തെന്നിന്ത്യൻ സിനിമയിൽ ഇനി 'മുരുകന്റെ' കാലം; അണിയറയിൽ ഒരുങ്ങുന്നത് മൂന്ന് ബ്രഹ്മാണ്ഡ ചിത്രങ്ങൾ

തെന്നിന്ത്യ സിനിമാലോകത്ത് ഇപ്പോൾ 'മുരുകൻ ട്രെൻഡിങ് ആണ്!
തെന്നിന്ത്യൻ സിനിമയിൽ ഇനി 'മുരുകന്റെ' കാലം; അണിയറയിൽ ഒരുങ്ങുന്നത് മൂന്ന് ബ്രഹ്മാണ്ഡ ചിത്രങ്ങൾ
Published on

സമീപകാലത്തായി ചരിത്ര-പൗരാണിക കഥകൾക്ക് ഇന്ത്യൻ സിനിമാലോകത്ത് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ബോളിവുഡ് ഇതിഹാസങ്ങളായ രാമനിലേക്കും സീതയിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, തെന്നിന്ത്യൻ സിനിമയുടെ നോട്ടം ഇപ്പോൾ വേൽമുരുകനിലാണ്. മുരുകന്റെ ഐതിഹ്യങ്ങൾ പശ്ചാത്തലമാക്കി മൂന്ന് വമ്പൻ പ്രോജക്റ്റുകളാണ് തെന്നിന്ത്യയിൽ ഒരുങ്ങുന്നത്. വെറും രണ്ടാഴ്ചത്തെ ഇടവേളയിലാണ് ഇതിൽ രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങളുടെ പ്രഖ്യാപനം നടന്നത് എന്നതും ശ്രദ്ധേയമാണ്.

വിവാദങ്ങൾക്കും സൈബർ പോരിനും വഴിതുറന്ന് 'ഗോഡ് ഓഫ് വാർ'

ഹിറ്റ് മേക്കർ ത്രിവിക്രമും ജൂനിയർ എൻടിആറും ഒന്നിക്കുന്ന പുതിയ പാൻ-ഇന്ത്യൻ ചിത്രമാണ് താൽക്കാലികമായി 'ഗോഡ് ഓഫ് വാർ' എന്ന് പേരിട്ടിരിക്കുന്ന പ്രോജക്റ്റ്. കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള മുരുക സങ്കൽപ്പങ്ങളെയും ഐതിഹ്യങ്ങളെയും അടിസ്ഥാനമാക്കി അതിവിശാലമായ ക്യാൻവാസിലാണ് ഈ ചിത്രം ഒരുങ്ങുന്നത്.

എന്നാൽ ചിത്രത്തിന്റെ പ്രഖ്യാപനത്തിനൊപ്പം പുറത്തിറങ്ങിയ ടൈറ്റിൽ പോസ്റ്റർ ഇപ്പോൾ വലിയ വിവാദങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്. "വടക്ക് ജനിച്ച്, തെക്ക് ആരാധിക്കപ്പെട്ട്, ഇപ്പോൾ പ്രപഞ്ചത്തിന്റേതാകാൻ പോകുന്നു" എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റർ എത്തിയത്. ഇതോടെ സോഷ്യൽ മീഡിയയിൽ ഉത്തരേന്ത്യൻ-ദക്ഷിണേന്ത്യൻ ആരാധകർ തമ്മിൽ വലിയ വാക്പോരാണ് അരങ്ങേറുന്നത്. മുരുകൻ തമിഴ് ദൈവമാണെന്ന് ഒരു വിഭാഗം ശക്തമായി വാദിക്കുമ്പോൾ, ഉത്തരേന്ത്യയിലാണ് മുരുകൻ ജനിച്ചതെന്ന പോസ്റ്ററിലെ സൂചനയാണ് തമിഴ് ആരാധകരെ ചൊടിപ്പിച്ചത്. വിവാദങ്ങളോട് അണിയറപ്രവർത്തകർ ഇതുവരെ പ്രതികരിച്ചിട്ടില്ല. എങ്കിലും, പോസ്റ്ററിലെ 'വേൽ' നൽകുന്ന സൂചനകൾ വെച്ചാണെങ്കിൽ ചിത്രം വലിയൊരു ദൃശ്യവിരുന്നായിരിക്കുമെന്ന് ഉറപ്പാണ്.

തെന്നിന്ത്യൻ സിനിമയിൽ ഇനി 'മുരുകന്റെ' കാലം; അണിയറയിൽ ഒരുങ്ങുന്നത് മൂന്ന് ബ്രഹ്മാണ്ഡ ചിത്രങ്ങൾ
ഗോഡ് ഓഫ് വാറിന് മറുപടിയുമായി, ധനുഷ്–വെട്രിമാരൻ കോമ്പോയിൽ തമിഴ് മുരുകൻ ലോഡിങ്

ധനുഷ്-വെട്രിമാരൻ സഖ്യത്തിന്റെ 'തമിഴ് മുരുകൻ'

'ഗോഡ് ഓഫ് വാർ' വിവാദങ്ങൾ സോഷ്യൽ മീഡിയയിൽ പുകയുമ്പോഴാണ്, തമിഴ് സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്തി ധനുഷ്-വെട്രിമാരൻ കൂട്ടുകെട്ടിന്റെ അഞ്ചാമത്തെ ചിത്രമായ 'തമിഴ് മുരുകൻ' പ്രഖ്യാപിക്കപ്പെട്ടത്. ജൂനിയർ എൻടിആർ ചിത്രത്തിനുള്ള തമിഴകത്തിന്റെ കൃത്യമായ മറുപടിയായാണ് ആരാധകർ ഈ ടൈറ്റിലിനെ നോക്കിക്കാണുന്നത്. ആൾക്കൂട്ടത്തിന് നടുവിൽ കയ്യിൽ വേലുമേന്തി ആനപ്പുറത്തിരിക്കുന്ന ധനുഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനകം തന്നെ തരംഗമായിക്കഴിഞ്ഞു.

എഴുത്തുകാരൻ അറിവുമതിയുടെ ഇതേ പേരിലുള്ള പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. മുരുകന്റെ ആദ്യകാല ഐഡന്റിറ്റി കേവലം മതപരമല്ലെന്നും, മറിച്ച് അത് വംശീയവും സാംസ്കാരികവുമാണെന്നും വാദിക്കുന്നതാണ് ഈ പുസ്തകം. വെട്രിമാരൻ ചിത്രം ആയതുകൊണ്ടുതന്നെ ഇതൊരു സാധാരണ ഭക്തിചിത്രമായിരിക്കില്ലെന്നും, മറിച്ച് ശക്തമായ രാഷ്ട്രീയവും സംസ്കാരവും സംസാരിക്കുന്ന സൃഷ്ടിയായിരിക്കുമെന്നുമാണ് വിലയിരുത്തൽ. സായ് അഭ്യങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

തെന്നിന്ത്യൻ സിനിമയിൽ ഇനി 'മുരുകന്റെ' കാലം; അണിയറയിൽ ഒരുങ്ങുന്നത് മൂന്ന് ബ്രഹ്മാണ്ഡ ചിത്രങ്ങൾ
നോളന്റെ 'ഒഡിസി'ക്ക് പിന്നിലെ ഭ്രാന്തൻ ടെക്നോളജി

ഭക്തിയും മാസ്സും നിറച്ച് ശിവകാർത്തികേയന്റെ 'സെയോൻ'

ഈ രണ്ട് ചിത്രങ്ങളുടെയും പ്രഖ്യാപനത്തിന് മുന്നേ തന്നെ മുരുകൻ പ്രമേയമാകുന്ന മറ്റൊരു പ്രോജക്റ്റുമായി എത്തിയത് ശിവകാർത്തികേയനാണ്. 'തായ്‌കിഴവി' എന്ന സൂപ്പർഹിറ്റിന് ശേഷം ശിവകുമാർ മുരുകേശൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് 'സെയോൻ' എന്നാണ് പേരിട്ടിരിക്കുന്നത്. മുരുകന്റെ തമിഴിലെ മറ്റൊരു പേരാണ് സെയോൻ.

ഉലകനായകൻ കമൽഹാസന്റെ രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണലും ആർ. മഹേന്ദ്രനും ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ ഒരു മുരുക ഭക്തന്റെ വേഷത്തിലാണ് ശിവകാർത്തികേയൻ എത്തുന്നത്. കന്നഡ താരം രാജ് ബി. ഷെട്ടിയും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രം ഈ വർഷം ഒക്ടോബറിൽ തിയേറ്ററുകളിലെത്തും.

പൂരക്കാഴ്ചയ്ക്കായി കാത്തിരിപ്പോടെ പ്രേക്ഷകർ

ആരാണ് ആദ്യം പ്രഖ്യാപനം നടത്തിയത് എന്നതിലുപരി, ഒരേ പ്രമേയത്തെ മൂന്ന് വ്യത്യസ്ത ദൃശ്യഭാഷകളിൽ മുൻനിര സംവിധായകർ എങ്ങനെ വെള്ളിത്തിരയിൽ എത്തിക്കും എന്നറിയാനാണ് പ്രേക്ഷകർക്ക് ആകാംക്ഷ. ഭക്തിയും സംസ്കാരവും രാഷ്ട്രീയവും ആക്ഷനുമെല്ലാം ഒരുപോലെ നിറയുന്ന ഈ മൂന്ന് 'മുരുകൻ' ചിത്രങ്ങൾ തെന്നിന്ത്യൻ സിനിമാലോകത്തിന് സമ്മാനിക്കുക സമാനതകളില്ലാത്തൊരു പൂരക്കാഴ്ചയായിരിക്കും. ആ വലിയ ദൃശ്യവിരുന്നിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ സിനിമാപ്രേമികൾ.

Summary

South Indian cinema is witnessing a wave of big-budget films inspired by Lord Murugan. Upcoming projects starring Sivakarthikeyan, Jr NTR, and Dhanush have sparked excitement and debates over mythology, culture, and regional identity.

Madism Digital
madismdigital.com