

അഭിനയജീവിതവും പിതൃത്വവും ഒരേസമയം മുന്നോട്ടുകൊണ്ടുപോകുന്നതിലെ വെല്ലുവിളികളെക്കുറിച്ച് തുറന്നുപറഞ്ഞ് ഓസ്കർ ജേതാവ് റോബർട്ട് ഡി നീറോ. ജോലിത്തിരക്കിനെ തുടർന്ന് മക്കളിൽനിന്ന് അകന്നുനിൽക്കേണ്ടിവന്നതിനെ കുറിച്ച് ഇപ്പോഴും കുറ്റബോധം തോന്നാറുണ്ടെന്ന് 83-കാരനായ താരം പറഞ്ഞു. ഏഴ് മക്കളുടെ പിതാവായ ഡി നീറോ, കരിയറിലെ ഉത്തരവാദിത്വങ്ങളും മാതാപിതൃ ചുമതലകളും ഒരുമിച്ച് കൈകാര്യം ചെയ്യാൻ കൃത്യമായൊരു ഫോർമുലയില്ലെന്നും വ്യക്തമാക്കി.
“നല്ല മാതാപിതാക്കളാകാൻ പ്രത്യേകിച്ച് രഹസ്യമൊന്നുമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എല്ലാം ഒരുമിച്ച് മാനേജ് ചെയ്യുക എന്നതാണ് ചെയ്യാനുള്ളത്. മക്കൾക്കൊപ്പം ഉണ്ടായിരിക്കേണ്ട സമയങ്ങളിൽ, അല്ലെങ്കിൽ ഉണ്ടായിരിക്കണം എന്ന് കരുതുന്ന സമയങ്ങളിൽ, ഒപ്പമുണ്ടാകാൻ കഴിയാതെ വരുമ്പോൾ കുറ്റബോധം തോന്നാറുണ്ട്,” ഓഗസ്റ്റ് 27ന് പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ ഡി നീറോ പറഞ്ഞു. “പിതാവാകാൻ പ്രത്യേക കോഴ്‌സുകളൊന്നും ചെയ്തിട്ടില്ലല്ലോ. ചെയ്യാമെങ്കിലും നമ്മളാരും ചെയ്യാറില്ല. അതിലേക്ക് എടുത്തുചാടുന്നു, കുഞ്ഞുണ്ടാകുന്നു, പിന്നെ അതിനനുസരിച്ച് മുന്നോട്ടുപോകുന്നു. അത്രതന്നെ,” അദ്ദേഹം കൂട്ടിച്ചേർത്തു.
പിതാവായതിനെക്കുറിച്ചും റോബർട്ട് ഡി നീറോ നേരത്തെയും തുറന്നുപറഞ്ഞിട്ടുണ്ട്. 2023-ൽ മകൾ ഗിയ ജനിച്ചതിന് പിന്നാലെ പിതാവായ അനുഭവം ഏറെ സന്തോഷം നൽകുന്നതാണെന്ന് താരം പറഞ്ഞിരുന്നു. ഗിയയെ കാണുമ്പോൾ തന്റെ എല്ലാ ആശങ്കകളും ഇല്ലാതാകുന്നു എന്നും അത് വല്ലാത്തൊരു അനുഭവമാണെന്നും ഡി നീറോ പറഞ്ഞിരുന്നു. ജോലിയും കുടുംബജീവിതവും കൃത്യമായി ബാലൻസ് ചെയ്യുന്ന എന്നതിലുപരി, കുട്ടികളുടെ വിഷമഘട്ടങ്ങളിൽ അവരുടെ കൂടെ നിൽക്കുന്നതാണ് മാതാപിതാക്കൾക്ക് ചെയ്യാനാകുന്ന പ്രധാന കാര്യമെന്നും താരം കൂട്ടിചേർത്തു.
“കുട്ടികളെ പിന്തുണയ്ക്കുക എന്നതാണ് ഏറ്റവും പ്രധാനം. അവർ എടുക്കുന്ന തീരുമാനങ്ങളോട് പൂർണമായി യോജിക്കാൻ കഴിയാത്ത സാഹചര്യങ്ങളിലും മാതാപിതാക്കൾ അവർക്കൊപ്പം തന്നെയാണ് നിൽക്കേണ്ടത്,” 2025ൽ ‘എന്റർടെയ്ൻമെന്റ് ടുനൈറ്റ്’ന് നൽകിയ അഭിമുഖത്തിൽ ഡി നീറോ പറഞ്ഞു. ‘ദി വിസ്പർ മാൻ’ ഉൾപ്പെടെയുള്ള പുതിയ ചിത്രങ്ങളുമായി അഭിനയരംഗത്ത് സജീവമായി തുടരുന്നതിനിടെയാണ് പിതൃത്വത്തെക്കുറിച്ചുള്ള ഡി നീറോയുടെ ഈ തുറന്നുപറച്ചിൽ.
Oscar-winning actor Robert De Niro opened up about the challenges of balancing Hollywood commitments and fatherhood. The 83-year-old father of seven admitted feeling guilty when work keeps him away from his children. De Niro emphasized that supporting children, even when parents disagree with their choices, remains the most important responsibility.