ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് (എല്‍സിയു) അവസാനിക്കുന്നില്ലെന്ന് വ്യക്തമാക്കി സംവിധായകന്‍ ലോകേഷ് കനകരാജ്. ഫ്രാഞ്ചൈസിയുടെ ഭാവിയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്ന അഭ്യൂഹങ്ങള്‍ക്ക് ഇതോടെ വിരാമമായി. അഭിനയ അരങ്ങേറ്റം ഉള്‍പ്പെടെ നിരവധി പ്രോജക്റ്റുകളുമായി ലോകേഷ് തിരക്കിലായ പശ്ചാത്തലത്തിലാണ് എല്‍സിയു അവസാനിക്കുകയാണോ എന്ന ചര്‍ച്ചകള്‍ സജീവമായത്. രാഘവ ലോറന്‍സ് നായകനാകുന്ന 'ബെന്‍സ്' എന്ന ചിത്രത്തിന് ശേഷം എല്‍സിയു തുടരുമോ എന്ന ചോദ്യങ്ങളും ഉയര്‍ന്നിരുന്നു.
എല്‍സിയു നിര്‍ത്തുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ലെന്ന് ലോകേഷ് വ്യക്തമാക്കി. ഗലാട്ട പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹത്തിന്റെ പ്രതികരണമുള്ളത്. 'എല്‍സിയു അവസാനിപ്പിച്ചു എന്ന തരത്തില്‍ ചില ചര്‍ച്ചകള്‍ നടക്കുന്നത് ശ്രദ്ധയില്‍ പെട്ടു. ആവശ്യമെങ്കില്‍ ഞാന്‍ എന്റെ പ്രൊഡക്ഷന്‍ ഹൗസായ 'ജി സ്‌ക്വാഡ്' പൂട്ടിയേക്കാം, പക്ഷേ എനിക്ക് എല്‍സിയു അവസാനിപ്പിക്കാന്‍ കഴിയില്ല. സത്യത്തില്‍, ഞാന്‍ തനിയെ ഇട്ട പേരല്ല ഇത്, ഓണ്‍ലൈനില്‍ ആരാധകര്‍ നല്‍കിയ ഒരു ടാഗ് ആണ്, അത് ഞാന്‍ ഏറ്റെടുത്തു എന്ന് മാത്രം. ഇപ്പോഴും ഞാന്‍ അത് തന്നെയാണ് പിന്തുടരുന്നത്', ലോകേഷ് പറഞ്ഞു.
ഈ ഫ്രാഞ്ചൈസിയില്‍ താന്‍ ചെയ്യാനിരിക്കുന്ന വലിയ പ്രോജക്റ്റുകളെക്കുറിച്ചും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പെട്ടെന്നൊരു ദിവസം ഇതില്‍ നിന്ന് പിന്മാറാന്‍ കഴിയില്ലെന്ന് ലോകേഷ് പറഞ്ഞു. 'പെട്ടെന്ന് വന്ന് ഇനി എല്‍സിയു സിനിമകള്‍ ചെയ്യില്ല എന്ന് പറയാന്‍ കഴിയില്ല. 'കൈതി 2', 'വിക്രം 2', അല്ലെങ്കില്‍ സൂര്യയുടെ 'റോളക്‌സ്' സോളോ ചിത്രം എന്നിവയെല്ലാം എന്റെ കരാറുകളാണ്. എല്‍സിയു അവസാനിച്ചിട്ടില്ല, അത് തുടരും. അല്ലു അര്‍ജുന്‍ സാറിന്റെ ചിത്രം പൂര്‍ത്തിയാക്കിയ ശേഷം ഞാന്‍ ഇതിലേക്ക് തിരികെയെത്തും. കൂടാതെ, എന്റെ പ്രൊഡക്ഷന്‍ ബാനറില്‍ ഒരുങ്ങുന്ന 'ബെന്‍സ്' എന്ന ചിത്രവും എല്‍സിയുവിന്റെ ഭാഗമാണ്', ലോകേഷ് വ്യക്തമാക്കി.
2019-ല്‍ കാര്‍ത്തി നായകനായ 'കൈതി'യിലൂടെയാണ് ലോകേഷ് യൂണിവേഴ്‌സിന് തുടക്കമാകുന്നത്. പിന്നീട് 2022-ല്‍ കമല്‍ ഹാസന്‍ നായകനായ 'വിക്രം', 2023-ല്‍ വിജയ് നായകനായ 'ലിയോ' എന്നീ ചിത്രങ്ങളിലൂടെ ഇത് കൂടുതല്‍ വികസിച്ചു. അടുത്ത ഭാഗത്തെക്കുറിച്ച് കുറച്ചുകാലം ലോകേഷ് മൗനം പാലിച്ചിരുന്നെങ്കിലും, 2024-ല്‍ 'ബെന്‍സ്' പ്രഖ്യാപിച്ചു. ഭാഗ്യരാജ് കണ്ണന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ലോകേഷ് തന്നെയാണ് നിര്‍മ്മിക്കുന്നത്. രാഘവ ലോറന്‍സും രവി മോഹനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം 2026-ല്‍ തിയറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
രജനികാന്ത് മുഖ്യവേഷത്തിലെത്തിയ, വലിയ താരനിര അണിനിരന്ന 2025-ലെ 'കൂലി'യായിരുന്നു ലോകേഷിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന 'ഡിസി' എന്ന ചിത്രത്തിലൂടെ നടനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് അദ്ദേഹം. വാമിഖ ഗബ്ബിയാണ് ചിത്രത്തില്‍ ലോകേഷിന്റെ നായികയായി എത്തുന്നത്. ജൂലൈ 31-നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ഇതിനുപുറമേ, അല്ലു അര്‍ജുന്‍ നായകനാകുന്ന താല്‍ക്കാലികമായി 'AA23' എന്ന് പേരിട്ടിരിക്കുന്ന ആക്ഷന്‍ ചിത്രം സമിധാനം ചെയ്യാനും അദ്ദേഹം തയ്യാറെടുക്കുകയാണ്. ഈ തിരക്കുകള്‍ കാരണം കാര്‍ത്തി, കമല്‍ ഹാസന്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളിലേക്ക് അദ്ദേഹം എപ്പോള്‍ മടങ്ങിവരുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. ആ ആശയക്കുഴപ്പമാണ് ഇപ്പോള്‍ അദ്ദേഹം തന്നെ പരിഹരിച്ചിരിക്കുന്നത്. 'വിക്രം' സിനിമയിലെ സൂര്യയുടെ വില്ലന്‍ കഥാപാത്രത്തെ ആസ്പദമാക്കിയുള്ള സ്പിന്‍-ഓഫ് ചിത്രമാണ് 'റോളക്‌സ്'.
Director Lokesh Kanagaraj has dismissed rumours that the Lokesh Cinematic Universe (LCU) is coming to an end, assuring fans that the franchise will continue with several major projects. He confirmed that Kaithi 2, Vikram 2, and a standalone Rolex featuring Suriya's character are all part of his commitments. Lokesh said he could never abandon the LCU, adding that the name itself was coined by fans and later embraced by him. He also confirmed that Benz, produced under his G Squad banner, is part of the LCU. After completing his action film with Allu Arjun, Lokesh plans to return to expanding the cinematic universe.