

ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരുന്ന 'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' തിയേറ്ററുകളിൽ വമ്പൻ വിജയമായി മുന്നേറുകയാണ്. ഇന്ത്യൻ ബോക്സ് ഓഫീസിൽ നിരവധി റെക്കോർഡുകൾ സ്വന്തമാക്കിയ ചിത്രത്തിന് കേരളത്തിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒറിജിനൽ പതിപ്പിനൊപ്പം പുറത്തിറങ്ങിയ മലയാളം ഡബ്ബിങ് വേർഷനും പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. പീറ്റർ പാർക്കർ, എം.ജെ, നെഡ് ലീഡ്സ് തുടങ്ങിയ പ്രിയപ്പെട്ട കഥാപാത്രങ്ങൾക്ക് മലയാളത്തിൽ ശബ്ദം നൽകിയ യുവ ഡബ്ബിങ് ആർട്ടിസ്റ്റുകളുടെ പ്രകടനവും ഏറെ ശ്രദ്ധ നേടുകയാണ്.
ഫോറസ്ട്രി പഠനത്തിൽ നിന്ന് ഡബ്ബിങ് ലോകത്തേക്ക് എത്തി പീറ്റർ പാർക്കറിന്റെ ശബ്ദമായി മാറിയ രാഹുൽ ദേവ്. മൊബൈൽ ഫോണിൽ വെറുതെ ഡബ്ബ് ചെയ്ത് തുടങ്ങി, ഇന്ന് എം ജെയുടെ മലയാളി ശബ്ദമായി മാറിയ അജന്യ സഞ്ജു. തന്റെ സ്വപ്നങ്ങളെ കളിയാക്കിയവരുടെ മുന്നിൽ നെഡ് ലീഡ്‌സിലൂടെ കയ്യടി നേടിയ ആർ ജെ ഇന്ദ്രൻ. ഈ മൂന്ന് യുവപ്രതിഭകളാണ് മലയാളത്തിൽ സ്‌പൈഡർമാന്റെ ലോകത്തിന് ജീവൻ പകർന്നത്.
സ്‌പൈഡർമാൻ പോലൊരു ഐക്കോണിക് ചിത്രത്തിലെ കഥാപാത്രങ്ങളായി മാറാൻ കഴിഞ്ഞ അനുഭവം, ഡബ്ബിങ് രംഗത്തേക്കുള്ള വരവ്, റെക്കോർഡ് വിജയമായ ചിത്രത്തിന്റെ പിന്നാമ്പുറ വിശേഷങ്ങൾ എന്നിവയെക്കുറിച്ച് മാഡിസം ഡിജിറ്റലുമായി മനസുതുറക്കുകയാണ് ഇവർ.
ഡബ്ബിങ്ങിലേക്ക് എത്തുമെന്നും, സ്പൈഡർമാന് ഡബ്ബ് ചെയ്യുമെന്നും പ്രതീക്ഷിച്ചിരുന്നോ?
രാഹുൽ ദേവ്: "ഞാൻ പഠിച്ചത് ഫോറസ്ട്രിയാണ്. വളരെ താൽപര്യത്തോടെയാണ് ആ കോഴ്‌സ് തിരഞ്ഞെടുക്കിയത്. പക്ഷേ ഒരു ഘട്ടത്തിലെത്തിയപ്പോൾ എവിടെയോ എന്തോ മിസ്സിംഗ് ആകുന്നത് പോലെ തോന്നി. ഇത് എനിക്ക് പറ്റിയ മേഖലയാണോ എന്നൊരു സംശയം ഉണ്ടായി. ചെറുപ്പം മുതലേ നടന്മാരുടെ ശബ്ദങ്ങൾ അനുകരിക്കാറുണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന പല ശബ്ദങ്ങളും ചെയ്യുമായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് 'ശബ്ദവുമായി ബന്ധപ്പെട്ട് ക്രിയേറ്റീവായി എന്തെങ്കിലും ചെയ്തുകൂടേ?' എന്ന ചിന്ത വന്നത്. അങ്ങനെയാണ് ഞാൻ ഡബ്ബിങ് രംഗത്തേക്ക് എത്തിയത്.
ആദ്യകാലത്ത് നിരവധി കാർട്ടൂൺ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിട്ടുണ്ട്. അതിന് പ്രേക്ഷകരിൽ നിന്ന് നല്ല പ്രതികരണങ്ങൾ ലഭിച്ചതോടെയാണ്, സിനിമ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകാനുള്ള അവസരങ്ങൾ ലഭിച്ചുതുടങ്ങിയത്. അങ്ങനെ ആരംഭിച്ച യാത്രയാണ് ഇന്ന് സ്‌പൈഡർമാനിലെ പീറ്റർ പാർക്കറിലേക്കെത്തി നിൽക്കുന്നത്. ഇപ്പോൾ ഏകദേശം രണ്ടര വർഷമായി ഡബ്ബിങ് രംഗത്ത് സജീവമാണ്."
പീറ്റർ പാർക്കറിലേക്ക് എത്തിയത് എങ്ങനെയായിരുന്നു?
"എന്നെ ഈ സിനിമയിലേക്ക് വിളിച്ചത് ഡബ്ബിങ് ഡയറക്ടർ നീതുവാണ്. ട്രെയിലറിന് വേണ്ടി ഡബ്ബ് ചെയ്യാനാണ് വിളിക്കുന്നതെന്നാണ് ആദ്യം പറഞ്ഞത്. പക്ഷേ അത് സ്‌പൈഡർമാനുവേണ്ടിയാണെന്ന് എനിക്ക് അറിയില്ലായിരുന്നു. പിന്നീട് പീറ്റർ പാർക്കറിന്റെ കഥാപാത്രത്തിന് വേണ്ടിയാണ് ഡബ്ബ് ചെയ്യേണ്ടതെന്ന് അവർ പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. എങ്കിലും എന്റെ ശബ്ദം സിനിമയിൽ ഉപയോഗിക്കുമെന്ന പ്രതീക്ഷ എനിക്കുണ്ടായിരുന്നില്ല. പിന്നീട് എന്റെ ശബ്ദം കഥാപാത്രത്തിന് അനുയോജ്യമാണെന്ന് അവർക്ക് തോന്നിയതോടെയാണ് മുഴുവൻ സിനിമയ്ക്കും ഡബ്ബ് ചെയ്യാനുള്ള അവസരം ലഭിച്ചത്."
ആദ്യമായി പീറ്റർ പാർക്കറിന് ശബ്ദം നൽകിയ നിമിഷം ഓർമ്മയുണ്ടോ?
"എന്നെപ്പോലെയുള്ള ഒരു ആർട്ടിസ്റ്റിനെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ അവസരമാണ്. ചെറുപ്പം മുതൽ ആരാധിച്ചിരുന്ന ഒരു സൂപ്പർഹീറോയ്ക്ക് ശബ്ദം നൽകാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായാണ് ഞാൻ കാണുന്നത്. അതോടൊപ്പം വലിയ ടെൻഷനും ഉണ്ടായിരുന്നു. കാരണം, പ്രേക്ഷകർക്ക് കേൾക്കുമ്പോൾ ഒരു അസ്വാഭാവികതയോ അരോചകതയോ തോന്നരുത് എന്ന കാര്യത്തിൽ ഞാൻ വളരെ ശ്രദ്ധിച്ചിരുന്നു. ഞാനും ഒരു പ്രേക്ഷകനാണ്. അതുകൊണ്ടുതന്നെ എനിക്ക് കഴിയുന്നത്ര മികച്ച രീതിയിൽ ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. പ്രേക്ഷകർ സ്‌പൈഡർമാനെ എന്റെ ശബ്ദത്തിലൂടെയാണ് കേൾക്കാൻ പോകുന്നത് എന്ന ചിന്ത എനിക്ക് വലിയൊരു ഉത്തരവാദിത്വമായിരുന്നു."
മലയാളി സ്‌പൈഡർമാനെ പ്രേക്ഷകർ ഇത്രത്തോളം ഏറ്റെടുത്ത സാഹചര്യത്തിൽ, എന്ത് തോന്നുന്നു?
"സ്‌പൈഡർമാൻ കാണാൻ എന്റെ കുടുംബത്തോടൊപ്പമാണ് ഞാൻ പോയത്. എന്നെ സംബന്ധിച്ചിടത്തോളം അത് വളരെ വൈകാരികമായ ഒരു നിമിഷമായിരുന്നു. അച്ഛൻ, അമ്മ, അനിയത്തി, പിന്നെ മിമിക്രി ആർട്ടിസ്റ്റായ മഹേഷ് കുഞ്ഞുമോൻ എന്നിവരായിരുന്നു എന്നോടൊപ്പം ഉണ്ടായിരുന്നത്. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ അവരുടെ കണ്ണുകൾ നിറയുന്നത് ഞാൻ ശ്രദ്ധിച്ചു. അപ്പോഴാണ് ഒരു മകൻ എന്ന നിലയിലും ഒരു സഹോദരൻ എന്ന നിലയിലും അവർ എന്നെ ഓർത്ത് അഭിമാനിക്കുന്നു എന്ന് എനിക്ക് തോന്നിയത്. അപ്പോൾ എന്റെ കണ്ണുകളും നിറഞ്ഞു. അതുകൊണ്ടുതന്നെ സ്‌പൈഡർമാനും അതിലെ പീറ്റർ പാർക്കറിന് ശബ്ദം നൽകിയ അനുഭവവും ജീവിതകാലം മുഴുവൻ എന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ഒന്നായിരിക്കും."
ഡബ്ബിങ്ങിലേക്കുള്ള ആദ്യ ചുവടുവയ്പ്പ് എങ്ങനെയായിരുന്നു?
അജന്യ സഞ്ജു: "അമ്മ ഒരു ഡബ്ബിങ് ആർട്ടിസ്റ്റാണ്. എനിക്ക് തുടക്കത്തിൽ ഡബ്ബിങ്ങിനോട് വലിയ താൽപര്യമൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് ഒഴിവുസമയങ്ങളിൽ അമ്മയോടൊപ്പം ഡബ്ബിങ് സ്റ്റുഡിയോയിലേക്ക് പോകാറുണ്ടായിരുന്നു. അങ്ങനെ സ്ഥിരമായി സ്റ്റുഡിയോയിലേക്ക് പോയിക്കൊണ്ടിരുന്നപ്പോൾ സ്വാഭാവികമായി ഡബ്ബിങ്ങിനോട് താൽപര്യം തോന്നി. പിന്നീട് അതുതന്നെയാണ് എന്റെ കരിയർ എന്നുറപ്പിച്ചു. ഇന്ന് ഞാൻ ഒരു ഡബ്ബിങ് ആർട്ടിസ്റ്റും ഡബ്ബിങ് ഡയറക്ടറുമാണ്. 'സ്പൈഡർ-നോയർ' പോലുള്ള സീരീസുകളിൽ ഡബ്ബിങ് ഡയറക്ടറായി പ്രവർത്തിക്കാനും അവസരം ലഭിച്ചിരുന്നു."
ആദ്യമായി ഡബ്ബ് ചെയ്തപ്പോഴുണ്ടായ അനുഭവം എന്തായിരുന്നു?
"ഗ്രഹൺ എന്ന ചിത്രത്തിൽ വാമിക ഗബ്ബിയുടെ കഥാപാത്രത്തിന് ഡബ്ബ് ചെയ്തത് ഞാനാണ്. പിന്നീട് 'ഗാർഡിയൻസ് ഓഫ് ദി ഗാലക്സി' ഉൾപ്പെടെ നിരവധി പ്രോജക്ടുകളിലും പ്രവർത്തിച്ചു. പഠിക്കുന്ന സമയത്താണ് ആദ്യമായി ഒരു കഥാപാത്രത്തിന് സ്വന്തമായി ഡബ്ബ് ചെയ്ത് നോക്കിയത്. അത് 'സ്പൈഡർ-മാൻ: ഫാർ ഫ്രം ഹോം' എന്ന ചിത്രത്തിൽ സെൻഡെയ അവതരിപ്പിച്ച കഥാപാത്രത്തിനായിരുന്നു. ആ സിനിമയിലെ ഒരു ഭാഗം ഡൗൺലോഡ് ചെയ്ത് അതിന് സ്വന്തമായി ഡബ്ബ് ചെയ്തു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും ക്രഷ് തോന്നിയതുമായ സ്‌പൈഡർമാൻ ടോം ഹോളണ്ടാണ്. അതുകൊണ്ട് തന്നെ 'മേരി ജെയ്ൻ ടോം ഹോളണ്ടിനോട് മലയാളത്തിൽ സംസാരിച്ചാൽ എങ്ങനെയിരിക്കും?' അങ്ങനെ ചിന്തിച്ചപ്പോഴാണ് ഈ ആശയം ലഭിച്ചത്. അന്ന് അത് ഡബ്ബ് ചെയ്തതും എഡിറ്റ് ചെയ്തതും ഞാനായിരുന്നു. അത് സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കാണിച്ചപ്പോൾ വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്. അങ്ങനെയാണ് ഡബ്ബിങ്ങിനെ കൂടുതൽ സീരിയസായി സമീപിക്കാമെന്ന ആത്മവിശ്വാസം ലഭിച്ചത്. ചിത്രത്തിന്റെ മലയാളം വേർഷനെ പ്രേക്ഷകർ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നത് കാണുമ്പോൾ ഒരു പ്രേക്ഷക എന്ന നിലയിലും, ഒരു ആർട്ടിസ്റ്റ് എന്ന നിലയിലും, ഒരു ടെക്‌നീഷ്യൻ എന്ന നിലയിലും ഒരുപാട് സന്തോഷം തോന്നുന്നു."
'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ'യിൽ ഡബ്ബ് ചെയ്തപ്പോൾ ഏറ്റവും നന്നായി തോന്നിയ സീക്വൻസ് ഏതാണ്?
"തുറന്ന് പറഞ്ഞാൽ അത് സ്പോയ്ലറാകും. അതുകൊണ്ട് കൂടുതൽ വിശദീകരിക്കുന്നില്ല. പക്ഷേ ഈ ചിത്രത്തിൽ സെൻഡെയയുടെ കഥാപാത്രത്തിന് ഒരു പ്രത്യേക ഘട്ടത്തിൽ വലിയൊരു ക്യാരക്ടർ ഷിഫ്റ്റ് ഉണ്ടാകുന്ന രംഗമുണ്ട്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട സീക്വൻസുകളിൽ ഒന്ന് അതാണ്."
ഹോളിവുഡ് കഥാപാത്രത്തിന് ഡബ്ബ് ചെയ്യുമ്പോൾ കൂടുതൽ പരിശ്രമം വേണ്ടിവന്നിട്ടുണ്ടോ?
"ഞാൻ ചെറുപ്പം മുതൽ മാർവൽ സിനിമകളുടെ വലിയ ആരാധികയാണ്. മുൻപ് പറഞ്ഞതുപോലെ, സ്‌പൈഡർമാൻ സിനിമയിലെ നായികയ്ക്ക് ഡബ്ബ് ചെയ്തുകൊണ്ടാണ് ഞാൻ ഈ മേഖലയിലേക്ക് എത്തുന്നത്. അതുകൊണ്ട് തന്നെ ഈ പ്രോസസ് എനിക്ക് വളരെ എളുപ്പമായിരുന്നു. ഡബ്ബിങ് ചെയ്യുമ്പോൾ ആ കഥാപാത്രമായി മാറാൻ എനിക്ക് സാധിച്ചിരുന്നു. സ്റ്റുഡിയോയിൽ ഡബ്ബ് ചെയ്യുന്ന സമയത്ത് സ്ക്രീനിൽ കാണുന്ന കഥാപാത്രത്തിന്റെ വികാരങ്ങൾ എന്റെ വികാരങ്ങളായി മാറി എന്നതാണ് സത്യം."
സ്‌പൈഡർമാൻ ഫ്രാഞ്ചൈസിയോട് ഇത്രയധികം ഇഷ്ടം തോന്നാനുള്ള കാരണം എന്താണ്?
ഇന്ദ്രൻ: "ഞാൻ ചെറുപ്പം മുതൽ ഫോളോ ചെയ്യുന്ന മാർവെൽ സിനിമകളിൽ ഏറ്റവും പ്രിയപ്പെട്ടത് സ്‌പൈഡർമാൻ ഫ്രാഞ്ചൈസിയാണ്. ആളുകൾക്കിടയിൽ വളരെ സാധാരണക്കാരനായി ജീവിക്കുന്ന ഒരാൾ, ഒരു നാടിന്റെ മുഴുവൻ രക്ഷകനായി മാറുന്നു എന്ന ആശയം എന്നെ വളരെയധികം സ്വാധീനിച്ചിരുന്നു. അതുകൊണ്ടുതന്നെ ആ കഥാപാത്രത്തോട് ഒരു പ്രത്യേക ആത്മബന്ധവും എനിക്കുണ്ട്. ചെറുപ്പത്തിൽ അപകടം സംഭവിച്ചാൽ രക്ഷിക്കാൻ സ്‌പൈഡർമാൻ വരുമെന്നൊരു വിശ്വാസം പോലും എനിക്കുണ്ടായിരുന്നു. അത്രത്തോളം ഇഷ്ടപ്പെടുന്ന ഒരു കഥാപാത്രമായതുകൊണ്ടാണ് സ്‌പൈഡർമാൻ ഫ്രാഞ്ചൈസി എനിക്ക് ഏറ്റവും പ്രിയപ്പെട്ടതായത്."
നെഡ് ലീഡ്സിന്റെ ശബ്ദമാകാൻ അവസരം ലഭിച്ചത് എങ്ങനെയായിരുന്നു?
"ഡബ്ബിങ് ഡയറക്ടർ എന്നെ വിളിച്ചപ്പോൾ കൂടുതൽ ഒന്നും ചോദിക്കാതെ ഞാൻ സ്റ്റുഡിയോയിലേക്ക് പോയി. അവിടെ ഹെഡ്‌ഫോൺ ധരിച്ച് സ്ക്രീനിലേക്ക് നോക്കിയപ്പോഴാണ് മനസ്സിലായത്, ഞാൻ സ്‌പൈഡർമാൻ സിനിമയ്ക്കുവേണ്ടിയാണ് ഡബ്ബ് ചെയ്യാൻ പോകുന്നതെന്ന്. കൂടാതെ, ചിത്രത്തിലെ പ്രധാനപ്പെട്ട കഥാപാത്രമായ നെഡ് ലീഡ്സിന് വേണ്ടിയാണ് ശബ്ദം നൽകേണ്ടതെന്ന് അറിഞ്ഞപ്പോൾ ഇരട്ടി സന്തോഷമായി. മുൻ സിനിമകളിൽ നിന്ന് തന്നെ ഈ കഥാപാത്രത്തിന്റെ പ്രാധാന്യം എനിക്ക് വ്യക്തമായി അറിയാമായിരുന്നു. അതുകൊണ്ട് എന്റെ പോർഷനുകളെല്ലാം വളരെ ആസ്വദിച്ചാണ് ഡബ്ബ് ചെയ്തത്.
ഡബ്ബിങ്ങിലേക്ക് തിരിയാൻ പ്രചോദനമായ നിമിഷം ഏതാണ്?
"സ്കൂളിൽ പഠിക്കുന്ന സമയത്ത് ഞങ്ങൾ നാടകങ്ങൾ ചെയ്യാറുണ്ടായിരുന്നു. അതിൽ മിക്കതും പ്രീ-റെക്കോർഡഡ് ആയിരുന്നതിനാൽ ആദ്യം സ്റ്റുഡിയോയിൽ പോയി ഡയലോഗുകൾ റെക്കോർഡ് ചെയ്യും. അതിന് ശേഷമാണ് റിഹേഴ്സൽ തുടങ്ങുന്നത്. ഒരു ദിവസം റെക്കോർഡിങ് കഴിഞ്ഞപ്പോൾ സ്റ്റുഡിയോയിലെ സൗണ്ട് എൻജിനീയർ ചേട്ടൻ എന്നോട് പറഞ്ഞു, 'മോന്റെ ശബ്ദം വളരെ നല്ലതാണ്. ഡബ്ബിങ് ഒന്ന് ട്രൈ ചെയ്തുകൂടെ?'. അന്നു മുതലാണ് എന്തുകൊണ്ട് ഇത് ശ്രമിച്ചുകൂടാ എന്ന ചിന്ത എന്നിലുണ്ടായത്.
പിന്നീട് സുഹൃത്തുക്കൾ ഇനി എന്താണ് പ്ലാൻ എന്ന് ചോദിക്കുമ്പോൾ, ഡബ്ബിങ് ചെയ്യണമെന്നാണ് ആഗ്രഹമെന്നാണ് ഞാൻ പറയാറ്. അന്ന് പലരും എന്നെ കളിയാക്കിയിരുന്നു. പക്ഷേ എനിക്ക് ഇത് ചെയ്യാൻ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു. അതിനുശേഷം ഞാൻ ആർ ജെയിങ്ങിലേക്ക് തിരിഞ്ഞു. കുറേക്കാലം അതിൽ പ്രവർത്തിക്കുകയും, അതിനൊപ്പം ചെറിയ കഥാപാത്രങ്ങൾക്ക് ഡബ്ബ് ചെയ്യുകയും ചെയ്തു. അങ്ങനെയാണ് ഈ മേഖലയിലേക്ക് എത്തിയത്."
ആളുകൾ ശബ്ദം തിരിച്ചറിഞ്ഞ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ?
"ഒരു സംഭവം ഇന്നും വ്യക്തമായി ഓർമയിലുണ്ട്. ഒരിക്കൽ ആമസോൺ പ്രൈം സീരീസിലെ ഒരു പ്രധാന കഥാപാത്രത്തിന് വേണ്ടി ഞാൻ ഡബ്ബ് ചെയ്തിരുന്നു. റിലീസ് കഴിഞ്ഞ് കുറേ ദിവസങ്ങൾക്ക് ശേഷം എന്റെ ശബ്ദം തിരിച്ചറിഞ്ഞ് ഒരാൾ എനിക്ക് മെസേജ് അയച്ചു. അത് കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നി. എന്നെ അദ്ദേഹം തിരിച്ചറിഞ്ഞതിന് കാരണം, ഓഫീസിലേക്ക് പോകുമ്പോഴും തിരികെ വരുമ്പോഴും റേഡിയോ മാംഗോയിലെ എന്റെ ഷോ സ്ഥിരമായി കേൾക്കാറുള്ളതുകൊണ്ടാണ് എന്നും അദ്ദേഹം പീന്നീട് പറഞ്ഞു.
ആർ ജെയിങ്ങാണോ, ഡബ്ബിങ്ങാണോ കൂടുതൽ ബുദ്ധിമുട്ട്?
"തീർച്ചയായും ഡബ്ബിങ് തന്നെയാണ് ബുദ്ധിമുട്ട്. ഒരു ആർ ജെ ആയി സംസാരിക്കുമ്പോൾ ഞാൻ, ഞാൻ തന്നെയാണ്. എന്നാൽ ഡബ്ബിങ്ങിൽ അങ്ങനെയല്ല. ഒരു കഥാപാത്രത്തെ പൂർണമായി ഉൾക്കൊണ്ട് അതിന് ശബ്ദം നൽകണം. ആ കഥാപാത്രത്തിന്റെ മാനസികാവസ്ഥ, മുഖഭാവം, ആത്മസംഘർഷം, സന്തോഷം, ദുഃഖം, എന്നിങ്ങനെ എല്ലാം മനസ്സിലാക്കിയാൽ മാത്രമേ അത് ശബ്ദത്തിലൂടെ പ്രേക്ഷകരിലേക്ക് ശരിയായ രീതിയിൽ എത്തിക്കാൻ കഴിയൂ. അതിന് വലിയ പരിശ്രമം ആവശ്യമാണ്. അതുകൊണ്ട് എന്നെ സംബന്ധിച്ചിടത്തോളം ഡബ്ബിങ് തന്നെയാണ് കൂടുതൽ പ്രയാസമുള്ളത്."
ഈ അവസരത്തെ ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ എങ്ങനെ വിലയിരുത്തുന്നു?
"തീർച്ചയായും ഒരുപാട് സന്തോഷവും അഭിമാനവുമുണ്ട്. ഇത്ര വലിയൊരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതും, ആളുകൾ എന്റെ ശബ്ദത്തിലൂടെ ഈ സിനിമ അനുഭവിക്കുന്നതും, കൂട്ടുകാർ ഉൾപ്പെടെ നിരവധി പേർ സിനിമയെക്കുറിച്ചും എന്റെ ഡബ്ബിങ്ങിനെ കുറിച്ചും നല്ല അഭിപ്രായങ്ങൾ പറയുന്നത് ഞാൻ ഒരുപാട് വിലമതിക്കുന്ന കാര്യമാണ്. എന്നാൽ, ഇന്നും എന്റെ ഈ നേട്ടത്തെ വിലകുറച്ച് കാണുന്നവരും എനിക്ക് ചുറ്റുമുണ്ട്. ഇനിയും മികച്ച കഥാപാത്രങ്ങൾക്കും മികച്ച സിനിമകൾക്കും ശബ്ദം നൽകാനും, ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ കൂടുതൽ മുന്നോട്ട് പോകാണമെന്നുമാണ് എന്റെ സ്വപ്നം."
Spider-Man: Brand New Day is breaking Indian box office records, while its Malayalam dubbed version is winning audiences. Malayalam dubbing artists Rahul Dev (Tom Holland), Ajanya Sanju (Zendaya), and RJ Indran (Jacob Batalon) share their inspiring journey, dubbing experiences, career struggles, and the emotions behind voicing Marvel's iconic characters.