

സോഷ്യൽ മീഡിയയിലെ സൈബർ ആക്രമണങ്ങൾക്കും 'സംഘി' വിളികൾക്കും തന്റെ കഥാപാത്രങ്ങൾക്ക് നേരെയുള്ള പ്രൊപ്പഗണ്ട ആരോപണങ്ങൾക്കും എതിരെ പ്രതികരിച്ച് നടൻ ആർ. മാധവൻ. 'ജി ഡി എൻ' എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. സമൂഹമാധ്യമങ്ങളിലെ അധിക്ഷേപങ്ങളെയും നെഗറ്റീവ് കമന്റുകളെയും എങ്ങനെ നേരിടുന്നു എന്ന ചോദ്യത്തിന് താരം വ്യക്തമായ മറുപടി നൽകി.
"രാജ്യത്തെ നന്മകളെ പിന്തുണയ്ക്കുന്നത് കുറ്റമല്ല. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കോ അതിലെ നേതാക്കൾക്കോ എതിരായി ഞാൻ എവിടെയും ഒന്നും സംസാരിച്ചിട്ടില്ല. ആരെങ്കിലും നല്ല കാര്യങ്ങൾ ചെയ്താൽ അത് അഭിനന്ദിക്കാറുണ്ട്. പ്രൈം മിനിസ്റ്ററോ ചീഫ് മിനിസ്റ്ററോ ആയി ഒരാൾ തിരഞ്ഞെടുക്കപ്പെട്ടാൽ അവരെ പിന്തുണയ്ക്കുക എന്നത് ഒരു പൗരൻ എന്ന നിലയിൽ എന്റെ കടമയാണ്. ട്രോളുകളും കമന്റുകളും വായിക്കാറുണ്ട്, പക്ഷേ അത് എന്റെ തീരുമാനങ്ങളെ ബാധിക്കാറില്ല. അങ്ങനെ ചെയ്യുന്നതിലൂടെ ഞാൻ തെറ്റുകാരനാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നവരുടെ യഥാർത്ഥ ലക്ഷ്യമാണ് ചോദ്യം ചെയ്യപ്പെടേണ്ടത്"- മാധവൻ പ്രതികരിച്ചു.
കലയും സിനിമയും രാജ്യത്തോടുള്ള സ്നേഹവും വ്യക്തമായ അതിർവരമ്പുകളോടെ കാണുന്നൊരാളാണ് താനെന്നും മാധവൻ വ്യക്തമാക്കി. താൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും വക്താവല്ലെന്നും ചെറുപ്പം മുതലേ ലഭിച്ച വളർത്തുദോഷമാവാം തന്നെ രാജ്യത്തെ സ്നേഹിക്കാൻ പഠിപ്പിച്ചതെന്നും നടൻ കൂട്ടിച്ചേർത്തു.
ആദിത്യ ധറിന്റെ 'ധുരന്ധർ' ചിത്രത്തിനെതിരെ ഉയർന്ന പ്രൊപ്പഗണ്ട ആരോപണങ്ങളെക്കുറിച്ചും 'റോക്കട്രി: ദി നമ്പി ഇഫക്ട്' എന്ന സിനിമയിൽ നമ്പി നാരായണൻ അമ്പലത്തിൽ പോകുന്ന രംഗങ്ങൾ ചിത്രീകരിച്ചപ്പോൾ ഉയർന്ന വിമർശങ്ങൾക്കെതിരെയും താരം മറുപടി നൽകി.
"ഒരു വ്യക്തിയുടെ യഥാർത്ഥ ജീവിതം സിനിമയാക്കുമ്പോൾ അദ്ദേഹത്തിന്റെ സ്വഭാവത്തോട് നീതി പുലർത്തേണ്ടതുണ്ട്. നമ്പി നാരായണൻ അമ്പലത്തിൽ പോകുന്ന ആളാണെങ്കിൽ അത് സിനിമയിലും കാണിക്കണം. ഇനി ഞാൻ അഭിനയിക്കാൻ പോകുന്ന ജി ഡി നായിഡു ഒരു യുക്തിവാദിയാണെങ്കിൽ, അതും അതേപടി ചിത്രീകരിക്കേണ്ടതുണ്ട്. കഥാപാത്രമായി മാറുക മാത്രമാണ് എന്റെ ജോലി. ഇന്ത്യയിലെ നല്ല കാര്യങ്ങളെ ഉയർത്തിക്കാട്ടാൻ മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്. അത് ഒരിക്കലും ഒരു കുറ്റമായി കാണാൻ കഴിയില്ല. മാത്രമല്ല പാകിസ്താൻ പശ്ചാത്തലത്തിൽ നടക്കുന്ന സംഭവങ്ങൾ ഇന്ത്യയെ എങ്ങനെ ബാധിക്കുന്നു എന്നാണ് ആ ചിത്രം കാണിക്കുന്നത്, അതിൽ എവിടുത്തെ പ്രൊപ്പഗണ്ടയാണുള്ളതെന്ന് തനിക്ക് മനസ്സിലാകുന്നില്ല'' മാധവൻ പറഞ്ഞു.
ഇന്ത്യയുടെ എഡിസൺ എന്നറിയപ്പെടുന്ന ജി ഡി നായിഡുവിന്റെ ബയോപിക്കായ 'ജി ഡി എൻ' ഓഗസ്റ്റ് 7-നാണ് തിയറ്ററുകളിലെത്തുന്നത്. കൃഷ്ണകുമാർ രാമകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സത്യരാജ്, പ്രിയാമണി, ജയറാം, ദുഷറ വിജയൻ, വിനയ് റായ്, യോഗി ബാബു തുടങ്ങിയ വൻ താരനിരയാണ് അണിനിരക്കുന്നത്.
R. Madhavan has responded to online trolling and being labeled as a "Sanghi," saying supporting good work for the country should not be politicized. He also defended the authenticity of portraying real-life characters in films and rejected propaganda allegations against his movies.