വില്ലനായി സുരാജ്? മലയാളപ്പടയുമായി 'ജയിലര്‍ 2' മാസ് ടീസര്‍; റിലീസ് ഒക്ടോബറില്‍

ആദ്യ ഭാഗത്തില്‍ അതിഥി വേഷങ്ങളില്‍ എത്തി തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ മോഹന്‍ലാലും ശിവരാജ്കുമാറും രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്നാണ് സൂചന
വില്ലനായി സുരാജ്? മലയാളപ്പടയുമായി 'ജയിലര്‍ 2' മാസ് ടീസര്‍; റിലീസ് ഒക്ടോബറില്‍
Published on

സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനാകുന്ന 'ജയിലര്‍ 2' ഒക്ടോബറില്‍ തിയേറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ച് നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പുറത്തുവിട്ട ടീസറിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ ഈ ആവേശ വാര്‍ത്ത പങ്കുവെച്ചത്. ഇതോടെ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് മാസങ്ങളായി നിലനിന്നിരുന്ന അഭ്യൂഹങ്ങള്‍ക്കാണ് വിരാമമായിരിക്കുന്നത്.

പൂജാ അവധി പ്രമാണിച്ച് ഒക്ടോബര്‍ 15 വ്യാഴാഴ്ചയാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. നീണ്ട വീക്കെന്‍ഡ് ലഭിക്കുന്നത് ചിത്രത്തിന്റെ കളക്ഷന്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയിലെ റിലീസിനൊപ്പം തന്നെ, രജനികാന്ത് ചിത്രങ്ങള്‍ക്ക് വലിയ സ്വാധീനമുള്ള വിദേശ വിപണികളിലും വിപുലമായ റിലീസാണ് 'ജയിലര്‍ 2' വിനായി അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.

നെല്‍സണും അനിരുദ്ധും വീണ്ടും ഒന്നിക്കുന്നു

2023-ല്‍ തെന്നിന്ത്യന്‍ സിനിമയെ ഇളക്കിമറിച്ച വന്‍ വിജയ ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അതേ ടീം തന്നെയാണ് രണ്ടാം ഭാഗത്തിനായും ഒന്നിക്കുന്നത്. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ചിത്രത്തിന്റെ ചിത്രീകരണം ഈ വര്‍ഷം ആദ്യം തന്നെ പൂര്‍ത്തിയായിരുന്നു. മകനെ ലക്ഷ്യമിട്ട് അധോലോക സംഘങ്ങള്‍ എത്തുമ്പോള്‍, തന്റെ പഴയകാല ഗുണ്ടാ ബന്ധങ്ങള്‍ ഉപയോഗിച്ച് അവരെ നേരിടുന്ന മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന വിരമിച്ച ജയില്‍ വാര്‍ഡന്റെ കഥയാണ് ഒന്നാം ഭാഗത്തില്‍ പറഞ്ഞത്. ആക്ഷനും ഡാര്‍ക്ക് കോമഡിയും സ്‌റ്റൈലിഷ് മേക്കിംഗും ചേര്‍ന്ന 'ജയിലര്‍', 2023-ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ തമിഴ് ചിത്രങ്ങളില്‍ ഒന്നായിരുന്നു.

വില്ലനായി സുരാജ്? മലയാളപ്പടയുമായി 'ജയിലര്‍ 2' മാസ് ടീസര്‍; റിലീസ് ഒക്ടോബറില്‍
വമ്പന്‍ പരിപാടികളില്ല, ലളിതമായ ആഘോഷങ്ങള്‍; ആമിര്‍ ഖാനും ഗൗരിയും ഞായറാഴ്ച വിവാഹിതരാകും

പാന്‍-ഇന്ത്യന്‍ അപ്പീലുമായി വമ്പന്‍ താരനിര

രണ്ടാം ഭാഗത്തില്‍ താരനിരയുടെ കാര്യത്തില്‍ വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ആദ്യ ഭാഗത്തില്‍ അതിഥി വേഷങ്ങളില്‍ എത്തി തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ മോഹന്‍ലാലും ശിവരാജ്കുമാറും രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്നാണ് സൂചന. ഇതോടൊപ്പം ബോളിവുഡില്‍ നിന്നും പ്രമുഖ താരങ്ങളെ അണിനിരത്തി പാന്‍-ഇന്ത്യന്‍ തലത്തിലാണ് ചിത്രം ഒരുക്കുന്നത്. ബോളിവുഡ് താരങ്ങളായ മിഥുന്‍ ചക്രവര്‍ത്തി, വിദ്യാ ബാലന്‍, ഹൃത്വിക് റോഷന്‍ എന്നിവര്‍ ഈ ഭാഗത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. എന്നാല്‍ ഇവരുടെ കഥാപാത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നിര്‍മ്മാതാക്കള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

മലയാളി താരങ്ങളുടെ വമ്പന്‍ നിരതന്നെ ചിത്രത്തിലുണ്ട്. ഹക്കിം ഷാജഹാന്‍, കോട്ടയം നസീര്‍, മിര്‍ണ, സുജിത് ശങ്കര്‍ എന്നിവരെ ടീസറില്‍ കാണാം. പ്രധാന വില്ലന്‍ വേഷത്തിലെത്തുന്ന സുരാജിന്റെ കണ്ണുകളുടെ ദൃശ്യം ടീസറില്‍ വന്നുപോകുന്നു. വിനായന്റെ കഥാപാത്രമായ വര്‍മന്റെ ഫ്‌ളാഷ് ബാക്ക് ഡയലോഗിലൂടെയാണ് ടീസര്‍ ആരംഭിക്കുന്നത്. രമ്യ കൃഷ്ണന്‍, റിത്വിക്, തമിഴ് എന്നിവരും ടീസറില്‍ വന്നുപോകുന്നു. അതേസമയം, രജനിയുടെ കഥാപാത്രത്തിന്റെ ലുക്ക് വെളിപ്പെടുത്തുന്നില്ല. രജനികാന്തിന്റെ മാസ് പ്രകടനവും ഹിറ്റ് കൂട്ടുകെട്ടിന്റെ തിരിച്ചുവരവും ഉത്സവ സീസണിലെ റിലീസും ഒത്തുചേരുമ്പോള്‍ ഈ വര്‍ഷത്തെ തമിഴ് സിനിമയിലെ ഏറ്റവും വലിയ റിലീസുകളിലൊന്നായി 'ജയിലര്‍ 2' മാറുമെന്നുറപ്പാണ്.

Summary

Sun Pictures has officially announced that Rajinikanth's Jailer 2 will hit theatres on October 15, coinciding with the Puja holiday season. The release date was revealed through a teaser shared on social media, putting an end to months of speculation surrounding the film's release. Directed by Nelson Dilipkumar with music by Anirudh Ravichander, Jailer 2 reunites the core team behind the 2023 blockbuster Jailer.

Madism Digital
madismdigital.com