

1970-കളില്‍ പ്രശസ്ത ബോളിവുഡ് ചലച്ചിത്ര നിര്‍മ്മാതാവ് മഹേഷ് ഭട്ട് ആത്മീയ ഗുരുവായ ഓഷോ രജനീഷിന്റെ അനുനായിയായിരുന്നു. പൂനെയിലെ ഓഷോ ആശ്രമത്തിലെ സജീവ സന്ദര്‍ശകനായിരുന്ന അദ്ദേഹം അധികം വൈകാതെ ആ കൂട്ടായ്മയില്‍ നിന്നും പിന്മാറി. ഇത് ഓഷോയുമായി വലിയൊരു പിണക്കത്തിന് കാരണമാവുകയും ചെയ്തു. പിന്നീട് യുജി കൃഷ്ണമൂര്‍ത്തി എന്ന 'ആന്റി-ഗുരു'വിലാണ് മഹേഷ് ഭട്ട് തന്റെ ആത്മീയ പങ്കാളിയെ കണ്ടെത്തിയത്. തന്റെ പിതാവ് ഓഷോയുടെ കൂട്ടായ്മ വിട്ടിറങ്ങിയ ആ കലുഷിതമായ കാലഘട്ടത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് മൂത്ത മകള്‍ പൂജ ഭട്ട്.
'എന്റെ പിതാവ് രജനീഷിന്റെ ആത്മീയ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. ഒരിക്കല്‍ അദ്ദേഹം തന്റെ കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിച്ച് ടോയ്ലറ്റിലിട്ട് ഫ്‌ളഷ് ചെയ്തു കളഞ്ഞു. അതോടെ അദ്ദേഹത്തെ അവിടെനിന്നും വിലക്കി, അവിടെയൊരു കുറ്റവാളിയെപ്പോലെയായി. അക്കാലത്ത് നടന്‍ വിനോദ് ഖന്ന വഴി എന്റെ അമ്മയ്ക്ക് ഒരു സന്ദേശം ലഭിച്ചത് ഞാന്‍ ഓര്‍ക്കുന്നു. ഭഗവാന്‍ കടുത്ത ദേഷ്യത്തിലാണ്, അദ്ദേഹം മഹേഷിനെ നശിപ്പിക്കും എന്നതായിരുന്നു ആ സന്ദേശം. അതിനുശേഷം ഒരു അര്‍ദ്ധരാത്രിയില്‍ ഞങ്ങളെ പൂനെയിലെ ഒരു സുരക്ഷിത താവളത്തിലേക്ക് മാറ്റേണ്ടി വന്നു,' പൂജ കൂട്ടിച്ചേര്‍ത്തു.
ഓഷോയെ ഒരു 'പ്രണയപ്പകയുള്ള കാമുകനോടാണ്' പൂജ ഉപമിച്ചത്. 'ആരെങ്കിലും തന്നെ വിട്ടുപോകുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു. മാ ശീലയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. 'നിങ്ങള്‍ക്ക് എന്തുകൊണ്ട് എന്നെ എപ്പോഴും ഒരു പീഠത്തില്‍ പ്രതിഷ്ഠിച്ചുകൂടാ?' എന്ന ഭീഷണിയാണ് ഒടുവില്‍ അവശേഷിക്കുക. നിങ്ങള്‍ ഒരു ദൈവതുല്യനായ വ്യക്തിയോ രാഷ്ട്രീയക്കാരനോ ആകട്ടെ, എല്ലാവരും നിങ്ങളെ ആരാധിക്കണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നു', പൂജ ഭട്ട് പറഞ്ഞു. ഓഷോയുടെ ദീര്‍ഘകാലത്തെ വിശ്വസ്തയായ സെക്രട്ടറിയായിരുന്നു മാ ആനന്ദ് ശീല.
'ഞാന്‍ ഓഷോ ആശ്രമത്തില്‍ പോയിട്ടുണ്ട്. കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ പാദങ്ങള്‍ തൊട്ട് വണങ്ങിയിട്ടുണ്ട്. അവിടെയുള്ളവര്‍ നമ്മളെ മണത്തു നോക്കുമായിരുന്നു. കാരണം ഭഗവാന് സുഗന്ധങ്ങള്‍ ഇഷ്ടമല്ലായിരുന്നു, അത് അദ്ദേഹത്തിന്റെ പ്രഭാവലയത്തെ ബാധിക്കുമെന്നായിരുന്നു അവര്‍ പറഞ്ഞിരുന്നത്. അതുകൊണ്ട് അവിടെ പെര്‍ഫ്യൂമോ ഷാംപൂവോ ഉപയോഗിക്കാന്‍ അനുവാദമില്ലായിരുന്നു', പൂജ വെളിപ്പെടുത്തി. പൂനെയിലെ ആഡംബര മേഖലയായ കൊറേഗാവ് സ്ട്രീറ്റിലാണ് ഓഷോ ആശ്രമം സ്ഥിതി ചെയ്യുന്നത്.
മഹേഷ് ഭട്ടും ഓഷോയുമായുള്ള പിണക്കവും
തൊണ്ണൂറുകളുടെ പകുതിയോടെ പുറത്തിറങ്ങിയ 'മന്‍സിലിന്‍ ഔര്‍ ഭീ ഹേന്‍', 'വിശ്വാസ്ഘട്ട്' (1977) എന്നീ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് താന്‍ ഈ ആത്മീയ വഴി തിരഞ്ഞെടുത്തതെന്ന് മഹേഷ് ഭട്ട് വെളിപ്പെടുത്തിയിരുന്നു. 'ഞാന്‍ പൂനെയിലെ പ്രശസ്തനായ ഗുരു ഓഷോ രജനീഷിന്റെ അടുക്കല്‍ ചെന്ന് എന്നെത്തന്നെ സമര്‍പ്പിച്ചു. കാവി വസ്ത്രങ്ങളും ദിവസത്തില്‍ അഞ്ച് തവണ ധ്യാനവുമായിരുന്നു അക്കാലത്ത്,' അര്‍ബാസ് ഖാന്റെ ചാറ്റ് ഷോയില്‍ മഹേഷ് ഭട്ട് പറഞ്ഞു.
'എനിക്ക് ഉള്ളില്‍ എപ്പോഴും അസൂയയും മറ്റ് വികാരങ്ങളും തോന്നാറുണ്ട്. എന്നാല്‍ പുറമേ ഞാന്‍ വിശുദ്ധമായ വാക്കുകള്‍ സംസാരിക്കുന്നു. എനിക്ക് എന്നോട് തന്നെ കപടനാകാന്‍ കഴിഞ്ഞില്ല. ഞാന്‍ എന്നെയും ലോകത്തെയും പറ്റിക്കുകയാണെന്ന് തോന്നി', എന്തുകൊണ്ടാണ് മാല ടോയ്ലറ്റില്‍ ഫ്‌ളഷ് ചെയ്തതെന്ന് വ്യക്തമാക്കിക്കൊണ്ട് മഹേഷ് ഭട്ട് പറഞ്ഞത് ഇങ്ങനെയാണ്. ഇതേക്കുറിച്ച് തന്റെ ദീര്‍ഘകാല സുഹൃത്തും നടനുമായ വിനോദ് ഖന്നയോട് 'ഇത് തികച്ചും വിലകെട്ടതാണ്, ഞാന്‍ ഒരു വിഡ്ഢിയാണ്' എന്ന് പറഞ്ഞതായും അദ്ദേഹം ഓര്‍ത്തു. മഹേഷ് ഭട്ടാണ് വിനോദ് ഖന്നയെ ഓഷോയ്ക്ക് പരിചയപ്പെടുത്തുന്നത്.
'ഞാന്‍ ആശ്രമത്തില്‍ നിന്നും പോന്നപ്പോള്‍ അദ്ദേഹം അവിടെത്തന്നെ തുടര്‍ന്നു. പിന്നീട് ഒറിഗണിലെ ആശ്രത്തിലേയ്ക്ക് പോവുകയും ചെയ്തു. അദ്ദേഹത്തെ തിരികെ കൊണ്ടുവരാന്‍ ഞാന്‍ ഒരിക്കല്‍ അമേരിക്കയിലേക്ക് പോയി. എന്നാല്‍ അപ്പോഴേക്കും അദ്ദേഹം ആ ലോകത്തോട് ഇഴകിചേര്‍ന്നിരുന്നു', മഹേഷ് ഭട്ട് പറഞ്ഞു. 1980-കളുടെ തുടക്കത്തില്‍ കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് വിനോദ് ഖന്ന സിനിമകള്‍ ഉപേക്ഷിച്ച് ഒറിഗണിലെ ആശ്രമത്തിലേക്ക് മാറിയത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം മടങ്ങിവന്നു. പിന്നീട് 'ജുര്‍ം' (1990), 'മാര്‍ഗ്' (1992) എന്നീ ചിത്രങ്ങളിലൂടെ മഹേഷ് ഭട്ട് വിനോദ് ഖന്നയെ വീണ്ടും സിനിമയിലേക്ക് തിരികെ കൊണ്ടുവന്നു.
ഭട്ടും ഓഷോയും തമ്മിലുള്ള പിണക്കത്തിന് ശേഷം ഓഷോയുടെ സന്ദേശവാഹകനായി എത്തിയത് വിനോദ് ഖന്നയായിരുന്നു. ആ മാല തിരികെ ഭഗവാന് നല്‍കണമെന്നും ഇല്ലെങ്കില്‍ അദ്ദേഹം മഹേഷിനെ നശിപ്പിക്കുമെന്നും ഓഷോ പറഞ്ഞതായി ഖന്ന മഹേഷ് ഭട്ടിനെ അറിയിച്ചിരുന്നു. 'കുറച്ചുകാലത്തിന് ശേഷം രജനീഷിന്റെ ആശ്രമം തകരുകയും ജയിലിലാവുകയും ചെയ്തു. അതോടെ ഓഷോ ഷോ അവസാനിച്ചു. വിനോദ് ഖന്ന ബോളിവുഡിലേക്ക് തിരിച്ചെത്തിയെങ്കിലും മുന്‍പുണ്ടായിരുന്ന ആ പഴയ പ്രതാപം വീണ്ടെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. കാരണം അപ്പോഴേക്കും സിനിമാ വ്യവസായം ഏറെ മാറിപ്പോയിരുന്നു', 2017-ല്‍ നല്‍കിയ അഭിമുഖത്തില്‍ മഹേഷ് ഭട്ട് വ്യക്തമാക്കി. 1980-കളുടെ മധ്യത്തില്‍ അമേരിക്കയില്‍ വെച്ച് കുടിയേറ്റ തട്ടിപ്പ് കേസിനെ തുടര്‍ന്നാണ് ഓഷോ അറസ്റ്റിലാകുന്നത്.
Pooja Bhatt has recalled the turbulent period when her father, filmmaker Mahesh Bhatt, broke away from spiritual leader Osho Rajneesh in the 1970s. She revealed that Mahesh Bhatt dramatically flushed his Osho mala down the toilet, after which he was allegedly ostracized by the movement. According to Pooja, actor Vinod Khanna conveyed a message that Osho was furious and would "destroy" Mahesh, prompting the family to move to a safe location in Pune.