

ഹോളിവുഡിലെ ഏറ്റവും ശ്രദ്ധേയ കഥാപാത്രങ്ങളിലൊന്നായ ജെയിംസ് ബോണ്ടിനെ അവതരിപ്പിക്കാൻ ഒരുങ്ങി നടൻ റോബർട്ട് പാറ്റിൻസൺ. നിലവിൽ ബാറ്റ്മാനായി വേഷമിടുന്ന താരം 007 എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ പരിഗണിച്ചിരിക്കുന്ന നടൻമാരിൽ മുന്നിലെത്തിയെന്നാണ് റിപ്പോർട്ടുകൾ. ബോണ്ടിന്റെ കഥാപാത്രത്തിനായി പരിഗണിക്കുന്ന മറ്റ് താരങ്ങളെ അപേക്ഷിച്ച് പാറ്റിൻസണിന് കൂടുതൽ അനുകൂലമായ വ്യവസ്ഥകളാണ് ആമസോൺ എംജിഎം മുന്നോട്ടുവെച്ചതെന്നും റിപ്പോർട്ടുകളുണ്ട്. വാർത്തകൾ ശരിയാണെങ്കിൽ ഹോളീവുഡിലെ ഏറ്റവും ശ്രദ്ധേയമായ രണ്ട് കഥാപാത്രങ്ങളായ ബാറ്റ്മാനെയും ജെയിംസ് ബോണ്ടിനെയും ഒരേസമയം അവതരിപ്പിക്കുന്ന അപൂർവ നേട്ടത്തിലേക്കാകും പാറ്റിൻസൺ എത്തുക.
ജെയിംസ് ബോണ്ട് വേഷത്തിനായി പരിഗണിച്ചിരുന്ന മറ്റ് താരങ്ങളോട് നാല് ചിത്രങ്ങളിൽ അഭിനയിക്കാനുള്ള കരാറാണ് മുന്നോട്ടുവെച്ചതെങ്കിൽ റോബർട്ട് പാറ്റിൻസണിന് മൂന്ന് ചിത്രങ്ങളുടെ കരാറാണ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇതിനുപുറമേ, മറ്റ് താരങ്ങളേക്കാൾ ഉയർന്ന പ്രതിഫലവും പാറ്റിൻസണിന് വാഗ്ദാനം ചെയ്തതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തങ്ങളുടെ ആദ്യ 007 ചിത്രത്തിനായി പ്രേക്ഷകർക്ക് സുപരിചിതനായ ഒരു താരത്തെ തന്നെ ഉറപ്പാക്കാൻ കൂടുതൽ തുക ചെലവഴിക്കാനും സ്റ്റുഡിയോ തയ്യാറാണ്.
ജെയിംസ് ബോണ്ട് വേഷത്തിനായി പരിഗണിച്ച താരങ്ങളുടെ ചുരുക്കപ്പട്ടികയിൽ റോബർട്ട് പാറ്റിൻസൺ, നിക്കോളാസ് ഹോൾട്ട്, കാലം ടർണർ, ജാക്ക് ലോഡൻ, ജോഷ് ഒ'കോണർ എന്നിവരാണുള്ളതെന്നാണ് റിപ്പോർട്ടുകൾ. ആദ്യഘട്ടത്തിൽ ടർണർ, ലോഡൻ, ഒ'കോണർ എന്നിവരിലായിരുന്നു അണിയറപ്രവർത്തകരുടെ ശ്രദ്ധ. എന്നാൽ പിന്നീട് പാറ്റിൻസണിനെയും ഹോൾട്ടിനെയും സ്ക്രീൻ ടെസ്റ്റിനായി ക്ഷണിക്കുകയായിരുന്നു. ആദ്യ മൂന്ന് താരങ്ങൾക്ക് ശേഷമാണ് ഇരുവരും ഓഡിഷനിൽ പങ്കെടുത്തതെന്നും റിപ്പോർട്ടുകളുണ്ട്. ഇതോടെ ബോണ്ട് വേഷത്തിനായുള്ള തിരഞ്ഞെടുപ്പിൽ നിർമാതാക്കൾ വീണ്ടും ചില മാറ്റങ്ങൾ പരിഗണിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങളും ശക്തമാണ്.
ബോണ്ട് 26 സംവിധാനം ചെയ്യുന്ന ഡെനിസ് വില്ലനൂവും പാറ്റിൻസണും അടുത്തിടെ ഡ്യൂൺ 3യിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ഈ പരിചയവും പാറ്റിൻസണിന്റെ സാധ്യതകൾക്ക് അനുകൂലമായേക്കുമെന്നാണ് വിലയിരുത്തൽ.
ബാറ്റ്മാനായി തുടരുന്നതിനിടെ ജെയിംസ് ബോണ്ടായും റോബർട്ട് പാറ്റിൻസൺ എത്തുമെന്ന സാധ്യതയെ ഏറെ കൗതുകത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്. ഒരാൾ ഗോതം നഗരത്തിന്റെ ഗൗരവക്കാരനായ ശതകോടീശ്വരനെങ്കിൽ മറ്റൊരാൾ ബ്രിട്ടന്റെ ഏറ്റവും പ്രശസ്തനായ രഹസ്യ ഏജന്റ്. വിലകൂടിയ വസ്ത്രങ്ങൾ, അപകടം നിറഞ്ഞ ദൗത്യങ്ങൾ, ഇങ്ങനെ പല കാര്യങ്ങളിലും ഇരുവരും തമ്മിൽ സാമ്യങ്ങളുണ്ട്. വ്യത്യസ്ത ലോകങ്ങളിൽ നിന്നുള്ള ഈ രണ്ട് ഐക്കോണിക് കഥാപാത്രങ്ങളെയും ഒരേസമയം അവതരിപ്പിക്കാൻ പാറ്റിൻസണിന് അവസരം ലഭിക്കുമോയെന്നാണ് ഇനി അറിയേണ്ടത്.
'ദി ബാറ്റ്മാൻ: പാർട്ട് 2', 'ബോണ്ട് 26', എന്നീ ചിത്രങ്ങൾ 2028-ൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് വമ്പൻ ഫ്രാഞ്ചൈസികളുടെയും ഭാഗമാകുന്നത് പാറ്റിൻസണിന്റെ തിരക്കേറിയ ഷെഡ്യൂളിനെ കൂടുതൽ സങ്കീർണമാക്കും. മാത്രമല്ല, രണ്ട് ചിത്രങ്ങൾക്കും ദീർഘകാല ചിത്രീകരണം ആവശ്യമായി വന്നാൽ അത് പാറ്റിൻസണ് വെല്ലുവിളിയാകും.
എന്തായാലും, ഇതുവരെ ജെയിംസ് ബോണ്ട് ഫ്രാഞ്ചൈസി പിന്തുടർന്നുവന്ന രീതിയിൽനിന്ന്, പാറ്റിൻസണിന്റെ വരവോടെ മാറ്റങ്ങൾ വന്നേക്കാമെന്നാണ് വിലയിരുത്തൽ. 007 ആയി വേഷമിട്ടതിലൂടെ ആഗോള താരപദവിയിലേക്ക് ഉയർന്ന നടന്മാരെയാണ് ഇതുവരെ ബോണ്ട് ഫ്രാഞ്ചൈസി കൂടുതലായും പരിഗണിച്ചിട്ടുള്ളത്. എന്നാൽ ഇതിനോടകം തന്നെ വൻ ആരാധകവൃന്ദമുള്ള പാറ്റിൻസണെ തിരഞ്ഞെടുക്കുന്നത് വ്യത്യസ്തമായ നീക്കമായിരിക്കും. അതേസമയം, ബോണ്ട് വേഷത്തിനായുള്ള പാറ്റിൻസണിന്റെ സാധ്യതകൾ സംബന്ധിച്ച റിപ്പോർട്ടുകൾക്ക് ഔദ്യോഗിക സ്ഥിരീകരണമില്ല. അടുത്ത ജെയിംസ് ബോണ്ടിനെ ആരായിരിക്കുമെന്ന് ആമസോൺ എംജിഎമ്മും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
Robert Pattinson could be the next James Bond, with reports suggesting Amazon MGM has offered him a favourable deal for three films. The Batman star is reportedly among the leading contenders for 007. However, with both Bond 26 and The Batman: Part II expected in 2028, scheduling could pose a challenge.