മലയാള സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരുന്ന ആ മഹാവിസ്മയം ഒടുവിൽ സംഭവിക്കുന്നു. നീണ്ട 19 വർഷത്തെ ഇടവേളയ്ക്ക് ശേഷം മെഗാസ്റ്റാർ മമ്മൂട്ടിയും കംപ്ലീറ്റ് ആക്ടർ മോഹൻലാലും വെള്ളിത്തിരയിൽ ഒന്നിക്കുന്ന മൾട്ടിസ്റ്റാർ ചിത്രം 'പേട്രിയറ്റി'ന്റെ (Patriot) ആവേശം വാനോളമുയർത്തി എക്സ്ക്ലൂസീവ് ചാറ്റ് ഷോ വരുന്നു. ഏപ്രിൽ 23-ന് വൈകുന്നേരം ആറ് മണിക്ക് ജിയോ ഹോട്ട്സ്റ്റാറിലൂടെ സംപ്രേഷണം ചെയ്യുന്ന ഈ പ്രത്യേക പരിപാടിയിൽ ഇരുവരും തങ്ങളുടെ സിനിമാ വിശേഷങ്ങളും പേട്രിയറ്റിലെ അനുഭവങ്ങളും പങ്കുവെക്കും. ഇന്ത്യൻ സിനിമയിലെ തന്നെ രണ്ട് ഇതിഹാസങ്ങൾ ഒരേ ഫ്രെയിമിലെത്തുന്ന ഈ അപൂർവ്വ നിമിഷം കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും മറ്റു ടീം അംഗങ്ങളും ഈ പരിപാടിയുടെ ഭാഗമാണ്. പൊളിറ്റിക്കൽ ഡ്രാമയുടെ പശ്ചാത്തലത്തിൽ എത്തുന്ന ചിത്രത്തിൽ ആക്ഷനും പ്രാധാന്യമുണ്ടെന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു എന്ന വാർത്ത സിനിമാലോകത്ത് വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഇരുതാരങ്ങളെയും ഒരേ സ്ക്രീനിൽ കാണാനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ.
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പേട്രിയറ്റ്' മെയ് ഒന്നിന് ആഗോള തലത്തിൽ റിലീസ് ചെയ്യും. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. രേവതി, ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍ എന്നിവരും പേട്രിയറ്റിലെ പ്രധാന കഥാപാത്രങ്ങളാണ്. മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടുന്ന സംവിധായകനും തിയേറ്റർ ആര്‍ട്ടിസ്റ്റുമായ പ്രകാശ് ബെലവാടിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
മലയാളത്തില്‍ ഇന്നേവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. 2024 നവംബറില്‍ ശ്രീലങ്കയില്‍ ഷൂട്ടിങ് ആരംഭിച്ച പേട്രിയറ്റ് ഇന്ത്യ, ശ്രീലങ്ക, യുകെ, അസര്‍ബൈജാന്‍, യുഎഇ എന്നിവിടങ്ങളില്‍ വിവിധ ലൊക്കേഷനുകളിലാണ് ചിത്രീകരിച്ചത്. ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളും പ്രധാന ലൊക്കേഷനുകളായി ചിത്രത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു.
English Summary: An exclusive chat show featuring Mohanlal and Mammootty is set to stream on JioHotstar on April 23 as part of the promotion for their upcoming film Patriot.