മോഹന്‍ലാലുമായുള്ള സൗഹൃദത്തെക്കുറിച്ച് മനസ്സുതുറന്ന് മമ്മൂട്ടി. അനുപമ ചോപ്രയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇച്ചാക്കയുടെ പ്രതികരണം. സ്റ്റാര്‍ഡമൊന്നും ഒരിക്കലും ഞങ്ങളുടെ ചുമലിലുണ്ടായിരുന്നില്ല. ഞങ്ങള്‍ ഒരുമിച്ച് വരുന്നിടങ്ങളില്‍ എന്തെങ്കിലും ഡിമാന്‍ഡുകളൊന്നും ഒരിക്കലും മുന്നോട്ടുവെച്ചിട്ടില്ല. സാധാരണക്കാരെപ്പോലെ പരസ്പരം നല്ല സൗഹൃദം സൂക്ഷിച്ചാണ് ഞങ്ങളിരുവരും കഴിഞ്ഞിരുന്നതെന്ന് മമ്മൂട്ടി പറഞ്ഞു.
മമ്മൂട്ടിയുടെ വാക്കുകള്‍;
ഞങ്ങളെ എന്നും സുഹൃത്തുക്കളായിരുന്നു, ഞങ്ങളുടെ കുടുംബവും സമാന തലത്തില്‍ അടുപ്പമുള്ളവരാണ്. നോക്കൂ, പാട്രിയേറ്റിന്റെ ചിത്രീകരണ വേളയില്‍ ലാലിന്റെ മാനേജര്‍ ആന്റണിയാണ് എന്റെ കാര്യങ്ങള്‍ നോക്കിയിരുന്നത്. എന്റെ മാനേജര്‍ ആന്റോയാണ് അവനൊപ്പം ശ്രീലങ്കയിലുണ്ടായിരുന്നത്. സൂപ്പര്‍ സ്റ്റാര്‍ പരിവേഷങ്ങളൊന്നും ഞങ്ങളെ ജീവിതത്തെ ഒരിക്കലും ബാധിച്ചിട്ടില്ല. അത്തരം ശാഠ്യങ്ങളൊന്നും ഞങ്ങളുടെ ചുമലിലുണ്ടായിരുന്നില്ല. സാധാരണക്കാരെപ്പോലെ ജീവിക്കുന്ന മനുഷ്യരാണ് ഞങ്ങള്‍, നല്ല സുഹൃത്തുക്കള്‍. ഏറ്റവും പ്രിയപ്പെട്ട ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന രണ്ട് സുഹൃത്തുക്കള്‍.
മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ താരങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന പേട്രിയറ്റ് ഏപ്രില്‍ 23ന് ആഗോള തലത്തില്‍ തിയേറ്ററുകളിലെത്തും. ചിത്രത്തിലെ ആറ് പ്രധാന കഥാപാത്രങ്ങളുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, നയന്‍താര, രാജീവ് മേനോന്‍, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, എന്നിവരുടെ പോസ്റ്ററുകളാണ് റിലീസ് ചെയ്തത്. രേവതി, ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍ എന്നിവരും പേട്രിയറ്റിലെ പ്രധാന കഥാപാത്രങ്ങളാണ്. മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടുന്ന സംവിധായകനും തീയറ്റര്‍ ആര്‍ട്ടിസ്റ്റുമായ പ്രകാശ് ബെലവാടിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
മലയാളത്തില്‍ ഇന്നേവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്. 2024 നവംബറില്‍ ശ്രീലങ്കയില്‍ ഷൂട്ടിങ് ആരംഭിച്ച പേട്രിയറ്റ് ഇന്ത്യ, ശ്രീലങ്ക, യുകെ, അസര്‍ബൈജാന്‍, യുഎഇ എന്നിവിടങ്ങളില്‍ വിവിധ ലൊക്കേഷനുകളിലാണ് ചിത്രീകരിച്ചത്. ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളും പ്രധാന ലൊക്കേഷനുകളായി ചിത്രത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു.
English Summary: Mammootty opened up about his close friendship with Mohanlal, saying stardom never affected their bond. He described their relationship as genuine and heartfelt, while their upcoming film Patriot brings them together again on a grand scale.