പരീക്ഷക്രമക്കേടിനെതിരെ ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. തലസ്ഥാനത്ത് നടക്കുന്ന സമരം രാഷ്ട്രീയമായി ഹൈജാക്ക് ചെയ്യരുതെന്നും താരം പറഞ്ഞു. ബുധനാഴ്ച ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറപ്പിലൂടെയാണ് സല്‍മാന്‍ ഖാന്‍ വിദ്യാര്‍ഥികള്‍ക്കുള്ള പിന്തുണ അറിയിച്ചത്. വളരെ സമാധാനപരമായി പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ ഏറെ ധൈര്യശാലികളും അഭിനന്ദനമര്‍ഹിക്കുന്നവരുമാണെന്ന് അദ്ദേഹം കുറിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ച വളരെ ഗുരുതരമായ ഒരു വിഷയമാണ് എന്നും താരം ചൂണ്ടിക്കാട്ടി.
'ഈ വിഷയം വിദ്യാര്‍ഥികളും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായവും തമ്മിലുള്ളതാണ്. ഇതില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാകാന്‍ പാടില്ല. ഇതിന്റെ പൂര്‍ണ്ണമായ ക്രെഡിറ്റ് നമ്മുടെ രാജ്യത്തെ വിദ്യാര്‍ഥികള്‍ക്ക് മാത്രമുള്ളതാണ്. സര്‍ക്കാര്‍ അവര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ ശക്തമാക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ ഒരു നല്ല തീരുമാനം വരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. പഠിക്കാന്‍ ആഗ്രഹിക്കുന്ന ഏവര്‍ക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ', സല്‍മാന്‍ എഴുതി.
വിദേശത്തുനിന്ന് പോലും ആളുകള്‍ പഠിക്കാനായി ഇന്ത്യയിലേക്ക് വരത്തക്കവിധം രാജ്യത്തെ വിദ്യാഭ്യാസം ഒരു 'ട്രെന്‍ഡും ഫാഷനുമായി' മാറണമെന്നും ആശംസിച്ചുകൊണ്ടാണ് സല്‍മാന്‍ ഖാന്‍ തന്റെ കുറിപ്പ് അവസാനിപ്പിച്ചത്. നേരത്തെ ഓമി വൈദ്യ, സീനത്ത് അമന്‍, നസീറുദ്ദീന്‍ ഷാ, രത്‌ന പഥക് ഷാ, അഭയ് ഡിയോള്‍, സൊനാക്ഷി സിന്‍ഹ, റിതേഷ് ദേശ്മുഖ്, അതുല്‍ കുല്‍ക്കര്‍ണി, ശബാന ആസ്മി തുടങ്ങിയ നിരവധി പ്രമുഖരും ഈ പ്രക്ഷോഭത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയും രാജ്യത്തുടനീളം സമാധാനപരമായ പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.
സല്‍മാന്‍ ഖാന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് പൂര്‍ണരൂപം
നിഷ്‌കളങ്കവും സമാധാനപരവുമായ ഒരു പ്രക്ഷോഭത്തിന് ഒടുവില്‍ അക്രമത്തിലേക്ക് വഴിമാറേണ്ടി വന്നതില്‍ എനിക്ക് അതിയായ വിഷമമുണ്ട്. പരുക്കേറ്റ വിദ്യാര്‍ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും വേദനയില്‍ ഞാന്‍ പങ്കുചേരുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ച വളരെ ഗുരുതരമായ ഒരു വിഷയമാണ്. മികച്ചൊരു വിദ്യാഭ്യാസ സമ്പ്രദായത്തിനായി രാജ്യത്തെ കുട്ടികള്‍ ഒന്നടങ്കം മുന്നോട്ടുവന്നതും അവര്‍ക്ക് പിന്തുണയുമായി മാതാപിതാക്കള്‍ കൂടെനിന്നതും കാണുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു.
കഠിനാധ്വാനം ചെയ്ത് പഠിക്കാനും സ്വന്തം ഭാവി ഭദ്രമാക്കി ഈ രാജ്യത്തെ കൂടുതല്‍ ഉന്നതിയിലേക്ക് നയിക്കാനുമുള്ള അവരുടെ ഈ നിലപാടിനെയും അര്‍പ്പണബോധത്തെയും ഞാന്‍ പൂര്‍ണ്ണമായി പ്രശംസിക്കുന്നു. ഈ പ്രക്ഷോഭം തികച്ചും ശരിയായ ഒരു വഴിയിലൂടെയാണ് നീങ്ങിയത്. വിദ്യാര്‍ഥികള്‍ അത് വളരെ സമാധാനപരമായാണ് നടത്തിയത്. അവരുടെ ധൈര്യവും നിശ്ചയദാര്‍ഢ്യവും അഭിനന്ദനാര്‍ഹമാണ്. വിദ്യാഭ്യാസത്തിനായുള്ള ഈ തലമുറയുടെ ആവേശവും പ്രചോദനവും ഭാവിയില്‍ ഇന്ത്യയെ തീര്‍ച്ചയായും അഭിമാനം കൊള്ളിക്കും.
ഈ വിഷയം വിദ്യാര്‍ഥികളും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായവും തമ്മിലുള്ളതാണ്. ഇതില്‍ രാഷ്ട്രീയ ഹൈജാക്കുകള്‍ ഉണ്ടാകാന്‍ പാടില്ല. ഇതിന്റെ പൂര്‍ണ ക്രെഡിറ്റ് നമ്മുടെ രാജ്യത്തെ വിദ്യാര്‍ഥികള്‍ക്ക് മാത്രമുള്ളതാണ്. സര്‍ക്കാര്‍ അവര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ ശക്തമാക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു. അതൊരു വിജയകരമായ മാറ്റമായിരിക്കും. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ ഒരു നല്ല തീരുമാനം വരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. പഠിക്കാന്‍ ആഗ്രഹിക്കുന്ന ഏവര്‍ക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ.
വിദ്യാഭ്യാസം നമ്മുടെ അടുത്ത ട്രെന്‍ഡും ഫാഷനുമായി മാറണം. ഓരോ വര്‍ഷം കഴിയുന്തോറും അതിന്റെ ജനപ്രീതി വര്‍ദ്ധിച്ചുവരണം. വിദേശത്തുനിന്ന് പോലും ആളുകള്‍ പഠിക്കാനായി ഇന്ത്യയിലേക്ക് വരികയും ഇന്ത്യ ഒരു ആഗോള വിദ്യാഭ്യാസ കേന്ദ്രമായി മാറുകയും ചെയ്യണം.
Bollywood actor Salman Khan has extended his support to students protesting against examination irregularities at Jantar Mantar. In an Instagram post, he praised the students for their peaceful protest, called the question paper leak a serious issue, and urged that the movement should not be politically hijacked. Salman also expressed hope that the government would strengthen the education system and make India a global destination for quality education.