'ആളുകള്‍ക്ക് എന്നിലുള്ള വിശ്വാസം കുറഞ്ഞ സമയത്ത് എന്നെ വിശ്വസിച്ചു'; വേദിയിൽ കണ്ണുനിറഞ്ഞ് പാർവതി

ചിത്രത്തിലൂടെ ഉണ്ണിമായയുമായി ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന സൗഹൃദം ലഭിച്ചിട്ടുണ്ടെന്നും സെറ്റിലെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് പാർവതി പറഞ്ഞു.
'ആളുകള്‍ക്ക് എന്നിലുള്ള 
വിശ്വാസം കുറഞ്ഞ സമയത്ത് 
എന്നെ വിശ്വസിച്ചു'; വേദിയിൽ കണ്ണുനിറഞ്ഞ് പാർവതി
Published on: 

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ സിനിമയുടെ വിജയാഘോഷ വേളയിൽ കണ്ണ് നിറഞ്ഞ് പാർവതി തിരുവോത്ത്. സിനിമയുടെ ഷൂട്ടിങ് സമയത്തെ നല്ല ഓർമ്മകളും സഹപ്രവർത്തകരുമായുള്ള സൗഹൃദവും എല്ലാം വേദിയിൽവെച്ച് പാർവതി ഓർത്തെടുത്തു. കഥാപാത്രത്തിന് ലഭിച്ച സ്വീകാര്യതയെക്കുറിച്ച് പറയുമ്പോൾ താരത്തിന്റെ വാക്കുകൾ ഇടറി.

'ആളുകള്‍ക്ക് എന്നിലുള്ള 
വിശ്വാസം കുറഞ്ഞ സമയത്ത് 
എന്നെ വിശ്വസിച്ചു'; വേദിയിൽ കണ്ണുനിറഞ്ഞ് പാർവതി
കാർത്തിക് സുബ്ബരാജ്; ഗ്യാങ്സ്റ്റർ കഥയിൽ തുടങ്ങി, നിലപാടുകളിൽ വളർന്ന സിനിമാജീവിതം

"ഇതൊരു പബ്ലിക് ഇവന്റാണെന്ന് എനിക്ക് തോന്നുന്നില്ല. പ്രഥമ ദൃഷ്ട്യാ കുറ്റക്കാരുടെ ടീമിലുള്ള എല്ലാവരും ഒരുമിച്ചുള്ള വേദിയിലേക്ക് വരുമ്പോൾ വീണ്ടും സെറ്റിലേക്ക് വന്നതുപോലെയാണ് അനുഭവപ്പെടുന്നത്. നമുക്കെല്ലാവർക്കും പരസ്പരം അറിയാം. അതുകൊണ്ട് എനിക്ക് വളരെ റിലാക്സ്ഡ് ആയാണ് തോന്നുന്നത്. മറ്റ് പബ്ലിക് പരിപാടികളിൽ പങ്കെടുക്കുമ്പോഴുള്ള പ്രസംഗത്തിന്റെയോ ഔപചാരികതയുടെയോ ആവശ്യം ഇവിടെയില്ല,’ പാർവതി പറഞ്ഞു. സിനിമയുടെ റിലീസിന് ശേഷം പല സമയങ്ങളിലായി കണ്ടുമുട്ടിയപ്പോഴും എല്ലാവരും ഒരുമിച്ച് വീണ്ടും ഒത്തുചേരണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും അത് സാധ്യമായതിൽ സന്തോഷമുണ്ടെന്നും പാർവതി കൂട്ടിച്ചേർത്തു.

പരിപാടി സംഘടിപ്പിച്ച സഹദിനും താരം നന്ദി അറിയിച്ചു. 'ഷൂട്ടിങ് സമയത്തെ ഓരോ ദിവസവും താൻ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. 18 മുതൽ 20 മണിക്കൂർ വരെ ഷൂട്ട് നീണ്ട ദിവസങ്ങളുണ്ടായിരുന്നു മിക്കതും. ഇപ്പോൾ അതൊക്കെ ആലോചിക്കുമ്പോഴാണ് അതിന് പിന്നിൽ എത്രയോ ആളുകളുടെ അധ്വാനമുണ്ടെന്ന് തിരിച്ചറിയുന്നത്. ഒരു ഷോട്ടിനുവേണ്ടി ഇത്രയധികം ആളുകൾ ഒരുമിച്ച് പ്രവർത്തിക്കുന്നത് ഇപ്പോഴും എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യമാണ്,’ താരം പറഞ്ഞു.

സിനിമയ്ക്ക് ലഭിക്കുന്ന ഓരോ പ്രതികരണവും വായിക്കുമ്പോൾ വളരെ സന്തോഷം തോന്നുണ്ടെന്നും അത് താൻ മാത്രം ചെയ്ത ഒരു സിനിമയായി തോന്നുന്നില്ലെന്നും എല്ലാവരും ചേർന്ന് ചെയ്ത ഒന്നായാണ് അനുഭവപ്പെടുന്നതെന്നും പാർവതി കൂട്ടിച്ചേർത്തു.

ചിത്രത്തിലൂടെ ഉണ്ണിമായയുമായി ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന സൗഹൃദം ലഭിച്ചിട്ടുണ്ടെന്നും സെറ്റിലെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് പാർവ്വതി പറഞ്ഞു. ചിത്രത്തിൽ കുട്ടേട്ടൻ എത്തിയതും സെറ്റിലെ അന്തരീക്ഷത്തിന് വലിയ മാറ്റമായിരുന്നുവെന്ന് പാർവതി ഓർത്തെടുത്തു. അദ്ദേഹത്തിന്റെ സ്വാഭാവികമായ സംസാരവും എല്ലാവരോടുമുള്ള കരുതലും സ്നേഹവും നല്ല സംഭാഷണങ്ങളും തങ്ങൾക്ക് വലിയ ആശ്വാസമായിരുന്നെന്നും നടി പറഞ്ഞു. നിരവധി പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് വിജയിപ്പിച്ചിട്ടുള്ള നടനാണ് കുട്ടേട്ടനെന്നും തന്റെ പല ഷോട്ടുകളിലും തിരുത്തലുകൾ നിർദേശിച്ചത് അദ്ദേഹമായിരുന്നുവെന്നും പാർവതി കൂട്ടിച്ചേർത്തു.

‘എന്റെ ഇരുപത് വർഷത്തെ കരിയറിൽ ഒരുപാട് സ്നേഹം ലഭിച്ച കഥാപാത്രങ്ങളുണ്ട്. പക്ഷേ, എനിക്ക് ലഭിച്ച മെസേജുകളിൽ ഏറ്റവും കൂടുതൽ ആളുകൾ പറയുന്നത് അലീന എബ്രഹാം ഒരു പൊലീസ് കഥാപാത്രമാണെങ്കിലും അവൾ ഒരു അമ്മ കൂടിയാണെന്നാണ്. ആ സ്വീകാര്യത കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു. സഹദും എഴുത്തുകാരും ആ കാര്യം കൃത്യമായി മനസിലാക്കിയതിൽ എനിക്ക് സന്തോഷമുണ്ട്,’ പാർവതി പറഞ്ഞു.

സിനിമയ്ക്ക് പിന്നിൽ നടന്ന ചർച്ചകളും തർക്കങ്ങളും എഡിറ്റിങ് റൂമിലെ തീരുമാനങ്ങളുമൊന്നും പ്രേക്ഷകർ അറിയണമെന്നില്ലെന്നും എന്നാൽ ഓരോരുത്തരും തങ്ങളുടെ ജോലി മനോഹരമായി ചെയ്തതിന്റെ ഫലമാണ് സിനിമയ്ക്ക് ലഭിച്ച സ്വീകാര്യതയെന്നും താരം കൂട്ടിച്ചേർത്തു.

തന്റെ അഭിനയജീവിതത്തിൽ ഒരു സമയത്ത് ആത്മവിശ്വാസം കുറഞ്ഞുപോയിരുന്നുവെന്നും ആ സമയത്ത് തന്നിൽ വിശ്വാസമർപ്പിച്ച് അലീന എബ്രഹാം എന്ന കഥാപാത്രം നൽകിയ സഹദിനോട് ഒരുപാട് നന്ദിയുണ്ടെന്നും പാർവതി പറഞ്ഞു. മുൻ സിനിമയ്ക്ക് പ്രതീക്ഷിച്ച വിജയം ലഭിക്കാതിരുന്ന സാഹചര്യത്തിലും വ്യത്യസ്തമായൊരു സിനിമ ചെയ്യാനും തനിക്കൊപ്പം പ്രവർത്തിക്കാനും സഹദ് തയ്യാറായതും നിർമാതാക്കൾ ആ തീരുമാനത്തെ പിന്തുണച്ചതും വലിയ കാര്യമാണെന്നും താരം പറഞ്ഞു.

ചിത്രത്തിന്റെ ഛായാഗ്രാഹകൻ റോബിയും സെറ്റിൽ തനിക്ക് നൽകിയ പിന്തുണയെക്കുറിച്ച് പാർവതി പരാമർശിച്ചു. തെറ്റുകൾ സംഭവിക്കുമ്പോഴും തിരക്കുകൂട്ടാതെ സമയമെടുത്ത് ചെയ്യാൻ അവസരം നൽകിയിരുന്നത് വലിയ ആശ്വാസമായിരുന്നുവെന്നും പാർവതി പറഞ്ഞു.

അവസാനമായി അച്ഛനെയും അമ്മയെയും കുറിച്ച് സംസാരിക്കുമ്പോഴും പാർവതിയുടെ വാക്കുകൾ ഇടറി. താൻ ജോലി ചെയ്യുമ്പോൾ അച്ഛനും അമ്മയും തന്നെ മിസ് ചെയ്യാറുണ്ടെങ്കിലും ഓരോ വിജയത്തിലും അവരുടെ കണ്ണുകളിൽ കാണുന്ന സന്തോഷവും അഭിമാനവുമാണ് തനിക്ക് കൂടുതൽ ആത്മവിശ്വാസവും കരുത്തും നൽകുന്നതെന്ന് താരം പറഞ്ഞു. ആ സന്തോഷവും ചിരിയും വീണ്ടും സമ്മാനിക്കാൻ അവസരം നൽകിയതിന് സിനിമയുടെ മുഴുവൻ ടീമിനോടും നന്ദി പറഞ്ഞാണ് പാർവതി പ്രസംഗം അവസാനിപ്പിച്ചത്.

Summary

Parvathy Thiruvothu became emotional at the success celebration of Prathama Drishtiyaa Kuttakkar, recalling memorable shooting moments, friendships and the team's hard work. She thanked director Sahad for trusting her with the role of Aleena Abraham and expressed happiness over the audience's appreciation. She also became emotional while speaking about her parents and their pride in her achievements.