

സിനിമ ചെയ്യുമ്പോൾ 'ക്രിയേറ്റിവ് ഫ്രീഡം' ആവശ്യമാണ് എന്നാൽ അതുപോലെ തന്നെ പ്രധാനമാണ് 'റെസ്പോൺസിബിൾ' ആയ 'ഫിലിം മേക്കിങ്ങുമെ'ന്ന് നടി രേവതി. സമീപകാലത്ത് പുറത്തിറങ്ങുന്ന ചിത്രങ്ങളിൽ വയലൻസ് കൂടുതലാണെന്നും തനിക്ക് പ്രിയപ്പെട്ട താരങ്ങൾ ഇത്തരം സിനിമകൾ ചെയ്യുന്നത് ഇഷ്ടമല്ലെന്നും രേവതി പറഞ്ഞു. തന്‍റെ പുതിയ ബോളിവുഡ് ചിത്രം 'അസ്സി'യുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് രേവതി ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
'ഇതിനു രണ്ട് ഭാഗമുണ്ട്. ഒന്ന് ക്രിയേറ്റിവ് ഫ്രീഡം ആണെങ്കിൽ മറ്റൊന്ന് റെസ്പോൺസിബിൾ ഫിലിംമേക്കിങ് ആണ്. നമുക്ക് എന്താണോ ശരിയെന്ന് തോന്നുന്നത് അതിലൂടെ സിനിമ എടുക്കണമെന്നും താൻ ആണെങ്കിൽ അങ്ങനെയേ എടുക്കൂ എന്നും പക്ഷേ ചിലപ്പോഴൊക്കെ സിനിമയിൽ വയലൻസുകൾ പരിധി ലംഘിച്ചു പോകുന്നുണ്ട്' എന്നും രേവതി പറഞ്ഞു. യഥാർത്ഥ ജീവിതത്തിൽ വയലൻസ് ഇല്ല എന്നല്ല. യഥാർത്ഥ ജീവിതത്തിലുള്ള വയലൻസുകൾ വളരെയധികം മോശമാണ്. പക്ഷേ തനിക്ക് ഇഷ്ടമുള്ള ഹീറോകൾ ഇത്തരം സിനിമകൾ ചെയ്യുന്നത് കാണാൻ തനിക്ക് ഇഷ്ടമല്ല. അവിടെയാണ് സെൻസർ ബോർഡും നമ്മളും തമ്മിൽ ഒരു ഗിവ് ആൻഡ് ടേക്ക് ഉണ്ടാവേണ്ടത്.
വിജയ് നായകനാവുന്ന 'ജനനായകൻ' സിനിമയുടെ സെൻസർ ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച് ഉയർന്ന ചോദ്യത്തിനു രേവതി നൽകിയ മറുപടി 'ജന നായകൻ' മുഴുവനും താൻ കണ്ടിട്ടില്ല എന്നും ചിത്രത്തിൽ രണ്ട് രംഗങ്ങളിൽ മാത്രമാണ് താൻ ഉള്ളത് എന്നുമായിരുന്നു.
തപ്‍സി പന്നു നായികയാക്കി അനുഭവ് സിൻഹ സംവിധാനം ചെയ്ത ചിത്രമാണ് 'അസ്സി'. കനി കുസൃതി, രേവതി, ആദ്വിക് ജയ്‌സ്വാൾ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ. അനുഭവ് സിൻഹ, ഗൗരവ് സോളങ്കി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി 20 നാണ് ചിത്രം തീയേറ്ററുകയിൽ എത്തുന്നത്.
English Summary: Actor Revathi has expressed concern over excessive violence in contemporary cinema, stressing that while creative freedom is vital, responsible filmmaking is equally important.