

മലയാളികളുടെ പ്രിയ ഗായികയും നടിയുമായ റിമി ടോമി വിവാഹിതയായി. മുംബൈ മലയാളിയും ജിം ട്രെയ്‌നറുമായ ലിബിൻ മാത്യുവാണ് വരൻ. മുംബൈയിലെ ഡോംബിവില്ലിയിലുള്ള പള്ളിയിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. വെള്ള നിറത്തിലുള്ള ബ്രൈഡൽ ഗൗണിലാണ് റിമി എത്തിയത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ഏറെ സന്തോഷത്തിലാണെന്ന് വിവാഹശേഷം മാധ്യമങ്ങളോട് റിമി പ്രതികരിച്ചു. എല്ലാം ഭംഗിയായി നടന്നുവെന്നും എല്ലാവരും തങ്ങൾക്കായി പ്രാർഥിക്കണമെന്നും താരം പറഞ്ഞു. സന്തോഷം കൊണ്ട് കരച്ചിൽ വരുന്നുവെന്നും റിമി കൂട്ടിച്ചേർത്തു. ലിബിനും വിവാഹത്തെക്കുറിച്ചുള്ള സന്തോഷം പങ്കുവച്ചു. തനിക്ക് വളരെയധികം സന്തോഷമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അടുത്തിടെയാണ് ലിബിനുമായുള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള വിവരങ്ങൾ റിമി സ്വന്തം യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചത്. വിവാഹശേഷം ലിബിനൊപ്പം മുംബൈയിൽ താമസിക്കാനാണ് തീരുമാനമെന്നും താരം അറിയിച്ചിരുന്നു. മുംബൈയിലെ ബാന്ദ്രയിൽ റിമി ഫ്ലാറ്റും വാങ്ങിയിട്ടുണ്ട്.
മാർച്ചിലാണ് ഇരുവരും ആദ്യമായി പരിചയപ്പെട്ടതെന്ന് റിമി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഫോണിലൂടെ സംസാരിച്ചുതുടങ്ങിയ ഇരുവരും നാല് ദിവസത്തിന് ശേഷം നേരിൽ കണ്ടു. ആദ്യ കൂടിക്കാഴ്ചയ്ക്ക് മുൻപുതന്നെ ഫോൺ സംഭാഷണങ്ങളിലൂടെ പരസ്പരം ഇഷ്ടം തോന്നിയിരുന്നുവെന്നും വിവാഹത്തെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും റിമി പറഞ്ഞിരുന്നു.
ജീവിതത്തിൽ ഒരു കൂട്ടുവേണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുകയും ദൈവത്തോട് പ്രാർഥിക്കുകയും ചെയ്തിരുന്ന സമയത്താണ് ലിബിനെ പരിചയപ്പെട്ടതെന്നാണ് റിമി പറഞ്ഞത്. പ്രതിസന്ധികളിൽ കൂടെ നിൽക്കുമെന്ന ഉറപ്പും ആത്മവിശ്വാസവും പോസിറ്റിവിറ്റിയും നൽകുന്ന വ്യക്തിയാണ് ലിബിൻ. ഇരുവരും ജീവിതപങ്കാളിയെ തേടി പ്രാർഥിച്ചിരുന്ന സമയത്താണ് കണ്ടുമുട്ടിയതെന്നും ആ പരിചയത്തെ റിമി വിശേഷിപ്പിച്ചിരുന്നു.
വിവാഹത്തിന് മുൻപായി ലിബിനും സോഷ്യൽ മീഡിയയിലൂടെ സന്തോഷം പങ്കുവച്ചിരുന്നു. "ദൈവം ഞങ്ങളുടെ കഥ എഴുതി, സ്നേഹം ഞങ്ങളെ ഒന്നിപ്പിച്ചു. വൈകാതെ ഞങ്ങൾ ഞങ്ങളുടെ എന്നെന്നേക്കുമുള്ള ജീവിതം ആരംഭിക്കും. ദൈവത്തിന്റെ സമയത്തിൽ വിശ്വസിച്ചും അനുഗ്രഹങ്ങൾ ഹൃദയപൂർവം സ്വീകരിച്ചും മനോഹരമായ പുതിയ തുടക്കത്തിനായി കാത്തിരിക്കുന്നു", എന്നായിരുന്നു ലിബിന്റെ കുറിപ്പ്. വിവാഹവാർത്ത പുറത്തുവന്നതോടെ നിരവധി പേരാണ് റിമിക്കും ലിബിനും ആശംസകളുമായി എത്തുന്നത്.
Malayalam singer and actor Rimi Tomy has married Mumbai-based gym trainer Libin Mathew in an intimate ceremony at a church in Dombivli, Mumbai. Wearing a white bridal gown, Rimi celebrated the occasion with close family and friends. After the wedding, she expressed happiness and said everything went beautifully.