാല കേരളീയ സമൂഹത്തിലെ പല രാഷ്ട്രിയ സമസ്യകളെയും ചിത്രം ആവിഷ്‌കരിക്കുന്നുണ്ട്. സാംസ്‌കാരിക വളർച്ചയുടെ കാര്യത്തിൽ വലിയ അവകാശ വാദങ്ങൾ ഉന്നയിക്കുമ്പോഴും ജാതി വിവേചനത്തിൽ ഇന്നും ന്യൂനതകൾ നിലനിൽക്കുന്ന കേരളത്തെ ചിത്രത്തിൽ കാണാം.
English Summary: This article explores how Indian cinema has portrayed caste discrimination across decades, from early Malayalam films like Vigathakumaran to modern works like Jai Bhim and Article 15, highlighting social injustice, oppression, and resistance through powerful storytelling.