ബോക്‌സ് ഓഫീസില്‍ അച്ഛനും മകനും നേര്‍ക്കുനേര്‍; മമ്മൂട്ടിയുടെ 'ഓമും' ദുല്‍ഖറിന്റെ 'ആകാശംലോ ഒക താര'യും നാളെ തിയറ്ററുകളില്‍

അച്ഛന്റെയും മകന്റെയും സിനിമകള്‍ രണ്ട് വ്യത്യസ്ത ഭാഷാ ഇന്‍ഡസ്ട്രികളില്‍ നിന്നുകൊണ്ട് ഒരേസമയം തിയറ്ററുകളില്‍ എത്തുന്ന അപൂര്‍വ നിമിഷത്തിന്റെ ആവേശത്തിലാണ് ആരാധകര്‍.
ബോക്‌സ് ഓഫീസില്‍ അച്ഛനും മകനും നേര്‍ക്കുനേര്‍; മമ്മൂട്ടിയുടെ 'ഓമും' ദുല്‍ഖറിന്റെ 'ആകാശംലോ ഒക താര'യും നാളെ തിയറ്ററുകളില്‍
Published on: 

മലയാളത്തിന്റെ പ്രിയതാരങ്ങളായ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും തങ്ങളുടെ പുതിയ ചിത്രങ്ങളുമായി നാളെ (ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തുകയാണ്. മമ്മൂട്ടിയും ധനുഷും കേന്ദ്രകഥാപാത്രങ്ങളാകുന്ന തമിഴ് ചിത്രം 'ഓം', ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന തെലുങ്ക് ചിത്രം 'ആകാശംലോ ഒക താര' (എഒടി) എന്നിവയാണ് ഒരേദിവസം റിലീസ് ചെയ്യുന്നത്. അച്ഛന്റെയും മകന്റെയും സിനിമകള്‍ രണ്ട് വ്യത്യസ്ത ഭാഷാ ഇന്‍ഡസ്ട്രികളില്‍ നിന്നുകൊണ്ട് ഒരേസമയം തിയറ്ററുകളില്‍ എത്തുന്ന അപൂര്‍വ നിമിഷത്തിന്റെ ആവേശത്തിലാണ് ആരാധകര്‍.

ഈ ഇരട്ടിവിരുന്നിന് മാറ്റ് കൂട്ടാനായി മമ്മൂട്ടി കമ്പനി പുറത്തുവിട്ട പുതിയ പ്രൊമോഷന്‍ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. 19 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഇരുവരും തെലുങ്കിലാണ് സംസാരിക്കുന്നത്. 'ആകാശംലോ ഒക താര' നാളെ റിലീസ് ചെയ്യുകയാണെന്ന് മമ്മൂട്ടി പറയുമ്പോള്‍, അതിനൊപ്പം 'ഓം' എന്ന ചിത്രവും തിയറ്ററുകളിലെത്തുന്നുണ്ടെന്ന് ദുല്‍ഖര്‍ സല്‍മാന്‍ കൂട്ടിച്ചേര്‍ക്കുന്നു.

'അമരന്‍' എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം രാജ്കുമാര്‍ പെരിയസാമി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് 'ഓം'. ഏകദേശം ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും ഒരു തമിഴ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. 'ബര്‍മ കാര്‍ത്തിക്കേയന്‍' എന്ന ശക്തമായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ധനുഷിന്റെ കഥാപാത്രം എന്താണെന്ന് അണിയറപ്രവര്‍ത്തകര്‍ ഇതുവരെ സസ്‌പെന്‍സായി നിലനിര്‍ത്തിയിരിക്കുകയാണ്. നിത്യ റെഡ്ഡി എന്ന സിബിഐ ഉദ്യോഗസ്ഥയായി സായി പല്ലവിയും മറ്റൊരു പ്രധാന വേഷത്തില്‍ ശ്രീലീലയും ചിത്രത്തിലുണ്ട്. നസ്രുദീന്‍ ഷാ, ഇന്ദ്രന്‍സ്, രേണു ദേശായി, കലൈറാണി, സഞ്ജയ് സ്വരൂപ് എന്നിവരാണ് മറ്റ് താരങ്ങള്‍.

ബോക്‌സ് ഓഫീസില്‍ അച്ഛനും മകനും നേര്‍ക്കുനേര്‍; മമ്മൂട്ടിയുടെ 'ഓമും' ദുല്‍ഖറിന്റെ 'ആകാശംലോ ഒക താര'യും നാളെ തിയറ്ററുകളില്‍
രാമായണത്തിലെ രംഗങ്ങൾ മതവികാരം വ്രണപ്പെടുത്തുന്നു; ചിത്രം ബഹിഷ്‌കരിക്കാൻ ഹിന്ദു ജനജാഗൃതി സമിതി

മറുവശത്ത്, 'മഹാനടി', 'സീതാ രാമം', 'ലക്കി ഭാസ്‌കര്‍' എന്നീ വമ്പന്‍ വിജയങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന തെലുങ്ക് ചിത്രമാണ് 'ആകാശംലോ ഒക താര'. പവന്‍ സാദിനേനി സംവിധാനം ചെയ്യുന്ന ഈ പാന്‍ ഇന്ത്യന്‍ ചിത്രത്തില്‍ പുതുമുഖം സാത്വിക വീരവല്ലിയാണ് നായിക. സമൂഹം മുന്നോട്ടുവെക്കുന്ന അതിര്‍വരമ്പുകള്‍ മറികടന്ന് സ്വന്തം സ്വപ്നങ്ങളിലേക്ക് കുതിക്കാന്‍ ശ്രമിക്കുന്ന കല്പന എന്ന പെണ്‍കുട്ടിക്ക് പിന്തുണയുമായി നില്‍ക്കുന്ന കൃഷ്ണയുടെ കഥയാണ് ചിത്രം പറയുന്നത്. റൂഹാനി, മുരളി ശര്‍മ, സ്വാസിക എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

സിനിമകളുടെ റിലീസിനോടനുബന്ധിച്ച് ദുല്‍ഖര്‍ പങ്കുവെച്ച രസകരമായ വിശേഷങ്ങളും ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. രണ്ട് ചിത്രങ്ങളും ഒരേദിവസം റിലീസ് ചെയ്യുന്നത് ഇരുവര്‍ക്കും വലിയ സന്തോഷമുള്ള കാര്യമാണെന്ന് ദുല്‍ഖര്‍ പറഞ്ഞു. ഉമ്മ ആദ്യം ഏത് സിനിമയായിരിക്കും കാണുക എന്ന ചോദ്യത്തിന്, ഉമ്മയ്ക്ക് തന്നോടാണ് അല്പം ചായ്വ് കൂടുതലെന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി. 'ഞാന്‍ ഇത്രയും വര്‍ഷമായി അഭിനയിക്കുന്നു, പക്ഷേ എന്റെ അടുത്ത് സിനിമയെക്കുറിച്ച് ചോദിക്കാനോ കാണാനോ ഉമ്മ ഇങ്ങനെ നിന്നിട്ടില്ല. എന്നാല്‍ നീ വന്നതിനുശേഷം നിന്റെ എല്ലാ സിനിമകളും അത്രയേറെ താല്പര്യത്തോടെയാണ് കാണുന്നത്' എന്ന് വാപ്പ എപ്പോഴും പറയാറുണ്ടെന്നും ദുല്‍ഖര്‍ വ്യക്തമാക്കി.

അതേസമയം, 'ആകാശംലോ ഒക താര'യുടെ പ്രൊമോഷന്‍ വേദിയില്‍ വെച്ച് പ്രമുഖ നിര്‍മാതാവ് അല്ലു അരവിന്ദ് നടത്തിയ പരാമര്‍ശവും ആരാധകര്‍ക്ക് പുതിയ പ്രതീക്ഷ നല്‍കുന്നുണ്ട്. മമ്മൂട്ടിയെയും ദുല്‍ഖറിനെയും ഒന്നിപ്പിച്ച് ഒരു സിനിമ നിര്‍മ്മിക്കാന്‍ ആഗ്രഹമുണ്ടെന്ന് അല്ലു അരവിന്ദ് പറഞ്ഞപ്പോള്‍, താന്‍ എപ്പോഴും തയ്യാറാണെന്നും വാപ്പയാണ് സമ്മതിക്കേണ്ടതെന്നുമായിരുന്നു ദുല്‍ഖറിന്റെ മറുപടി. മമ്മൂട്ടിയെ താന്‍ സമ്മതിപ്പിച്ചോളാം എന്ന് നിര്‍മാതാവ് ഉറപ്പുനല്‍കിയതോടെ, എങ്കില്‍ താന്‍ ഇപ്പോള്‍ തന്നെ അഭിനയിക്കാന്‍ തയ്യാറാണെന്ന് ദുല്‍ഖറും ആവേശത്തോടെ മറുപടി നല്‍കി.

Summary

Malayalam cinema stars Mammootty and Dulquer Salmaan are set for a special box-office face-off as their upcoming films, the Tamil movie Om and the Telugu film Aakasamlo Oka Tara (AOT), are scheduled to release worldwide on the same day. The simultaneous release has generated excitement among fans, with Mammootty and Dulquer appearing together in a promotional video released by Mammootty Kampany. In the 19-second clip, both actors speak in Telugu and announce the release of their respective films.