'രാവണൻ കമ്യൂണിസ്റ്റ് നേതാവിനെപ്പോലെ'; 'രാമായണ'യിൽ അതൃപ്തി പ്രകടിപ്പിച്ച് നിതീഷ് ഭരദ്വാജ്

രാവണന്റെ ദുഷ്ടവശങ്ങൾ മറച്ചുവെച്ച് അമിതമായി നല്ലവനായി അവതരിപ്പിച്ചെന്ന് 'മഹാഭാരതം' പരമ്പരയിൽ ശ്രീകൃഷ്ണനായി വേഷമിട്ട നിതീഷ് ഭരദ്വാജ്.
'രാവണൻ കമ്യൂണിസ്റ്റ് നേതാവിനെപ്പോലെ'; 'രാമായണ'യിൽ അതൃപ്തി പ്രകടിപ്പിച്ച് നിതീഷ് ഭരദ്വാജ്
Published on: 

ബി.ആർ. ചോപ്രയുടെ 'മഹാഭാരതം' പരമ്പരയിൽ ശ്രീകൃഷ്ണനായി വേഷമിട്ട നടൻ നിതീഷ് ഭരദ്വാജ്, രൺബീർ കപൂറിന്റെ 'രാമായണ: റൈസ് ഓഫ് എ ലെജൻഡ്' സിനിമയ്‌ക്കെതിരെ വിമർശനവുമായി രംഗത്ത്. ഇതിഹാസത്തിന്റെ ആവിഷ്‌കാരരീതിയിലും ചിത്രത്തിന്റെ സാമ്പത്തിക സ്രോതസ്സുകളിലും ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം, സിനിമ ഒരു പ്രത്യേക അജൻഡ മുന്നോട്ടുവെക്കുന്നതായി തോന്നുന്നുവെന്നും സാമ്പത്തിക ഇടപാടുകൾ സർക്കാർ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. അടുത്തിടെ നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

ചിത്രത്തെക്കുറിച്ച് തുടക്കത്തിൽ വലിയ പ്രതീക്ഷയുണ്ടായിരുന്നു എന്ന് നിതീഷ് ഭരദ്വാജ് വ്യക്തമാക്കി. 4,000 കോടി രൂപയുടെ നിക്ഷേപമെന്ന റിപ്പോർട്ടുകളും സംവിധായകൻ നിതേഷ് തിവാരിയുടെ മുൻകാല സിനിമകളും എ.ആർ. റഹ്മാന്റെ സംഗീതവുമാണ് പ്രതീക്ഷകൾ ഉയർത്തിയത്. എന്നാൽ സിനിമ കണ്ടതോടെ തന്റെ അഭിപ്രായം മാറിയെന്നും നേരത്തെ നൽകിയ പ്രശംസ പിൻവലിച്ചെന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തിലെ ശ്രീരാമന്റെ കഥാപാത്രാവിഷ്‌കാരത്തോടാണ് നിതീഷ് ഭരദ്വാജിന് പ്രധാനമായും വിയോജിപ്പ് പ്രകടിപ്പിച്ചത്. പരമ്പരാഗതമായി ശ്രീരാമനുമായി ബന്ധപ്പെടുത്തുന്ന ധാർമിക മൂല്യങ്ങളിൽനിന്നും ആദർശങ്ങളിൽനിന്നും സിനിമയുടെ അവതരണം വ്യതിചലിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. അവതാരപുരുഷനിൽ പ്രതീക്ഷിക്കുന്ന സവിശേഷതകളില്ലാതെ ശ്രീരാമനെ ഒരു സാധാരണ മനുഷ്യനായി അവതരിപ്പിച്ചതിലും അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു. "ശ്രീരാമനെ നിർവികാര മുഖമുള്ള ഒരു സാധാരണ മനുഷ്യനായി ചുരുക്കിയിരിക്കുകയാണ്. ഇതല്ല ശ്രീരാമൻ," അദ്ദേഹം പറഞ്ഞു.

ശ്രീരാമൻ കണ്ണീരോടെ അയോധ്യ വിടുന്ന രംഗത്തെയും ഭരദ്വാജ് ചോദ്യം ചെയ്തു. ഇക്ഷ്വാകു വംശത്തിന്റെ അന്തസ്സിന് നിരക്കുന്നതല്ല ഈ രംഗമെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. 'രഘുകുല രീതി സദാ ചലി ആയീ, പ്രാണം പോയാലും വാക്ക് പാലിക്കണം' എന്ന പരമ്പരാഗത വാക്യവും അദ്ദേഹം ഓർമിപ്പിച്ചു.

'രാവണൻ കമ്യൂണിസ്റ്റ് നേതാവിനെപ്പോലെ'; 'രാമായണ'യിൽ അതൃപ്തി പ്രകടിപ്പിച്ച് നിതീഷ് ഭരദ്വാജ്
രാമായണത്തിലെ രംഗങ്ങൾ മതവികാരം വ്രണപ്പെടുത്തുന്നു; ചിത്രം ബഹിഷ്‌കരിക്കാൻ ഹിന്ദു ജനജാഗൃതി സമിതി

യഷിന്റെ രാവണൻ കഥാപാത്രാവിഷ്‌കാരത്തിലും നിതീഷ് ഭരദ്വാജ് അതൃപ്തി പ്രകടിപ്പിച്ചു. രാവണന്റെ ദുഷ്ടസ്വഭാവത്തിന് സിനിമ വേണ്ടത്ര പ്രാധാന്യം നൽകിയില്ലെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. രാവണനെ അമിതമായി നല്ലവനായി ചിത്രീകരിച്ചപ്പോൾ, അയാളുടെ പതനത്തിന് കാരണമായ കാര്യങ്ങൾ അവഗണിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഒരു മാർക്സിസ്റ്റ് കമ്യൂണിസ്റ്റ് നേതാവിനെപ്പോലെയാണ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അരണ്യകാണ്ഡം, യുദ്ധകാണ്ഡം എന്നിവയിലെ ചില ഭാഗങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതായിരുന്നുവെന്നും നടൻ അഭിപ്രായപ്പെട്ടു.

ചിത്രത്തിന്റെ നിർമാണ കമ്പനിക്ക് ലക്സംബർഗ്, യുഎഇ, സിംഗപ്പൂർ എന്നിവിടങ്ങളിൽനിന്ന് സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടെന്നും നിതീഷ് ഭരദ്വാജ് ആരോപിച്ചു. ഇന്ത്യൻ നാഗരികതയെ ദുർബലപ്പെടുത്താൻ സിനിമയെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിന് പിന്നിൽ ആരാണെന്ന് തനിക്കറിയില്ലെന്നും, സർക്കാർ അന്വേഷിക്കേണ്ട കാര്യമാണത് എന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ സർക്കാർ പ്രതിനിധികൾ പ്രതികരിക്കാത്തതെന്തെന്നും അദ്ദേഹം ചോദിച്ചു. ഇസ്‌ലാമിനെയോ ക്രിസ്തുമതത്തെയോ ആസ്പദമാക്കി സിനിമയെടുക്കുമ്പോഴും ബോളിവുഡ് സമാനമായ ആവിഷ്‌കാര സ്വാതന്ത്ര്യം സ്വീകരിക്കുമോയെന്നും ഭരദ്വാജ് ചോദിച്ചു.

'രാവണൻ കമ്യൂണിസ്റ്റ് നേതാവിനെപ്പോലെ'; 'രാമായണ'യിൽ അതൃപ്തി പ്രകടിപ്പിച്ച് നിതീഷ് ഭരദ്വാജ്
മൂന്ന് സിനിമകള്‍, 3,000 കോടി രൂപ; ഒരു ദശാബ്ദത്തിനുള്ളില്‍ യഷ് കെട്ടിപ്പടുത്ത ബോക്‌സ് ഓഫീസ് സാമ്രാജ്യം

അതേസമയം, രൺബീർ കപൂറും യഷും പ്രധാന വേഷങ്ങളിലെത്തിയ 'രാമായണ: റൈസ് ഓഫ് എ ലെജൻഡ്' 15 ദിവസം പിന്നിട്ടും തിയേറ്ററുകളിൽ തുടരുകയാണ്. നവംബർ 19ന് ഇന്ത്യയിൽനിന്ന് 19.35 കോടി രൂപയാണ് ചിത്രം നെറ്റ് കളക്ഷൻ നേടിയത്. ഇതോടെ ആഗോളതലത്തിലെ ഗ്രോസ് കളക്ഷൻ 1,547.15 കോടി രൂപയിലെത്തിയതായി സാക്നിൽക്ക് റിപ്പോർട്ട് ചെയ്തു.

Summary

Actor Nitish Bharadwaj has criticised Ranbir Kapoor and Yash's 'Ramayana: Rise of a Legend', questioning its portrayal of Lord Ram and Ravan. Comparing Yash's Ravan to a Marxist communist leader, he alleged that the film overlooked the character's negative traits. He also raised concerns about the film's alleged foreign funding.