'പികെ റോസി'; കേരളത്തിന്റെ നവോത്ഥാന അധ്യായങ്ങളിലെ നിർണായക ഏട്

ഒരു വ്യക്തിയുടെ ജാതിയേക്കാൾ ഉപരി ആ വ്യക്തിയുടെ കഴിവിനെ കാണാൻ ആളുകൾക്ക് കഴിയാതിരുന്നത് എത്ര ദൗർഭാഗ്യകരമാണ്
'പികെ റോസി'; കേരളത്തിന്റെ നവോത്ഥാന അധ്യായങ്ങളിലെ നിർണായക ഏട്
Published on

സവർണാധിപത്യം പുലർന്നിരുന്ന ഇരുണ്ട കാലഘട്ടത്തിൽ മലയാളത്തിൽ ഒരു സിനിമ ചെയ്യണം എന്ന ആഗ്രഹത്തോടെ ജെ.സി ഡാനിയൽ എന്നൊരു ദന്ത ഡോക്ടർ ബോംബെയിലേക്ക് വണ്ടി കയറുന്നത്. തന്റെ എല്ലാ വസ്തുവകകളും ഉപയോഗിച്ച് അദ്ദേഹം സിനിമയിലേക്ക് ഇറങ്ങുന്നു, ഇറങ്ങുകയെന്നത് അത്ര എളുപ്പം പറയാനാവുന്ന സാമൂഹിക, രാഷ്ട്രീയ സാഹചര്യമല്ലെന്നത് പ്രത്യേകം ഓർക്കണം! പടം പിടിക്കാൻ ആവശ്യമായ സാങ്കേതികവിദ്യ പഠിച്ച ശേഷം ചിത്രീകരണത്തിനായുള്ള ഉപകരണങ്ങൾ വിലയ്ക്ക് വാങ്ങുകയും ചെയ്ത ഡാനിയേൽ കഠിനമാണെന്ന ബോധ്യത്തോടെ സിനിമാ യാത്ര ആരംഭിക്കുന്നു. തിരക്കഥയും സംവിധാനവും നിർമാണവും കൂടാതെ ചിത്രത്തിലെ നായക വേഷവും ജെ.സി ഡാനിയൽ തന്നെ!. ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി ബോംബയിൽ നിന്നും ആളെ എത്തിച്ചു. എന്നാൽ മലയാള സിനിമാ വ്യവസായം പിറവിയെടുക്കുന്ന കാലഘട്ടത്തിലെ പരിമിധികളുമായി പൊരുത്തപ്പെടുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച നായിക ബോംബെയ്ക്ക് തിരികെ പോയി. പ്രതീക്ഷിക്കാത്ത സഹനസമയങ്ങൾക്ക് ശേഷം ജെ.സി ഡാനിയലും, വിഗതകുമാരനും പി.കെ റോസിയെന്ന പെൺകുട്ടിയെ കണ്ടെത്തുന്നു! അത് പിന്നീട് മലയാളത്തിലെ ചരിത്ര അധ്യായമായി മാറുകയും ചെയ്തു.

കാക്കിരിശ്ശി നാടകങ്ങൾ ഏറെ പ്രചാരത്തിലുണ്ടായിരുന്ന ആ കാലഘട്ടത്തിൽ കുടുക്കനാശനിലൂടെ മികച്ച രീതിയിൽ കാക്കിരിശ്ശി നാടകത്തിൽ പരിശീലനം നേടിയ റോസി അവിടെ നിന്നും തമിഴ് നാടക സംഘങ്ങളിലേക്കുമുള്ള തന്റെ വളർച്ചയുടെ വഴിയിലായിരുന്നു

റോസിയെ കുറിച്ച് കേട്ടറിഞ്ഞ ഡാനിയൽ തന്റെ സിനിമയിലേക്ക് അവരെ ക്ഷണിക്കുന്നതിനായി കാണാൻ തീരുമാനിക്കുന്നു. പുലയ സമുദായത്തിൽ ജനിച്ച റോസിയുടെ ആദ്യത്തെ പേര് രാജമ്മ എന്നായിരുന്നു. പൗലോസ് കുഞ്ഞി റോസി എന്ന രാജമ്മ ജനിച്ചത് 1903 ഫെബ്രുവരി 10-ന് തിരുവിതാംകൂർ രാജ്യമെന്നു അറിയപ്പെട്ടിരുന്ന ഇന്നത്തെ തിരുവനന്തപുരം നഗരത്തിലാണ്. പുലയ സമുദായത്തിൽ പുല്ല് മുറിക്കുന്ന തൊഴിലിൽ ഏർപ്പെട്ടിരുന്ന ഒരു കുടുംബത്തിലായിരുന്നു റോസിയുടെ ജനനം. അടിമകളെപ്പോലെ പെരുമാറപ്പെടുകയും, ഭൂമിയോടൊപ്പം വിൽക്കപ്പെടുകയും, ചെറിയ കുറ്റങ്ങൾക്കുപോലും കഠിനമായ ശിക്ഷകൾക്ക് വിധേയരാക്കപ്പെടുകയും അനുഭവച്ചിരുന്നവരാണ് അന്നത്തെ പുലയ സമുദായം. രാജമ്മയെ സർക്കാർ സ്കൂളിൽ അയച്ചു പഠിപ്പിക്കാൻ മാതാപിതാക്കൾ ശ്രമിച്ചുവെങ്കിലും അന്നത്തെ സാമൂഹിക വ്യവസ്ഥകൾ കാരണം സാധിച്ചില്ല. എന്നാൽ പള്ളി വക സ്കൂളിൽ അയക്കാൻ സാധിക്കുകയും അതിനായി അവർ മതം മാറിയപ്പോൾ രാജമ്മ, റോസി ആയെന്നും റോസിയുടെ പിതാവിന് പള്ളിയിലച്ചന്റെ കുശിനിക്കാരനായി ജോലി കിട്ടിയതായും കഥകളുണ്ട്. റോസിക്ക് ശേഷം ഒരു കുഞ്ഞുകൂടി പിറന്നതോടെ രണ്ടാം തരത്തിൽ പഠനം അവസാനിപ്പിക്കേണ്ടി വന്ന റോസി പിന്നീട് തന്റെ മാതാവിനോടൊപ്പം പുല്ലു അറത്തു വിൽക്കുന്ന ജോലി ചെയ്യാൻ തുടങ്ങി. പിൽകാലത്താണ് റോസി കാക്കിരിശ്ശി നാടകങ്ങളിലേക്ക് എത്തുന്നത്.

സ്ത്രീകൾ അഭിനയിക്കുന്നതിനെ 'മാന്യമായ' തൊഴിലായി പരിഗണിക്കാതിരുന്ന അന്നത്തെ സാമൂഹിക സാഹചര്യത്തിൽ തന്റെ സിനിമയിലേക്ക് ഒരു നായികയെ കണ്ടെത്തുക എന്ന് പറയുന്നത് തീർത്തും വെല്ലുവിളി നിറഞ്ഞ കാര്യമായിരുന്നു. പികെ റോസിയുടെ അഭിനയത്തിനുള്ള കഴിവിൽ ആകൃഷ്ടനായ ഡാനിയൽ അവരെ തന്നെ മതിയെന്ന് തീരുമാനിക്കുകയും സ്വപ്‍നം കണ്ട തന്റെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയും ചെയ്യുന്നു. അങ്ങനെ മലയാളത്തിലെ ആദ്യത്തെ ഫീച്ചർ ചിത്രമായ 'വിഗതകുമാരൻ' (The Lost Child) എന്ന ചിത്രത്തിൽ സരോജിനിയെന്ന സവർണ സ്ത്രീയുടെ വേഷത്തിൽ റോസി വെള്ളിത്തിരയിലേക്ക് എത്തുന്നു. ഒരു ദളിത് സ്ത്രീ അത്തരമൊരു വേഷം ചെയ്യുന്നത് ചിന്തിക്കാൻ പോലും കഴിയാത്തൊരു സാമൂഹികാന്തരീക്ഷത്തിൽ എല്ലാ പ്രതിബന്ധങ്ങളെയും അവഗണിച്ചു കൊണ്ട് റോസി സധൈര്യം മുൻപോട്ടു വന്നപ്പോൾ വലിയൊരു വിപ്ലവത്തിന് തിരികൊളുത്തപ്പെടുന്നു. കാക്കിരിശ്ശി നാടകങ്ങളിലൂടെ നേടിയ അഭിനയ സമ്പത്തും പരിശീലനവും സ്വാഭാവികമായ അഭിനയപ്രതിഭയും ഇഴചേർന്നപ്പോൾ റോസിയുടെ പ്രകടനം തിരശ്ശീലയിൽ മനോഹരാമായി. എന്നാൽ പ്രേക്ഷക പ്രതികരണം അതിനെയെല്ലാം അപ്രസക്തമാക്കുന്നതായിരുന്നു.

'പികെ റോസി'; കേരളത്തിന്റെ നവോത്ഥാന അധ്യായങ്ങളിലെ നിർണായക ഏട്
'ഞാൻ മരിച്ചുപോയാൽ എന്നെ ഓർമ്മിക്കുമോ?'; കെ.പി.എ.സി ലളിതയെന്ന അഭിനയകലയുടെ പാഠശാല

ഒരു ദളിത് സ്ത്രീയാണ് സവർണ കഥാപാത്രത്തെ അവതരിപ്പിച്ചതെന്ന വസ്തുതയിൽ പൊള്ളിയ സവർണരിൽ നിന്നുമുണ്ടായ പ്രതിഷേധങ്ങൾ ചിത്രപ്രദർശനത്തെ തടസ്സപ്പെടുത്തി. തിയേറ്ററുകൾ ആക്രമിക്കപ്പെടുകയും റോസിയുടെയും ഡാനിയലിന്റെയും സ്വപ്നങ്ങൾ തകർക്കപ്പെടും ചെയ്തു. ചിത്രത്തിൽ റോസി അഭിയനയിച്ച സരോജിനിയെന്ന കഥാപാത്രം മുടിയിൽ ചൂടിയ പുഷ്പം നായകൻ കയ്യിലെടുത്തു ചുംബിക്കുന്ന രംഗം എത്തിയപ്പോഴേക്കും സിനിമാ കൊട്ടകയിൽ അമർഷം പടർന്നു. അവിടെ നായികാ കഥാപാത്രം അവതരിപ്പിച്ച റോസിയുടെ ജാതി വീണ്ടും ചർച്ചയാകുന്നു. തൊട്ടുതീണ്ടായ്മ റോസിയുടെ വീട് വരെ കത്തിക്കുന്ന അവസ്ഥയിലേക്ക് അവരെ പ്രകോപിപ്പിക്കുന്നു. താൻ അഭിനയിച്ച ചിത്രം തിയേറ്ററിൽ കാണാനുള്ള അവസരം പോലും റോസിക്ക് ലഭിച്ചില്ല. ജാതിവിവേചനവും ഭീഷണികളും കാരണമാണ് റിലീസ് സമയത്ത് തന്നെ താൻ അഭിനയിച്ച സിനിമ കാണാനുള്ള അവകാശം അവർക്കു നിഷേധിക്കപ്പെട്ടത്. ദളിത് ആയതുകൊണ്ടു മാത്രം ഒരു നടിക്ക് സ്വന്തം സിനിമ കാണാൻ അവസരമില്ലാതെ പോയിട്ടുണ്ടെങ്കിൽ അന്നത്തെ സമൂഹം എത്ര ചുരുങ്ങിയതായിരിക്കുമെന്ന് ഊഹിക്കാമല്ലോ. ഒരു വ്യക്തിയുടെ ജാതിയേക്കാൾ ഉപരി ആ വ്യക്തിയുടെ കഴിവിനെ കാണാൻ ആളുകൾക്ക് കഴിയാതിരുന്നത് എത്ര ദൗർഭാഗ്യകരമാണ്.

അർധരാത്രിയിൽ തന്റെ കൂര കത്തിയമരുന്നതിനു സാക്ഷിയാകേണ്ടി വന്ന റോസി, സ്വന്തം നാടു തന്നെ വിട്ട് ഓടിപോകാൻ നിർബന്ധിതയാകുന്നു. അവർ സ്നേഹിച്ച കലയെയും ചരിത്രം സൃഷ്ടിക്കാൻ സഹായിച്ച ചിത്രത്തെയും പിന്നിലാക്കി അബലയായ ആ സ്ത്രീ അന്നത്തെയാ ഇരുട്ടിൽ ഓടി മറഞ്ഞത് അതിക്രൂരമായ ജാതിവെറിയുടെ ഇരുട്ടിൽ നിന്നുകൂടിയായിരുന്നു. ജീവഭയത്താൽ ഓടിയ റോസി കേശവൻ പിള്ളയുടെ ലോറിക്കു മുൻപിൽ സഹായാഭ്യർത്ഥന നടത്തുകയും അദ്ദേഹത്തിന്റെ സഹായത്തോടെ തമിഴ്‌നാട്ടിലേക്ക് നാടുപേക്ഷിച്ചു പോവുകയും ചെയ്തു.

പിന്നീട് തന്റെ പഴയ പേരായ രാജമ്മയോട് അമ്മാൾ എന്ന് കൂടി ചേർത്ത് മറ്റൊരു വ്യക്തിയായി മാറി, ജീവിതം നയിച്ച മലയാള സിനിമയുടെ ചരിത്ര സ്ത്രീ 1988 ൽ ഒരു സാധാരണ കുടുംബിനിയായി മരണപ്പെടുകയും ചെയ്തു.

1960ൽ സിനിമാ ചരിത്രകാരനും മാധ്യമ പ്രവർത്തകനുമായ ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ 'ജെ.സി ഡാനിയേലിന്റെ ജീവിതകഥ' എന്ന പുസ്തകത്തിലൂടെയായിരുന്നു ആദ്യമായി വിഗതകുമാരനെ കുറിച്ചും ആദ്യത്തെ മലയാള സിനിമ നായികയായ പികെ റോസിയെ കുറിച്ചും പറയുന്നത്. ജീവിച്ചിരിക്കുമ്പോൾ അംഗീകരിക്കപ്പെടാതെ പോയ കലാകാരിയെ ഇന്ന് ലോകം വലിയ ബഹുമതികൾ നൽകി ആദരിക്കാൻ ശ്രമിക്കുന്നു. 2012-ൽ കേരള സംസ്ഥാനത്തിന്റെ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി വർഷംതോറും നൽകുന്ന മികച്ച നടിക്കുള്ള പുരസ്കാരം പി.കെ. റോസിയുടെ പേരിൽ പുനർനാമകരണം ചെയ്യണമെന്ന് നിർദേശിച്ചു. 2015-ൽ പി.കെ. റോസി സ്മാരക സമിതിക്ക് രൂപം കൊടുത്തു. 2018-ൽ, ഇന്ത്യൻ സിനിമയിലെ ദളിത് സംസ്കാരത്തെ ആസ്പദമാക്കി സംവിധായകൻ പാ. രഞ്ജിത്തിന്റെ നീലം കൾച്ചറൽ സെന്റർ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ആദ്യ ചലച്ചിത്രോത്സവം സംഘടിപ്പിച്ചതും. പിന്നീട് ഇത് ദളിത് സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും മാസദൈർഘ്യമുള്ള ആഘോഷമായി വളരുകയും ഈ ചലച്ചിത്രോത്സവം ‘പി.കെ. റോസി ഫിലിം ഫെസ്റ്റിവൽ’ എന്ന പേരിലാണ് അറിയപ്പെടുന്നത്.

സിനിമയിലെ സ്ത്രീകളുടെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന വിമൻ ഇൻ സിനിമ കളക്റ്റീവ് (WCC), പി.കെ. റോസിക്കുള്ള ആദരസൂചകമായി 2019-ൽ ‘പി.കെ. റോസി ഫിലിം സൊസൈറ്റി’ എന്നൊരു ഫിലിം സൊസൈറ്റി ആരംഭിച്ചു. ഡബ്ല്യുസിസിയുടെ എക്സിക്യൂട്ടീവ് അംഗങ്ങളായ 11 വനിതകളടങ്ങുന്ന പൂർണ്ണമായും സ്ത്രീകളുടെ നേതൃത്വത്തിലുള്ള സമിതിയാണ് ഇത് നയിക്കുന്നത്. ലിംഗം, വർഗ്ഗം, മതം, ജാതി തുടങ്ങിയ കാരണങ്ങളാൽ സിനിമയുടെ ചരിത്രത്തിലും വ്യവസായത്തിലും നിന്ന് ഒഴിവാക്കപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തുക എന്നതാണ് ഈ സൊസൈറ്റിയുടെ ലക്ഷ്യം. 2020-ൽ ‘ബിരിയാണി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മലയാളത്തിലെ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചപ്പോൾ കനി കുസ്രുതി ആ വിജയം പി.കെ. റോസിക്ക് സമർപ്പിച്ചു. 2023 ഫെബ്രുവരി 10-ന്, പി.കെ. റോസിയുടെ 120-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഗൂഗിൾ ഒരു ഡൂഡിൽ മുഖേന അവരെ ആദരിച്ചു.

Related Stories

No stories found.
Madism Digital
madismdigital.com