കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കണ്ട ഏറ്റവും മികച്ച സിനിമയാണ് 'ബാലന്‍' എന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. എല്ലാവരും അവരുടെ ഏറ്റവും മികച്ച സംഭവാനകള്‍ ഈ സിനിമയ്ക്കായി നല്‍കിയിട്ടുണ്ടെന്നും അതാണ് ഈ ചിത്രത്തെ സംബന്ധിച്ചുള്ള ഏറ്റവും മികച്ച കാര്യമെന്നും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ പറഞ്ഞു. മികച്ച ടീം വര്‍ക്ക് എന്നാണ് ഈ ചിത്രത്തെക്കുറിച്ച് വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നതെന്നും ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ പറഞ്ഞു.
''ഞാനിത് ഫോണില്‍ നേരത്തെ പറഞ്ഞതാണ്. രണ്ട് വര്‍ഷത്തിനിടെ ഞാന്‍ കണ്ട ഏറ്റവും മികച്ച മലയാള സിനിമ ഇതായിരിക്കും. ഒരു ഉഗ്രന്‍ സിനിമയെടുത്തുകളയാം എന്ന് കരുതി നമുക്ക് ഒരിക്കലും ഒരു സിനിമയെടുക്കാന്‍ കഴിയില്ല. അത് അങ്ങനെ സംഭവിക്കുന്നതാണ്. ആ നിലയില്‍ എല്ലാവരും സിനിമയില്‍ മികച്ച സംഭാവനകള്‍ നല്‍കി എന്ന് പറയാതെവയ്യ. മറ്റെല്ലാത്തിനെക്കാളും ഉപരി ഇതൊരു മികച്ച ടീം വര്‍ക്കാണെന്ന് ഞാന്‍ പറയും'', പ്രിയദര്‍ശന്‍ പറഞ്ഞു.
''എന്റെ അനുഭവം വച്ച് ഒരു സിനിമയുടെ ഏറ്റവും വലിയ ചാലഞ്ച് എന്ന് പറയുന്നത് തിരക്കഥയാണ്. ഈ സിനിമയുടെ തിരക്കഥ അത്ര മികച്ചതാണ്. നമുക്ക് പരിചയമുള്ള ആളുകള്‍ ഈ സിനിമയില്‍ കുറവാണ്, ഇതോരു ഫാസ്റ്റ് മൂവിംഗ് മാസ്സ് സിനിമയുമല്ല. എന്നിട്ടും സിനിമ പിടിച്ചിരുത്തുന്നു. ആ മാജിക്ക് എങ്ങനെ നിങ്ങള്‍ ഉണ്ടാക്കി എന്ന് എനിക്ക് ഇപ്പോഴും പിടികിട്ടിയിട്ടില്ല. സിനിമ എനിക്ക് ഒരിക്കല്‍ കൂടി കാണണം. അവസാനം വരെ ആളുകളെ പിടിച്ചിരുത്താന്‍ സിനിമക്ക് കഴിയുന്നുണ്ട്.'
'ബ്രില്യന്റ് കാസ്റ്റിങ്'
ബ്രില്യന്റ് എന്നാണ് സിനിമയിലെ കാസ്റ്റിങ്ങിനെ പ്രിയദര്‍ശന്‍ വിശേഷിപ്പിച്ചത്. ഒരുപാട് അനുഭവപരിചയമുള്ള അഭിനയതാക്കളെ പോലെയായിരുന്നു അവരുടെ പ്രകടനം എന്നും അദ്ദേഹം പറഞ്ഞു. ''സിനിമ കണ്ടപ്പോള്‍ ഒരു ഭാഗത്തും ഇത് കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന തോന്നല്‍ എനിക്കുണ്ടായില്ല. ഞാന്‍ ഫൈനല്‍ കട്ട് സിനിമയല്ല കണ്ടത്, എന്നിട്ടുകൂടി സിനിമ എന്നെ ഇപ്പോഴും സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. അടുത്തത് എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് അറിയാനുള്ള ആകാംക്ഷ സിനിമ കാണുമ്പോള്‍ ഉടനിളം ഉണ്ടായിരുന്നു. ക്ലൈമാക്‌സില്‍ എന്ത് സര്‍പ്രൈസാണ് ഉള്ളതെന്ന് ഞാന്‍ ഇപ്പോള്‍ പറയുന്നില്ല, അതൊരു സ്‌പോയിറായി പോകും', പ്രിയദശന്‍ കൂട്ടിച്ചേര്‍ത്തു.
മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബാലന്‍- ദി ബോയ്'. ആദിശേഷന്‍, ഫര്‍സാന പാലത്തിങ്കല്‍, മുഹമ്മദ് സിനാന്‍, ഡോളി ജൂണ്‍, ജീന്‍ പോള്‍ ലാല്‍, ഗിരീഷ് എ.ഡി, ബീന ആന്റണി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. ടൊവിനോ തോമസും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിന് പുറമേ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും 'ബാലന്‍' പ്രദര്‍ശനത്തിനെത്തും. ചിദംബരത്തിനൊപ്പം ജിത്തു മാധവനും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയത്.
കെവിഎന്‍ പ്രൊഡക്ഷന്‍സ്, തെസ്പിയന്‍ ഫിലിംസ് എന്നിവയുടെ ബാനറില്‍ വെങ്കട് കെ നാരായണ, ശൈലജ ദേശായി ഫെന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. അജയന്‍ ചാലിശേരിയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. സുഷിന്‍ ശ്യാം സംഗീതം ഒരുക്കുന്നു. സിനിമോട്ടോഗ്രഫി- ഷൈജു ഖാലിദ്. എഡിറ്റിങ്- വിവേക് ഹര്‍ഷന്‍. കാസ്റ്റിങ് ഡയറക്ടര്‍, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍- ഗണപതി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍.
Summary
Veteran filmmaker Priyadarshan has lavished praise on Balan – The Boy, directed by Chidambaram, calling it the best Malayalam film he has watched in the last two years. Speaking alongside the film's crew, Priyadarshan described the movie as a fantastic teamwork and credited every member of the cast and crew for contributing their best to the project.