“സ്ത്രീയെ സ്ത്രീക്കെതിരെ നിർത്താൻ എന്നെ കിട്ടില്ല”; ടോക്സിക് ചർച്ചകളിൽ നിലപാട് വ്യക്തമാക്കി പാർവതി തിരുവോത്ത്

സിനിമയിൽ ഒരു ജീവിതകാലത്തെ അനുഭവസമ്പത്താണ് ഗീതുവിനുള്ളതെന്നും തനിക്ക് എന്റേതായ വ്യക്തിത്വമുണ്ടെന്നും പാർവതി പറഞ്ഞു.
“സ്ത്രീയെ സ്ത്രീക്കെതിരെ നിർത്താൻ എന്നെ കിട്ടില്ല”; ടോക്സിക് ചർച്ചകളിൽ നിലപാട് വ്യക്തമാക്കി പാർവതി തിരുവോത്ത്
Published on

‘ടോക്സിക്’ സിനിമയുമായി ബന്ധപ്പെട്ട ചർച്ചകളിൽ പ്രതികരിച്ച് നടി പാർവതി തിരുവോത്ത്. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് യഷ് നായകനായ ചിത്രത്തിലെ സ്ത്രീ വിരുദ്ധതയെച്ചൊല്ലി ഗീതു കടുത്ത വിമർശനം നേരിടുന്നതിനിടെയാണ് പാർവതിയുടെ പ്രതികരണം. ഒരു സ്ത്രീയെ മറ്റൊരു സ്ത്രീക്കെതിരെ നിർത്തുന്ന തരത്തിലുള്ള നരേറ്റീവുകൾക്ക് താൻ നിന്നുകൊടുക്കില്ലെന്ന് മനോരമ ഓൺലൈനിനോട് പാർവതി വ്യക്തമാക്കി.

സിനിമയിൽ ഒരു ജീവിതകാലത്തെ അനുഭവസമ്പത്താണ് ഗീതുവിനുള്ളതെന്നും തനിക്ക് എന്റേതായ വ്യക്തിത്വമുണ്ടെന്നും പാർവതി പറഞ്ഞു. മാത്രമല്ല, കളക്ടീവ് തുടങ്ങിയ കാലം മുതൽ തങ്ങൾ‍ ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ടെന്നും, അതുകൊണ്ടുതന്നെ രണ്ടു സ്ത്രീകളെ പരസ്പരം ഏറ്റുമുട്ടിക്കുന്ന തരം ചോദ്യങ്ങളെ താൻ പ്രോത്സാഹിപ്പിക്കാറില്ലെന്നും പാർവതി പറഞ്ഞു.

“സ്ത്രീയെ സ്ത്രീക്കെതിരെ നിർത്താൻ എന്നെ കിട്ടില്ല”; ടോക്സിക് ചർച്ചകളിൽ നിലപാട് വ്യക്തമാക്കി പാർവതി തിരുവോത്ത്
TOXIC വിവാദങ്ങൾ ആർക്കാണ് പൊള്ളുന്നത്?

പാർവതിയുടെ വാക്കുകൾ:

''അഭിനയം തുടരാനുളള അവസരം ലഭിക്കുന്നതില്‍ ഞാന്‍ എന്നും കടപ്പെട്ടവളായിരിക്കും. എന്നാൽ, ഒരു സ്ത്രീ മറ്റൊരു സ്ത്രീയ്‌ക്കെതിരെ എന്ന നരേറ്റീവിന് ഞാന്‍ ഒരിക്കലും നിന്നു കൊടുക്കില്ല. ഏതൊരു സംവിധായകനും അവര്‍ക്കിഷ്ടമുള്ള ഏത് തരത്തിലുള്ള സിനിമയും ഉണ്ടാക്കാം. ഒരുപക്ഷെ മുമ്പ് സംസാരിച്ചതില്‍ നിന്നൊക്കെ വളരെ വിപരീതമായൊരു സിനിമയായിരിക്കാം അയാൾ ചെയ്യുന്നത്. പക്ഷെ അത് അവരുടെ മാത്രം തീരുമാനമാണ്. അതിലേക്ക് എന്നേയോ മറ്റാരെയെങ്കിലുമോ വലിച്ചിടുന്നത് തീർത്തും അന്യായമാണ്.

നീതിയ്ക്ക് വേണ്ടി പൊരുതിയ രണ്ട് സ്ത്രീകളാണ്, അവര്‍ ഡബ്ല്യുസിസിയുടെ ഭാഗമാണ്, എന്നൊക്കെ പറയുമ്പോള്‍ ആളുകൾക്ക് കൂടുതൽ കാര്യങ്ങൾ ചികയാൻ താൽപര്യം കൂടും എന്നത് മറ്റൊരു സത്യം. എന്നാൽ സ്ത്രീവിരുദ്ധത എന്ന വിഷയം ഗൗരവ്വത്തിലെടുക്കാന്‍ നിങ്ങള്‍ക്ക് വേണ്ടിയിരുന്നത് ഈ സിനിമയാണോ? സിനിമയില്‍ ഒരു ജീവിതകാലത്തെ അനുഭവ സമ്പത്തുണ്ട് ഗീതു മോഹന്‍ദാസിന്. എനിക്ക് എന്റേതായ ഐഡന്റിറ്റിയുണ്ട്. ഞങ്ങൾ രണ്ടു പേരെയും എതിരെ നിർത്തി, അതിൽ നിന്ന് വാർത്തയുണ്ടാക്കാം എന്ന് കരുതണ്ട. കളക്ടീവ് തുടങ്ങിയ കാലം മുതല്‍ നമ്മള്‍ ഒരുപാട് കാര്യങ്ങള്‍ ഒരുമിച്ച് പഠിച്ചിട്ടുണ്ട്. അതുകൊണ്ട് അത്തരം ചോദ്യങ്ങളെ ഞാന്‍ പ്രോത്സാഹിപ്പിക്കാറില്ല.

ആദ്യം സിനിമ ആളുകൾ കാണട്ടെ. കണ്ടിട്ട് അഭിപ്രായം പറയാം എന്ന സംശയത്തിന്റെ ആനുകൂല്യം നിങ്ങള്‍ എത്രയോ സിനിമകള്‍ക്ക് നല്‍കാറുണ്ട്. എന്തുകൊണ്ട് ഈ സിനിമയ്ക്ക് മാത്രം നല്‍കുന്നില്ല?. അതുകൊണ്ടുതന്നെ ഞാൻ ഈ വിഷയത്തിൽ പ്രതികരിക്കില്ല. കാരണം ഞാന്‍ എന്ത് പറഞ്ഞാലും അത് ​ഗീതുവിനെതിരെയോ, എന്റെ സിനിമയ്‌ക്കെതിരെയോ ആയി മാറാം. ആളുകളെ പിന്തുണയ്‌ക്കേണ്ടതിന്റെ പ്രാധാന്യം മാധ്യമങ്ങള്‍ മനസിലാക്കേണ്ടതുണ്ട്.''

Summary

Parvathy Thiruvothu has responded to discussions surrounding Yash starrer Toxic and criticism faced by director Geetu Mohandas over alleged misogyny. Parvathy said she would not support narratives that pit women against each other, stressing that both women have their own identities and experiences. She urged people to watch films before judging them.

Madism Digital
madismdigital.com