

വികാരഭരിതമായ വാർത്താസമ്മേളനവുമായി നടൻ രവി മോഹൻ (ജയം രവി). ഭാര്യ ആരതിയുമായുള്ള വിവാഹമോചന നടപടികൾ നിയമപരമായി പൂർത്തിയാകുന്നതുവരെ താൻ ഇനി ക്യാമറയ്ക്ക് മുന്നിലേക്ക് എത്തില്ലെന്നും തന്റെ പുതിയ ചിത്രങ്ങളൊന്നും തിയേറ്ററുകളിൽ റിലീസ് ചെയ്യില്ലെന്നും താരം പ്രഖ്യാപിച്ചു. കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയും സൈബർ ആക്രമണങ്ങളിലൂടെയുമാണ് താൻ കടന്നുപോകുന്നതെന്നും നിലവിലെ സാഹചര്യത്തിൽ സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ലെന്നും പറഞ്ഞു. വാർത്താ സമ്മേളനത്തിനിടെ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞ താരം, തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും കുട്ടികളെ കാണാൻ അനുവദിക്കാത്തതിനെക്കുറിച്ചും തുറന്നുപറഞ്ഞു.
"ആളുകൾ കരുതിയിരിക്കുന്നത് രവി മോഹൻ ഒന്നിനോടും പ്രതികരിക്കാത്ത ഒരു പാവമാണെന്നാണ്. എന്നാൽ ഇനി അങ്ങനെയല്ല, ദയവായി എന്നെ അനാവശ്യമായി അപമാനിക്കുന്നതും പരിഹസിക്കുന്നതും നിർത്തണം. കുട്ടികളെ കാണാൻ പോലും എന്നെ അനുവദിക്കുന്നില്ല. അവരുടെ സ്കൂളുകളിലേക്ക് ബോഡിഗാർഡുമാരെ അയക്കുകയാണ്. ഫോണിലൂടെപ്പോലും സംസാരിക്കാൻ സമ്മതിക്കാതെ അവരെ പൂർണ്ണമായും എന്നിൽ നിന്ന് അകറ്റി നിർത്തിയിരിക്കുന്നു. ഇനി ഞാൻ സിനിമയിൽ ജോലി ചെയ്യില്ല. ആദ്യം എന്റെ വ്യക്തിപരമായ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിച്ച്, എന്റെ പേരും അന്തസ്സും തിരിച്ചുപിടിക്കണം. അതിന് ശേഷമേ അഭിനയത്തിലേക്ക് മടങ്ങിവരൂ എന്നും കൂട്ടി ചേർത്തു.യ
തന്റെ മുൻകാല ദാമ്പത്യജീവിതത്തിൽ കടുത്ത സാമ്പത്തിക-മാനസിക ചൂഷണങ്ങൾ നേരിടേണ്ടി വന്നതായും, ഒരു അടിമയെപ്പോലെയാണ് തന്നെ നോക്കിയതെന്നും താരം ആരോപിച്ചു. മാതാപിതാക്കളുടെ സമ്മതമില്ലാതെയാണ് താൻ വിവാഹം കഴിച്ചതെന്നും അതിന്റെ വിലയാണ് ഇപ്പോൾ ഒടുക്കുന്നതെന്നും പറഞ്ഞ രവി മോഹൻ, കടുത്ത മാനസിക വിഷമങ്ങൾ കാരണം താൻ സ്വയം ഉപദ്രവിക്കാൻ വരെ തുടങ്ങിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലും നടത്തി.
രവി മോഹനും ഗായിക കെനീഷ ഫ്രാൻസിസും തമ്മിലുള്ള സൗഹൃദത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ നടന്നിരുന്നു. ഇതിന് പിന്നാലെ, കഴിഞ്ഞ ദിവസം കെനീഷ താൻ രവി മോഹനുമായുള്ള സൗഹൃദം അവസാനിപ്പിക്കുന്നതായും ചെന്നൈ നഗരവും സോഷ്യൽ മീഡിയയും വിട്ടുപോകുകയാണെന്നും വ്യക്തമാക്കി ഇൻസ്റ്റാഗ്രാമിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ചിലയിടങ്ങളിൽ ഇഗോയും വ്യാജക്കഥകളും മാത്രമാണ് ഉള്ളതെന്നും സമാധാനത്തോടെ താൻ ആ വ്യക്തിയെ സ്വതന്ത്രനാക്കുന്നുവെന്നുമാണ് കെനീഷ കുറിച്ചത്. ഇതിനെക്കുറിച്ചും രവി പ്രസ് മീറ്റിൽ സംസാരിച്ചു. നിരപരാധിയായ ഒരു വ്യക്തിയെ സൈബർ ആക്രമണം നടത്തി അവർ നാട്ടിൽ നിന്ന് ഓടിക്കുകയായിരുന്നുവെന്നും അവൾ എവിടെയാണെങ്കിലും സന്തോഷത്തോടെരിക്കട്ടെ എന്നുമാണ് താരം പ്രതികരിച്ചത്.
അതേസമയം, കെനീഷയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിനും രവി മോഹന്റെ പ്രസ് മീറ്റിനും പിന്നാലെ ആരതിയും സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ''ഉറങ്ങിക്കിടക്കുന്ന സിംഹത്തെ ആരും ഉണർത്തരുത്, അതൊരു പെൺസിംഹമായാൽ പിന്നെ ദൈവത്തിന് പോലും രക്ഷിക്കാൻ കഴിയില്ല'' എന്ന മുന്നറിയിപ്പോടെയുള്ള കുറിപ്പാണ് ആരതി പങ്കുവെച്ചത്. വരും ദിവസങ്ങളിൽ തന്റെ കുട്ടികളെ സംരക്ഷിക്കാനായി കൂടുതൽ സത്യങ്ങൾ വെളിപ്പെടുത്തുമെന്ന സൂചനയും ആരതി നൽകുന്നു. എന്തായാലും തമിഴ് സിനിമാ ലോകത്തെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നായി രവി മോഹൻ-ആരതി വിവാഹമോചന കേസ് മാറിക്കഴിഞ്ഞു.
English Summary: Tamil actor Ravi Mohan emotionally announced that he will not act in films or release new movies until his divorce proceedings with Aarti Ravi are legally completed. The actor opened up about mental stress, cyber attacks, family issues, and personal struggles during a tearful press meet.