

ഹീത്ത് ലെഡ്ജർ എന്ന പേര് സിനിമാ പ്രേമികളുടെ മനസ്സിലെ എക്കാലത്തെയും തീവ്രമായ ഓർമ്മകളിലൊന്നാണ്. ജോക്കറിന്‍റെ ഭ്രാന്തും ദാർശനിക യുക്തിയും ഒത്തുചേർന്ന ചിരിയും ബ്രോക്ക്‌ബാക്ക് മൗണ്ടനിലെ ഏകാന്തനായ കൗബോയിയുടെ മൗനത്തിലലിഞ്ഞ വേദനയും ലോക സിനിമയുടെ ചരിത്രത്തിൽനിന്ന് മായ്ച്ചുകളയാനാവില്ല. സ്വപ്നതുല്യമായ കരിയറിന്‍റെ ഉന്നതിയില്‍ നില്‍ക്കുമ്പോള്‍, 28-ാമത്തെ വയസ്സില്‍ ദുരൂഹതകള്‍ ബാക്കിയാക്കി മരണത്തോട് കീഴടങ്ങി. ലോകസിനിമ ഇത്രമേല്‍ വേദനച്ച മറ്റൊരു അകാല മരണമുണ്ടാകുമോയെന്ന് ഇന്നും സംശയമാണ്.
റൊമാന്റിക് ഹീറോ മുതൽ സങ്കീർണ്ണമായ പ്രതിനായകന്‍ വരെ വൈവിധ്യമാർന്ന കഥാപാത്രങ്ങൾ അസാമാന്യ മികവോടെ തിരശ്ശീലയില്‍ പകർന്നാടിയ പ്രതിഭയായിരുന്നു ഹീത്ത്. ഇനിയും ഒരുപാട് കഥാപാത്രങ്ങള്‍ അയാളെ കാത്തിരിക്കുന്നുണ്ടായിരുന്നു, പക്ഷേ സിനിമയിലേത് പോലെ ജീവിതവും ക്ലാസിക് ഹോളിവുഡ് ട്രാജഡിയായി അടയാളപ്പെടുത്തപ്പെട്ടു. തീവ്രമായ മാനസിക സമ്മർദ്ദങ്ങള്‍ എങ്ങനെയാണ് മഹത്തായ കരിയറിനെയും ഒട്ടേറെ ബാക്കിയുണ്ടായിരുന്ന ഒരു ജീവിതത്തെയും നശിപ്പിക്കുമെന്ന് അദ്ദേഹത്തിന്റെ കഥ നമ്മെ ഓർമ്മിപ്പിക്കുന്നു.
1979 ഏപ്രിൽ 4-ന് ഓസ്ട്രേലിയയിലെ പെർത്ത് നഗരത്തിൽ ജനിച്ച ഹീത്ത് ആൻഡ്രൂ ലെഡ്ജറിന്റെ ബാല്യകാലം സാധാരണമായിരുന്നില്ല. പിതാവ് കിം ലെഡ്ജർ റേസ് കാർ ഡ്രൈവറും മൈനിങ് എഞ്ചിനീയറുമായിരുന്നു. മാതാവ് സാലി റാംഷോ ഫ്രഞ്ച് ഭാഷാ അധ്യാപികയും ഹീമറ്റോളജി ടെക്നീഷ്യനുമായിരുന്നു. എമിലി ബ്രോണ്ടെയുടെ ‘വുതറിങ് ഹൈറ്റ്സ്’ നോവലിലെ ഹീത്ത്ക്ലിഫ് എന്ന കഥാപാത്രത്തിന്റെ പേരാണ് ഇരുവരും മകന് നല്‍കിയത്, ഹീത്ത് ആൻഡ്രൂ ലെഡ്ജർ. പത്താം വയസ്സിൽ മാതാപിതാക്കള്‍ വിവാഹമോചിതരായത് ഹീത്തിന്‍റെ കുഞ്ഞു മനസ്സിനെ ആഴത്തിൽ മുറിവേൽപ്പിച്ച സംഭവങ്ങളിലൊന്നായിരുന്നു.
സഹോദരി കേറ്റ് ലെഡ്ജറാണ് അഭിനയത്തിലേക്കുള്ള താല്‍പ്പര്യം ജനിപ്പിക്കുന്നത്. ഒരിക്കല്‍ സ്കൂൾ നാടകങ്ങളുടെ ഭാഗമാവാന്‍ കേറ്റ് ലെഡ്ജർ ഹീത്തിനെ നിർബന്ധിച്ചു പറഞ്ഞയച്ചു. ആദ്യാനുഭവം മികച്ചതായതോടെ അഭിനയത്തോടുള്ള താൽപ്പര്യവും ഹീത്തില്‍ വളർന്നു. ഗിൽഡ്‌ഫോർഡ് ഗ്രാമർ സ്കൂളിൽ പീറ്റർ പാൻ ആയി വേഷമിട്ടത് ആ കാലത്തെ മികച്ച അനുഭവങ്ങള്‍ സമ്മാനിച്ചു. ബാല്യാനുഭവങ്ങളുടെ തുടർച്ച സംഭവിച്ചതോടെ ഒരു അഭിനേതാവകണമെന്ന് ഹീത്ത് ഉറപ്പിച്ചു.
16-ാം വയസ്സിൽ സിഡ്നിയിലേക്ക് താമസം മാറ്റിയ ഹീത്ത് ടെലിവിഷൻ മേഖലയിലേക്ക് ചുവടുവെച്ചു. 1996-ൽ ‘സ്വീറ്റ്’ എന്ന സീരിയലിലൂടെ അരങ്ങേറ്റം. ‘ഹോം ആന്റ് അവേ’ സോപ്പ് ഓപ്പറയിലും ‘റോർ’ എന്ന മിത്തോളജിക്കൽ സീരിയലിലും ശ്രദ്ധ പിടിച്ചുപറ്റി. 1999-ൽ ഓസ്ട്രേലിയൻ ക്രൈം ഡ്രാമ ‘ടു ഹാൻഡ്സ്’ വഴി വലിയ സ്ക്രീനിലെത്തിയ ഹീത്ത്, അതേവർഷം തന്നെ ഹോളിവുഡിലും ബ്രേക്ക്ത്രൂ നേടി. ജൂലിയ സ്റ്റൈൽസിനൊപ്പം അഭിനയിച്ച ‘10 തിങ്സ് ഐ ഹേറ്റ് അബൗട്ട് യൂ’ എന്ന ടീൻ റൊമാന്റിക് കോമഡിയിലെ പാട്രിക് വെറോണ റോൾ അദ്ദേഹത്തെ യുവ ഐക്കണാക്കി മാറ്റി. ഇതിനു ശേഷം ഹോളിവുഡിന്റെ വാതിലുകൾ അദ്ദേഹത്തിന് വേണ്ടി പൂർണമായി തുറന്നു.
മെൽ ഗിബ്സണിനൊപ്പം ‘ദി പട്രിയറ്റ്’ എന്ന ചരിത്ര ഡ്രാമയിൽ യുവ സൈനികനായി അഭിനയിച്ച ഹീത്ത്, ‘എ മോൺസ്റ്റേഴ്സ് ബാൾ’, ‘നെഡ് കെല്ലി’, ‘ലോർഡ്സ് ഓഫ് ഡോഗ്‌ടൗൺ’, ‘കാസനോവ’ തുടങ്ങിയ ചിത്രങ്ങളിലൂടെ വ്യത്യസ്ത കഥാപാത്രങ്ങൾ അവതരിപ്പിച്ചു. റൊമാന്റിക് നായകനിൽ നിന്ന് കഠിനമായ ഔട്ട്‌ലോ വേഷങ്ങൾ വരെ അനായാസം കൈകാര്യം ചെയ്ത അദ്ദേഹം ഹോളിവുഡിന്റെ ഏറ്റവും വാഗ്ദാനമുള്ള യുവ അഭിനേതാക്കളിലൊരാളായി ഉയർന്നു. മ്യൂസിക് വീഡിയോകൾ സംവിധാനം ചെയ്യുന്നതിലും അദ്ദേഹത്തിന് വലിയ താൽപ്പര്യമുണ്ടായിരുന്നു. ഭാവിയിൽ ഡയറക്ടറാകാനുള്ള സ്വപ്നവും അദ്ദേഹം സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്നു.
2005-ൽ ആങ് ലീ സംവിധാനം ചെയ്ത ‘ബ്രോക്ക്‌ബാക്ക് മൗണ്ടൻ’ ഹീത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു. ജേക്ക് ഗില്ലൻഹാളിനൊപ്പം അവതരിപ്പിച്ച എന്നിസ് ഡെൽ മാർ എന്ന ഗേ കൗബോയ് റോൾ ലോക സിനിമയെ ഞെട്ടിച്ചു. ഏകാന്തതയുടെ ആഴവും മൗനത്തിലെ വേദനയും അദ്ദേഹം അസാധാരണമായി അവതരിപ്പിച്ച ഈ റോളിന് ഓസ്കാർ നോമിനേഷൻ ലഭിച്ചു. ചിത്രീകരണ സെറ്റിൽ വച്ച് മിഷേൽ വില്യംസിനെ കണ്ടുമുട്ടിയ ഹീത്ത് അവരുമായി പ്രണയത്തിലായി. 2005 ഒക്ടോബർ 28-ന് മകൾ മാതിൽഡ റോസ് ലെഡ്ജറുടെ ജനനം അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്നായിരുന്നു. എന്നാൽ 2007-ൽ മിഷേലുമായുള്ള വേർപിരിയൽ അദ്ദേഹത്തെ മാനസികമായി തകർത്തു. ഇൻസോമ്നിയയും ഡിപ്രഷനും അദ്ദേഹത്തെ ആഴത്തിൽ വേട്ടയാടാൻ ആരംഭിക്കുന്നത് ഈ ഘട്ടത്തിലാണ്.
ക്രിസ്റ്റഫർ നോളന്റെ ‘ദി ഡാർക്ക് നൈറ്റ്’ എന്ന ബാറ്റ്മാൻ ചിത്രത്തിലെ ജോക്കർ റോൾ ഹീത്ത് ലെഡ്ജറിനെ സിനിമാ ചരിത്രത്തിലെ അനശ്വരനാക്കിയത്. മുഖമുദ്രയില്ലാതെ, ഭ്രാന്തിന്റെയും ദാർശനികതയുടെയും അടിയാഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന ഹീത്ത് ഹോളിവുഡില്‍ പുതിയ ബെഞ്ച് മാർക്ക് തന്നെ സൃഷ്ടിച്ചു. ‘ദി ഡാർക്ക് നൈറ്റ്’ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം ‘ദി ഇമാജിനേറിയം ഓഫ് ഡോക്ടർ പാർനാസസ്’ എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിരുന്നു. എന്നാൽ 2008 ജനുവരി 22-ന് ന്യൂയോർക്കിലെ സോഹോയിലെ അപ്പാർട്ട്മെന്റിൽ ബോധരഹിതനായി കണ്ടെത്തപ്പെട്ട താരം പിന്നീട് ഒരിക്കലും എഴുന്നേറ്റില്ല. പ്രിസ്ക്രിപ്ഷൻ മരുന്നുകളുടെ അമിത ഉപയോഗമാണ് മരണകാരണമെന്നായിരുന്നു ഡോക്ടർമാരുടെ വിലയിരുത്തല്‍. അദ്ദേഹത്തിന്‍റെ സൂക്ഷ്മാഭിനയം പോലെ ദുരൂഹമായിരുന്നു ആ മരണവും. പലർക്കും വിശ്വസിക്കാനായില്ലെങ്കിലും ‘ദി ഡാർക്ക് നൈറ്റ്’ അദ്ദേഹത്തിലുണ്ടാക്കിയ മാനസിക വെല്ലുവിളികളാണ് മരണത്തിന് പിന്നിലെന്ന അഭ്യൂഹവും പിന്നാലെയുണ്ടായി.
താരത്തിന്‍റെ മരണത്തിനു ശേഷം റിലീസ് ചെയ്ത ‘ദി ഡാർക്ക് നൈറ്റ്’ വൻ വിജയമായി. ജോക്കർ റോളിന് ഹീത്ത് ലെഡ്ജർ ഗോൾഡൻ ഗ്ലോബ്, ബാഫ്റ്റ, ഓസ്ട്രേലിയൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അവാർഡുകൾ ഉൾപ്പെടെ നിരവധി ബഹുമതികൾ നേടി. 2009-ൽ 81-ാം ഓസ്കാർ ദാനച്ചടങ്ങിൽ ബെസ്റ്റ് സപ്പോർട്ടിങ് ആക്ടർ അവാർഡ് പോസ്റ്റുമസായി ലഭിച്ചു. പീറ്റർ ഫിഞ്ചിനു ശേഷം ഈ നേട്ടം കൈവരിച്ച രണ്ടാമത്തെ ഓസ്ട്രേലിയൻ അഭിനേതാവ് എന്ന ബഹുമതിയും അദ്ദേഹത്തിനുണ്ട്. ‘പാർനാസസ്’ ചിത്രം പൂർത്തിയാക്കാൻ ജോണി ഡെപ്പ്, ജൂഡ് ലോ, കോളിൻ ഫാരെൽ എന്നിവർ അദ്ദേഹത്തിന്റെ റോൾ ഭാഗങ്ങൾ ഏറ്റെടുത്തു. പെർത്തിലെ ഫ്യൂണറലിനു ശേഷം ലോസ് ഏഞ്ചലസിലും പ്രൈവറ്റ് മെമോറിയൽ നടന്നിരുന്നു.
English Summary: A brief look at Heath Ledger’s life, rise in Hollywood, iconic performances like Joker and Brokeback Mountain, and his tragic early death that cemented his legacy.