

മഹേഷ് നാരായണന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം 'പേട്രിയേറ്റ്' തിയേറ്ററുകളിലെത്തും മുൻപേ വിവാദച്ചുഴിയിൽ! സിനിമയിലെ നിർണ്ണായകമായ ചില രംഗങ്ങളും കഥാപാത്രങ്ങളുടെ പേരുകളും ഒഴിവാക്കണമെന്ന സെൻസർ ബോർഡിന്റെ കർശന നിർദ്ദേശം സിനിമാലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. രാജ്യസുരക്ഷയും രാഷ്ട്രീയവും പ്രമേയമാകുന്ന ചിത്രത്തിൽ സെൻസർ ബോർഡ് കത്രിക വെച്ച ആ 'വിവാദ' ഭാഗങ്ങൾ ഏതൊക്കെയാണ്? സിനിമാറ്റിക് ലിബർട്ടിയെ പോലും ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഈ നിയന്ത്രണങ്ങൾ 'പേട്രിയേറ്റിന്റെ' അന്തസ്സത്തയെ ബാധിക്കുമോ?
സെൻസർ ബോർഡിന്റെ നിർദേശത്തെ തുടർന്ന് ചിത്രം റീ-എഡിറ്റിങ്ങിന് വിധേയമാക്കുകയാണ് അണിയറപ്രവർത്തകർ. കൊച്ചിയിലെ ലാൽ മീഡിയ സ്റ്റുഡിയോയിൽ റീ-എഡിറ്റിങ് പ്രവർത്തനങ്ങൾ ഇതിനോടകം പൂർത്തിയായതായി അറിയുന്നു. ചിത്രത്തിലെ ഒരു വില്ലൻ കഥാപാത്രത്തിന്റെ പേര്, ഒരു രാഷ്ട്രീയ നേതാവിന്റെ മകന്റെ പേരുമായി സാമ്യമുള്ളതിനാൽ അത് മാറ്റാൻ നിർദേശം നൽകിയതായാണ് വിവരം. ഇതിന് പുറമെ ചില രംഗങ്ങൾ ഒഴിവാക്കുകയോ മാറ്റം വരുത്തുകയോ ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.
19 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരു ചിത്രത്തിനായി ഒരുമിച്ച് എത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിൽ ശ്രദ്ധേയമാകുന്നു. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നുണ്ട്. ശക്തമായ താരനിരയും വലിയ കാൻവാസും ചേർന്ന ഈ ചിത്രം പ്രഖ്യാപനം മുതൽ തന്നെ വലിയ പ്രതീക്ഷകൾ സൃഷ്ടിച്ചിരുന്നു.
റീ-എഡിറ്റിങ്ങിന് ശേഷമുള്ള അന്തിമ പതിപ്പുമായി മെയ് 1ന് ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. അതേസമയം ചിത്രത്തിന്റെ പ്രൊമോഷൻറെ ഭാഗമായി ഒരുക്കുന്ന എക്സ്ക്ലൂസീവ് ചാറ്റ് ഷോ ഏപ്രിൽ 23ന് വൈകുന്നേരം 6 മണിക്ക് ജിയോ ഹോട്ട്സ്റ്റാറിലൂടെ പുറത്തിറങ്ങും. മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങളും ടീമംഗങ്ങളും ഈ പരിപാടിയിൽ പങ്കെടുക്കും.
പൊളിറ്റിക്കൽ പശ്ചാത്തലത്തിൽ ആക്ഷനും ഡ്രാമയും ഒരുപോലെ ചേർന്ന ഒരു വലിയ സിനിമയായിരിക്കും ‘പേട്രിയറ്റ്’ എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ശക്തമായ കോമ്പിനേഷൻ രംഗങ്ങളും, ഇരുവരുടെയും ആക്ഷൻ സീക്വൻസുകളും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളായി മാറുമെന്നാണ് വിലയിരുത്തൽ.
ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നീ ബാനറുകളിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സി.ആർ. സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആർ. സലിം, സുഭാഷ് ജോർജ് മാനുവൽ എന്നിവർ സഹനിർമ്മാണം നിർവഹിക്കുന്നു. നയൻതാര ജിനു ജോസഫ്, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് എന്നിവർക്കൊപ്പം മദ്രാസ് കഫേ, പത്താൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടനും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിലെ താരനിരയിൽ ഉൾപ്പെടുന്നു.
English Summary: The Malayalam film ‘Patriot’ directed by Mahesh Narayanan, starring Mammootty and Mohanlal, has undergone censor cuts. The CBFC has directed changes to certain scenes and character names due to potential controversies. The film has been re-edited and is set for release after modifications