

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് തന്റെ മുഖവും വ്യക്തിത്വവും ദുരുപയോഗം ചെയ്ത് ഡീപ്‌ഫേക്ക് ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുവർക്കെതിരെ ശക്തമായ നിയമനടപടി മുന്നറിയിപ്പുമായി നടി മൃണാൾ താക്കൂർ. അനുമതിയില്ലാതെ തന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ച് വ്യാജ ഉള്ളടക്കം സൃഷ്ടിക്കുകയോ പങ്കുവെക്കുകയോ ചെയ്യുന്നവരെ നിയമപരമായി നേരിടുമെന്ന് താരം വ്യക്തമാക്കി.
ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് മൃണാൾ ഇക്കാര്യം അറിയിച്ചത്. മറ്റൊരാളുടെ വ്യക്തിത്വം അനുമതിയില്ലാതെ ഉപയോഗിക്കുന്നത് നിയമവിരുദ്ധവും അംഗീകരിക്കാനാകാത്തതുമാണെന്ന് അവർ പറഞ്ഞു. "എന്റെ മുഖം ഉപയോഗിച്ച് ഡീപ്‌ഫേക്ക് ഉള്ളടക്കം സൃഷ്ടിക്കുകയോ പങ്കുവെക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്. ഇത് ഉടൻ അവസാനിപ്പിക്കണം. ഇനി മുതൽ എന്റെ വ്യക്തിത്വം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും," എന്നാണ് മൃണാൾ പ്രസ്താവനയിൽ വ്യക്തമാക്കിയത്.
മൃണാളിനെ പോലെ തന്നെ ഡീപ്‌ഫേക്ക് ദുരുപയോഗത്തിനെതിരെ പരസ്യമായി രംഗത്തെത്തുന്ന ഇന്ത്യൻ താരങ്ങൾ നിരവധിപേരുണ്ട്. സമീപകാലത്ത് അക്ഷയ് കുമാർ, വരുണ്‍ ധവാൻ, അനിൽ കപൂർ, ശിൽപ ഷെട്ടി, പ്രീതി സിന്റ, കാർത്തിക് ആര്യൻ, സുനിൽ ഷെട്ടി തുടങ്ങിയ താരങ്ങളും എഐ ഉപയോഗിച്ച് തങ്ങളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ കോടതിയെ സമീപിച്ചിരുന്നു.
നടി പ്രീതി സിന്റയും അടുത്തിടെ എഐ ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങൾക്കെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതിയിൽ ഇടപെട്ട കോടതി, വ്യാജ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിനായുള്ള നടപടി സ്വീകരിക്കാൻ ഗൂഗിളിനോടും മെറ്റയോടും നിർദേശിച്ചിരുന്നു.
ഇന്ത്യയിൽ ഡീപ്‌ഫേക്ക് വിവാദം വലിയ ചർച്ചയായത് നടി രശ്മിക മന്ദാനയുടെ പേരിൽ പ്രചരിച്ച വ്യാജ വീഡിയോ വൈറലായതോടെയാണ്. സംഭവത്തോട് പ്രതികരിച്ച രശ്മിക, ആ അനുഭവം തന്നെ ഏറെ ഭയപ്പെടുത്തിയെന്ന് തുറന്ന് പറഞ്ഞിരുന്നു. ഡീപ്‌ഫേക്ക് പോലുള്ള സാങ്കേതിക ദുരുപയോഗങ്ങളെ സമൂഹവും അധികൃതരും അതീവ ഗൗരവത്തോടെ കാണണമെന്നും, ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അന്ന് അവർ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, അറ്റ്‌ലി സംവിധാനം ചെയ്യുന്ന ആക്ഷൻ ഡ്രാമയായ 'രാക്ക'യും, ഡേവിഡ് ധവാൻ സംവിധാനം ചെയ്യുന്ന 'ഹേ ജവാനി തോ ഇഷ്ക് ഹോനാ ഹേ'യുമാണ് മൃണാൾ താക്കൂറിന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. അല്ലു അർജുൻ, ദീപിക പദുക്കോൺ, രശ്മിക മന്ദാന എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'രാക്ക' 2027 ഡിസംബറിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. റിലീസ് തീയതി നിർമാതാക്കൾ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ‘ജവാൻ’ എന്ന ബ്ലോക്ബസ്റ്റർ ചിത്രത്തിനുശേഷം അറ്റ്‍ലി സംവിധാനം ചെയ്യുന്ന സിനിമ 800 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്.
Actor Mrunal Thakur has issued a legal warning against AI-generated deepfake content using her image or identity. She said any unauthorized use of her likeness will invite legal action. Her statement comes amid growing concerns over AI misuse, with several Indian celebrities taking legal steps to protect their personality rights.