"ബോളിവുഡിനേക്കാൾ ബഹുമാനവും പ്രതിഫലവും താരപദവിയും ലഭിച്ചത് തെന്നിന്ത്യയിൽ"; തുറന്നുപറഞ്ഞ് സമീറ റെഡ്ഡി

''18 വർഷങ്ങൾക്കിപ്പുറവും ആരാധകരിൽ നിന്ന് ലഭിക്കുന്ന സ്നേഹം അതിശയിപ്പിക്കുന്നതാണ് ''
"ബോളിവുഡിനേക്കാൾ ബഹുമാനവും പ്രതിഫലവും താരപദവിയും ലഭിച്ചത് തെന്നിന്ത്യയിൽ"; തുറന്നുപറഞ്ഞ് സമീറ റെഡ്ഡി
Published on: 

ബോളിവുഡിനേക്കാൾ കൂടുതൽ ബഹുമാനവും കലാമൂല്യവും പ്രതിഫലവും താരപദവിയും തനിക്ക് ലഭിച്ചത് തെന്നിന്ത്യൻ സിനിമയിൽ നിന്നാണെന്ന് നടി സമീറ റെഡ്ഡി. ദക്ഷിണേന്ത്യൻ സിനിമയിലെ തന്റെ അനുഭവങ്ങൾ ഹിന്ദി സിനിമയിലേതിനേക്കാൾ മികച്ചതായിരുന്നുവെന്നും ഇന്നും അവിടുത്തെ പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന സ്നേഹം വളരെ വലുതാണെന്നും താരം പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു സമീറയുടെ പ്രതികരണം.

"തെന്നിന്ത്യയിൽ നിന്ന് ലഭിച്ച ബഹുമാനവും കലാമൂല്യവും സാമ്പത്തിക പ്രതിഫലവും താരപദവിയും ഹിന്ദി സിനിമയിൽ ലഭിച്ചതിനേക്കാൾ എത്രയോ മുകളിലായിരുന്നു. 18 വർഷങ്ങൾക്കിപ്പുറവും ദക്ഷിണേന്ത്യയിലെ ആരാധകരിൽ നിന്ന് ലഭിക്കുന്ന സ്നേഹവും ബഹുമാനവും സമാനതകളില്ലാത്തതാണ്. ബോളിവുഡിലെ ഒരു ആരാധകൻ ഒരുപക്ഷേ 'സമീറ റെഡ്ഡി എന്നൊരു നടി ഉണ്ടായിരുന്നല്ലോ' എന്ന് പറഞ്ഞേക്കാം. എന്നാൽ ദക്ഷിണേന്ത്യയിലെ ആരാധകർ ഇന്നും 'വാരണം ആയിരത്തിലെ മേഘ്നയെ ഞങ്ങൾക്ക് ഇഷ്ടമാണ്' എന്നാണ് പറയുന്നത്. എന്റെ ഹൃദയത്തിൽ ദക്ഷിണേന്ത്യൻ സിനിമകൾക്ക് എന്നും പ്രത്യേക സ്ഥാനമുണ്ടാകും. മനസ്സുകൊണ്ട് ഞാൻ എപ്പോഴും ഒരു സൗത്ത് ഇന്ത്യൻ അഭിനേത്രിയായിരിക്കും", സമീറ പറഞ്ഞു.

സിനിമയിൽ നിന്ന് വർഷങ്ങളോളം ഇടവേളയെടുത്ത സമീറ അടുത്തിടെ സഞ്ജയ് ദത്തിന്റെ 'ആഖ്രി സവാൽ' എന്ന ചിത്രത്തിലൂടെയാണ് തിരിച്ചെത്തിയത്. കുടുംബത്തോടൊപ്പം ഗോവയിലാണ് നടി താമസിക്കുന്നത്. കുട്ടികളെ വിട്ട് ആഴ്ചകളോളം മുംബൈയിൽ താമസിച്ച് സിനിമ ചെയ്യുന്നത് ബുദ്ധിമുട്ടായിരുന്നുവെന്ന് താരം അഭിമുഖത്തിൽ പറഞ്ഞു.

"ബോളിവുഡിനേക്കാൾ ബഹുമാനവും പ്രതിഫലവും താരപദവിയും ലഭിച്ചത് തെന്നിന്ത്യയിൽ"; തുറന്നുപറഞ്ഞ് സമീറ റെഡ്ഡി
ആരെയും അനാവശ്യമായി ഉപദേശിക്കരുത്! ഞാൻ സ്വന്തം മക്കളെ പോലും ഉപദേശിക്കാറില്ല; പ്രേംപാറ്റ വിശേഷങ്ങളുമായി സൈജു കുറുപ്പ്

സഞ്ജയ് ദത്തുമായി നേരത്തെ ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ളതിനാൽ പുതിയ സിനിമയുടെ സെറ്റിൽ വീണ്ടും ഒന്നിച്ചപ്പോൾ വലിയ പരിചയക്കുറവ് അനുഭവപ്പെട്ടില്ലെന്നും സമീറ വ്യക്തമാക്കി. കുട്ടികളോടൊപ്പം കഴിയാൻ ആഗ്രഹിക്കുന്ന കാര്യം മനസ്സിലാക്കിയ സഞ്ജയ് ചിത്രത്തിന്റെ ഷൂട്ടിങ് വാരാന്ത്യങ്ങളിൽ നടത്താൻ സൗകര്യം ഒരുക്കിയെന്നും താരം പറഞ്ഞു.

സിനിമാ മേഖലയിൽ പുതിയ അമ്മമാരുടെ ജോലി സമയവുമായി ബന്ധപ്പെട്ട് ഉയരുന്ന ചർച്ചകളെക്കുറിച്ചും സമീറ സംസാരിച്ചു. ദീപിക പദുക്കോൺ ഉൾപ്പെടെയുള്ള താരങ്ങളുടെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഇരുവശത്തെയും സാഹചര്യം പരിഗണിക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് താരം പറഞ്ഞു. മുലയൂട്ടൽ, ഹോർമോൺ വ്യതിയാനങ്ങൾ, കുഞ്ഞിന്റെ പരിചരണം എന്നിവയ്ക്കൊപ്പം ജോലിയും കൈകാര്യം ചെയ്യുന്നത് അമ്മമാർക്ക് എളുപ്പമല്ല. അത്തരമൊരു സാഹചര്യത്തിൽ നിർമ്മാതാവിന് താരത്തിന്റെ ആവശ്യങ്ങൾ പരിഗണിച്ച് ക്രമീകരണങ്ങൾ നടത്താൻ കഴിയുമെങ്കിൽ അതൊരു പരസ്പര സഹകരണമായിരിക്കണം.

"ബോളിവുഡിനേക്കാൾ ബഹുമാനവും പ്രതിഫലവും താരപദവിയും ലഭിച്ചത് തെന്നിന്ത്യയിൽ"; തുറന്നുപറഞ്ഞ് സമീറ റെഡ്ഡി
ആദ്യം മനസിനിണങ്ങുന്ന കഥാപാത്രങ്ങൾ; അതിനായി കാത്തിരിക്കാൻ തയ്യാറെന്ന് അദിതി റാവു ഹൈദരി

അതേസമയം, ഒരു സിനിമയുടെ ചിത്രീകരണത്തിനായി വലിയ സാമ്പത്തിക നിക്ഷേപമാണ് ദിവസേന നടത്തുന്നതെന്നും ഷൂട്ടിങ് വൈകുന്നത് നിർമ്മാതാവിന് വലിയ ചെലവുണ്ടാക്കുമെന്നും സമീറ ചൂണ്ടിക്കാട്ടി. അതിനാൽ നടിയുടെയും നിർമ്മാതാവിന്റെയും ഭാഗത്തുനിന്നുള്ള സാഹചര്യങ്ങൾ ഒരുപോലെ മനസ്സിലാക്കണമെന്നും ഏകപക്ഷീയമായ നിലപാട് ശരിയല്ലെന്നും താരം കൂട്ടിച്ചേർത്തു.

സോഷ്യൽ മീഡിയയിലെ തന്റെ ഇടപെടലുകളെക്കുറിച്ചും താരം അഭിമുഖത്തിൽ സംസാരിച്ചു. നരച്ച മുടി, ശരീരത്തിലെ സ്ട്രെച്ച് മാർക്കുകൾ, ഭാരത്തിലെ മാറ്റങ്ങൾ, ഹോർമോൺ വ്യതിയാനങ്ങൾ മൂലമുണ്ടാകുന്ന ചർമ്മപ്രശ്നങ്ങൾ എന്നിവ മറച്ചുവയ്ക്കാതെ പങ്കുവയ്ക്കുന്നത് തനിക്ക് മാനസികമായി ആശ്വാസം നൽകുന്ന കാര്യമാണെന്ന് സമീറ പറഞ്ഞു. കഴിഞ്ഞ ആറ് വർഷമായി സോഷ്യൽ മീഡിയയിൽ തന്റെ യഥാർഥ ജീവിതം തുറന്നുപങ്കുവയ്ക്കുന്നുണ്ടെന്നും സ്ത്രീകൾക്ക് സുരക്ഷിതമായി സംവദിക്കാവുന്ന ഒരു ഇടം അതിലൂടെ സൃഷ്ടിക്കാനായെന്നും താരം വ്യക്തമാക്കി. അടുത്ത മാസം 48-ാം വയസ്സിലേക്ക് കടക്കാനിരിക്കുകയാണെന്നും ആ പ്രായമാറ്റം അഭിമാനത്തോടെ ആഘോഷിക്കാനാണ് ആഗ്രഹമെന്നും സമീറ കൂട്ടിച്ചേർത്തു.

Summary

Actress Sameera Reddy says South Indian cinema offered her greater respect, artistic value, remuneration and stardom than Bollywood. In an interview, she recalled the lasting affection of South Indian fans, discussed her comeback with Aakhri Sawal and shared views on working conditions for new mothers and body positivity.