

72-ാമത് ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനങ്ങൾ ഇന്ത്യൻ സിനിമാലോകത്ത് വലിയ ചർച്ചയാകുമ്പോൾ, ഓരോ മലയാളിയുടെയും മനസ്സിൽ അഭിമാനം വാനോളമാണ്. കാരണം മറ്റൊന്നുമല്ല, അഭിനയ ചക്രവർത്തി മമ്മൂട്ടി എന്ന വിസ്മയം വീണ്ടുമൊരു ദേശീയ പുരസ്കാര തിളക്കത്തിൽ നിൽക്കുകയാണ്. ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനൊപ്പം, ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരുടെ പട്ടികയിൽ തലയുയർത്തി നിൽക്കുകയാണ് നമ്മുടെ സ്വന്തം മമ്മൂക്ക. അഭിനയത്തിന്റെ പൂർണ്ണത കൊണ്ട് മമ്മൂക്ക മുൻപ് സ്വന്തമാക്കിയത് 3 ദേശീയ പുരസ്കാരങ്ങളായിരുന്നെങ്കിൽ, ഇപ്പോഴിതാ നീണ്ട 28 വർഷത്തെ കാത്തിരിപ്പിനൊടുവിൽ 'കൊടുമൺ പോറ്റി'യിലൂടെ തന്റെ നാലാമത്തെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും അദ്ദേഹം ചരിത്രത്താളുകളിൽ കുറിച്ചിരിക്കുന്നു
മമ്മൂട്ടി എന്ന നടന്റെ അഭിനയജീവിതത്തിലെ സുവർണ്ണ വർഷങ്ങളിലൊന്നായിരുന്നു 1989. വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ നോവലിനെ ആസ്പദമാക്കി അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത 'മതിലുകൾ' എന്ന ചിത്രത്തിലെ ബഷീറായുള്ള പകർന്നാട്ടവും, ഹരിഹരൻ-എം.ടി കൂട്ടുകെട്ടിൽ പിറന്ന 'ഒരു വടക്കൻ വീരഗാഥ'യിലെ ചന്തു ചേകവരും മമ്മൂക്കയ്ക്ക് ആദ്യത്തെ ദേശീയ പുരസ്കാരം നേടിക്കൊടുത്തു. പ്രണയവും ഏകാന്തതയും നിറഞ്ഞ ബഷീറിനെയും, ചരിത്രം ചതിയനെന്ന് വിളിച്ച വീരനായ ചന്തുവിനെയും ഒരേ വർഷം വെള്ളിത്തിരയിൽ അനശ്വരമാക്കിയ ആ പ്രകടനത്തിന് മുന്നിൽ ജൂറിക്ക് മറ്റ് മറുപടികളില്ലായിരുന്നു.
തന്റെ രണ്ടാമത്തെ ദേശീയ പുരസ്കാരത്തിലൂടെ മമ്മൂട്ടി വീണ്ടും സിനിമാലോകത്തെ ഞെട്ടിച്ചു. ടി.വി. ചന്ദ്രൻ സംവിധാനം ചെയ്ത 'പൊന്തൻമാട'യിലെ മാട എന്ന പാര്‍ശ്വവല്‍കൃത കഥാപാത്രവും, അടൂർ ഗോപാലകൃഷ്ണന്റെ 'വിധേയൻ' എന്ന ചിത്രത്തിലെ ക്രൂരനായ ഭാസ്കര പട്ടേലരും മമ്മൂട്ടിയുടെ അഭിനയത്തിന്റെ രണ്ട് ധ്രുവങ്ങളായിരുന്നു. വിധേയത്വവും ക്രൂരതയും ഒരേസമയം കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിന്റെ അസാധ്യമായ കഴിവാണ് ഈ ചിത്രങ്ങളിലൂടെ രാജ്യം ആദരിച്ചത്.
ഇന്ത്യൻ ഭരണഘടനയുടെ ശില്പിയായ ഡോ. ബി.ആർ അംബേദ്കറുടെ ജീവിതം വെള്ളിത്തിരയിൽ എത്തിച്ചപ്പോൾ ആ കഥാപാത്രമാകാൻ ജബ്ബാർ പട്ടേൽ എന്ന സംവിധായകന് മമ്മൂട്ടിയെയല്ലാതെ മറ്റാരെയും ചിന്തിക്കാൻ കഴിഞ്ഞിരുന്നില്ല. രൂപത്തിലും ഭാവത്തിലും ശബ്ദത്തിലും അംബേദ്കറായി മമ്മൂട്ടി മാറിയപ്പോൾ അത് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ബയോപിക്കുകളിൽ ഒന്നായി മാറി. മമ്മൂക്കയുടെ കരിയറിലെ മൂന്നാമത്തെ മികച്ച നടനുള്ള ദേശീയ പുരസ്കാരം 1998 ഈ ചിത്രത്തിലൂടെ അദ്ദേഹത്തെ തേടിയെത്തി
വർഷങ്ങൾ ഒരുപാടുകഴിഞ്ഞിട്ടും മമ്മൂട്ടിയിലെ നടന്റെ അഭിനയവീര്യം കുറഞ്ഞിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു രാഹുൽ സദാശിവൻ സംവിധാനം ചെയ്ത 'ഭ്രമയുഗം'. ബ്ലാക്ക് ആൻഡ് വൈറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിൽ നെഗറ്റീവ് ഷേഡുള്ള 'കൊടുമൺ പോറ്റി'യായി മമ്മൂക്ക പകർന്നാടിയപ്പോൾ തിയറ്ററുകൾ അക്ഷരാർത്ഥത്തിൽ ഭയന്നു വിറച്ചു. 28 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിക്ക് നാലാമത്തെ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്തത് ഈ അവിസ്മരണീയ പ്രകടനമാണ്.
നാല് തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി എന്ന അത്യപൂർവ്വ നേട്ടത്തോടെ ബോളിവുഡിന്റെ മെഗാസ്റ്റാർ അമിതാഭ് ബച്ചനൊപ്പമാണ് ഇപ്പോൾ മമ്മൂട്ടി എത്തിനിൽക്കുന്നത്. 'അഗ്നിപഥ്' (1990), 'ബ്ലാക്ക്' (2005), 'പാ' (2009) എന്നീ ചിത്രങ്ങൾക്ക് ശേഷം 2015-ൽ പുറത്തിറങ്ങിയ 'പീക്കു' (Piku) എന്ന ചിത്രത്തിലെ ഭാസ്കർ ബാനർജി എന്ന കഥാപാത്രത്തിലൂടെയാണ് അമിതാഭ് ബച്ചൻ തന്റെ നാലാമത്തെ മികച്ച നടനുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയത്.
ഇപ്പോൾ ഇതാ, 2026-ൽ 'ഭ്രമയുഗ'ത്തിലൂടെ മമ്മൂട്ടിയും ആ നാലാം പുരസ്കാര നേട്ടത്തിൽ മുത്തമിട്ട് അമിതാഭ് ബച്ചനൊപ്പം സിംഹാസനം പങ്കിടുന്നു. ഇന്ത്യൻ സിനിമയുടെ ചരിത്രമുള്ളിടത്തോളം കാലം ഈ രണ്ട് ഇതിഹാസങ്ങളുടെ പേരുകൾ ഒന്നിച്ച് തന്നെയുണ്ടാകും.
Mammootty has won his fourth National Film Award for Best Actor with his performance in Bramayugam, ending a 28-year wait. With this achievement, the Malayalam superstar joins Amitabh Bachchan among the actors with four National Best Actor awards