

സംവിധായകൻ സന്ദീപ് റെഡ്ഡി വംഗയുടെ സഹോദരനും നിർമാതാവുമായ പ്രണയ് റെഡ്ഡി വംഗ സിനിമാ നിരൂപകർക്ക് തുറന്ന വെല്ലുവിളിയുമായി രംഗത്ത്. പ്രഭാസ് നായകനായി സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന ‘സ്പിരിറ്റ്’ സിനിമയെ ‘കൊല്ലാൻ’ കഴിയുമെങ്കിൽ ശ്രമിക്കൂ എന്നാണ് പ്രണയ് പറഞ്ഞത്. താൻ നിർമിച്ച ‘റൊമാഞ്ചകം’ എന്ന ചിത്രത്തിന് ലഭിച്ച തണുത്ത പ്രതികരണത്തിന് പിന്നിൽ സിനിമാ നിരൂപകരുടെ റിവ്യൂകളാണ് കാരണമെന്നും അദ്ദേഹം ആരോപിച്ചു.
സിനിമാ നിരൂപണം എളുപ്പമുള്ള ജോലിയാണെന്നും എന്നാൽ ഒരു ചിത്രം നിർമിക്കുന്നതിലെ ബുദ്ധിമുട്ടുകൾ അതിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്നും പ്രണയ് പറഞ്ഞു. ഒരു സിനിമ നിർമിക്കാൻ ഇറങ്ങിതിരിക്കുമ്പോഴാണ് തിരക്കഥയെ സ്‌ക്രീനിൽ എത്തിക്കാൻ സംവിധായകൻ നേരിടുന്ന ബുദ്ധിമുട്ടുകളും നിർമാണ ഘട്ടത്തിലെ പ്രശ്നങ്ങളും മനസ്സിലാക്കാൻ സാധിക്കുകയുള്ളു എന്ന് അദ്ദേഹം വ്യക്തമാക്കി.
‘‘എന്റെ മുൻചിത്രത്തെ അവർക്ക് ഇല്ലാതാക്കാനായി. ആ മിടുക്ക് ബാക്കിയുണ്ടെങ്കിൽ, ‘സ്പിരിറ്റ്’ റിലീസ് ചെയ്യുമ്പോൾ വരു... അപ്പോൾ നോക്കാം," എന്നാണ് പ്രണയ് റെഡ്ഡി വംഗ പറഞ്ഞത്. സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രഭാസാണ് നായകനാകുന്നത്. സിനിമാ നിരൂപകർക്ക് നേരിട്ടുള്ള വെല്ലുവിളിയാണോ ഇതെന്ന അവതാരകന്റെ ചോദ്യത്തിന് പ്രണയ് അതെയെന്ന് സമ്മതിച്ചു. ‘സ്പിരിറ്റി’ന്റെ ഫലത്തിൽ തങ്ങൾക്ക് പൂർണ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘റൊമാഞ്ചകം’ ചെറിയ ചിത്രമായിരുന്നതിനാലാണ് നിരൂപകർക്ക് അതിനെ എളുപ്പത്തിൽ ‘കൊല്ലാൻ’ കഴിഞ്ഞതെന്നും പ്രണയ് അഭിപ്രായപ്പെട്ടു. പിന്നാലെയാണ് അടുത്ത ചിത്രം ‘സ്പിരിറ്റ്’ ചൂണ്ടിക്കാട്ടി അദ്ദേഹം നിരൂപകർക്ക് നേരെ വെല്ലുവിളി ഉയർത്തിയത്. വേണു ഗോപാൽ റെഡ്ഡി സംവിധാനം ചെയ്ത ‘റൊമാഞ്ചകം’ ചിത്രത്തിൽ സുമന്ത് പ്രഭാസും അനന്തിക സനിൽകുമാറുമാണ് പ്രധാന വേഷങ്ങളിലെത്തിയത്. റിലീസിന് പിന്നാലെ ചിത്രത്തിന് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
അതേസമയം, പ്രഭാസാണ് നായകനാകുന്ന ‘സ്പിരിറ്റ്’ പ്രഖ്യാപനം മുതൽ തന്നെ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. രൺബീർ കപൂർ നായകനായ ‘അനിമൽ’ വൻ വിജയമായതിന് പിന്നാലെ സന്ദീപ് റെഡ്ഡി വംഗയുടെ അടുത്ത ചിത്രമെന്ന നിലയിലും ‘സ്പിരിറ്റി’ന് വലിയ ഹൈപ്പാണ് ലഭിച്ചിരിക്കുന്നത്. എന്നാൽ പ്രഖ്യാപനത്തിന് പിന്നാലെ ചിത്രം ഒരുപാട് വിവാദങ്ങളിലും ഇടംപിടിച്ചിരുന്നു. ചിത്രത്തിലെ നായികയായിരുന്ന ദീപിക പദുക്കോണും സന്ദീപ് റെഡ്ഡി വംഗയും തമ്മിലുണ്ടായ പരസ്യമായ അഭിപ്രായവ്യത്യാസങ്ങൾക്ക് പിന്നാലെ ദീപിക ചിത്രത്തിൽ നിന്ന് പിന്മാറുകയായിരുന്നു. തുടർന്ന് തൃപ്തി ദിംരിയാണ് ചിത്രത്തിൽ നായികയായി എത്തിയത്.
Producer Pranay Reddy Vanga has challenged film critics to “kill” Spirit if they can, following the lukewarm response to Romanchakam. Defending filmmaking efforts, he called criticism an easy job and expressed confidence in Spirit. Directed by Sandeep Reddy Vanga, the Prabhas starrer is among the most anticipated upcoming Indian films.