

2024 ല്‍ പുറത്തിറങ്ങിയ 'മഞ്ഞുമ്മല്‍ ബോയ്സ്' സംവിധാനം ചെയ്ത ചിദംബരം സൂപ്പര്‍താരം മോഹന്‍ലാലുമൊപ്പം പുതിയ പ്രൊജക്ട് ചെയ്യാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. മോഹന്‍ലാല്‍-ചിദംബരം പ്രൊജക്ട് ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ചിദംബരത്തിന്റെ പിതാവ് സതീഷ് പൊതുവാളിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ചയ്ക്കു തുടക്കമിട്ടത്. ചിദംബരം ചെയ്തിരുന്ന 'ബാലന്‍' എന്ന സിനിമ പൂര്‍ത്തിയായെന്നും ഇനി അടുത്ത ചിത്രത്തിലേക്കെന്നും സതീഷ് പൊതുവാള്‍ ഫേസ്ബുക്കിലൂടെ പറഞ്ഞിരിക്കുന്നു. മോഹന്‍ലാലും ചിദംബരവും ഒന്നിക്കുന്നു എന്ന ഒരു സിനിമ പേജിന്റെ കാര്‍ഡും പങ്കുവെച്ചിട്ടുണ്ട്.
ഷൈജു ഖാലിദ് ആണ് ക്യാമറയെന്ന് ഈ പോസ്റ്ററില്‍ പറയുന്നു. ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കുമെന്നും ഈ കാര്‍ഡില്‍ പറഞ്ഞിരിക്കുന്നു. ഇതിന്റെ സ്‌ക്രീന്‍ഷോട്ടാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അതേസമയം, മോഹന്‍ലാലോ ചിദംബരമോ ഈ പ്രൊജക്ടിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.
ജാന്‍ ഇ മന്‍ എന്ന ചിത്രത്തിലൂടെയാണ് ചിദംബരം മലയാളത്തില്‍ അരങ്ങേറിയത്. അതിനുശേഷം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ് വേള്‍ഡ് വൈഡായി 240 കോടി കളക്ട് ചെയ്തു. 'ബാലന്‍: ദ ബോയ്' എന്ന ചിത്രമാണ് ചിദംബരം ഒടുവിലായി ഒരുക്കിയിരിക്കുന്നത്. ചിദംബരത്തിനൊപ്പം ആവേശം സംവിധായകന്‍ ജിത്തു മാധവന്‍ കൂടി ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ.
അതേസമയം, ഒരു ഹിന്ദി ചിത്രം ചിദംബരം സംവിധാനം ചെയ്തേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനു മുന്‍പാണോ മോഹന്‍ലാല്‍ ചിത്രം നടക്കുകയെന്ന് വ്യക്തമല്ല. മോഹന്‍ലാല്‍ ഇപ്പോള്‍ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന 'അതിമനോഹരം' എന്ന സിനിമയിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രീകരണം പുരോഗമിക്കുന്ന ഈ സിനിമയുടെ റിലീസ് ഈ വര്‍ഷം തന്നെ ഉണ്ടാകും.
English Summary: Reports suggest that Manjummel Boys director Chidambaram may be teaming up with Mohanlal for a new project. The speculation began after a Facebook post by Chidambaram's father, Satheesh Pothuval, hinted that the director had completed work on Balan and was moving on to his next film