'മത്സരബുദ്ധി മാത്രമല്ല, സ്‌നേഹവും വേണം'; ബോളിവുഡിലെ കുതികാല്‍വെട്ടിനെതിരെ തുറന്നടിച്ച് സഞ്ജയ് ദത്ത്

"ഹോളിവുഡില്‍ എല്ലാവരും ഒന്നിച്ചാണ്, നല്ല സുഹൃത്തുക്കളാണ്. അവിടെ മത്സരമുണ്ട്, എന്നാല്‍ അത് വളരെ ആരോഗ്യകരമായ രീതിയിലാണ്. അഭിനേതാക്കളും എഴുത്തുകാരുമെല്ലാം അവിടെ ഒറ്റക്കെട്ടാണ്. ഓസ്‌കാര്‍ വേദിയില്‍ പോലും ആ ഐക്യം കാണാം"
'മത്സരബുദ്ധി മാത്രമല്ല, സ്‌നേഹവും വേണം'; ബോളിവുഡിലെ കുതികാല്‍വെട്ടിനെതിരെ തുറന്നടിച്ച് സഞ്ജയ് ദത്ത്
Published on

തന്റെ കരിയറിന്റെ തുടക്കകാലത്തെ അപേക്ഷിച്ച് ഹിന്ദി ചലച്ചിത്ര ലോകം ഇന്ന് ഏറെ മാറിപ്പോയെന്ന് നടന്‍ സഞ്ജയ് ദത്ത്. കഴിഞ്ഞകാല ഓര്‍മ്മകള്‍ പങ്കുവെച്ച അദ്ദേഹം, പണ്ടത്തെപ്പോലുള്ള സൗഹൃദവും ഐക്യവും ഇന്നത്തെ ബോളിവുഡില്‍ ഇല്ലെന്നും പകരം മറ്റുള്ളവരെ വീഴ്ത്തി മുന്നേറാനുള്ള കടുത്ത മത്സരബുദ്ധി മാത്രമാണ് ഉള്ളതെന്നും തുറന്നടിച്ചു. ഡോ. ഡി. നാഗേശ്വര്‍ റെഡ്ഡിയുമായി നടത്തിയ അഭിമുഖത്തിലാണ് സിനിമയിലെ തന്റെ 45 വര്‍ഷത്തെ അനുഭവസമ്പത്ത് മുന്‍നിര്‍ത്തി സഞ്ജയ് ദത്ത് മനസ്സ് തുറന്നത്.

'ഞാന്‍ അഭിനയരംഗത്തേക്ക് വരുമ്പോള്‍ ഈ ഇന്‍ഡസ്ട്രി ഒരു കുടുംബം പോലെയായിരുന്നു. എല്ലാവരും ഒന്നിച്ചുനിന്നു, പരസ്പരം സഹായിച്ചു. എന്നാല്‍ ഇന്ന് കടുത്ത മത്സരവും കുതികാല്‍വെട്ടും നിറഞ്ഞ ഇടമായി മാറി. ഇത് കണ്ട് സങ്കടം തോന്നാറുണ്ട്. പഴയ ആ നല്ല അന്തരീക്ഷം തിരികെ വരുമെന്ന് തന്നെ ഞാന്‍ പ്രതീക്ഷിക്കുന്നു', തന്റെ കരിയറിന്റെ ആദ്യകാലങ്ങളെക്കുറിച്ചും ഇപ്പോഴത്തെ മാറ്റങ്ങളെ കുറിച്ചും താരം പറഞ്ഞു.

1981-ല്‍ പിതാവ് സുനില്‍ ദത്ത് സംവിധാനം ചെയ്ത 'റോക്കി' എന്ന ചിത്രത്തിലൂടെയാണ് സഞ്ജയ് ദത്ത് നായകനായി അരങ്ങേറ്റം കുറിക്കുന്നത്. ടീന മുനീമിന്റെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. സഞ്ജയിന്റെ അമ്മയും പ്രശസ്ത നടിയുമായ നര്‍ഗീസിന്റെ വേര്‍പാടിന് തൊട്ടുപിന്നാലെയായിരുന്നു ചിത്രത്തിന്റെ റിലീസ്. ആ വര്‍ഷത്തെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നായി മാറിയ 'റോക്കി' സഞ്ജയ് ദത്തിന്റെ കരിയറിന് മികച്ച തുടക്കമേകി. തുടര്‍ന്ന് 'നാം', 'സാജന്‍', 'ഖല്‍നായക്', 'വാസ്തവ്', 'മുന്നാഭായി എം.ബി.ബി.എസ്', ലഗേ രഹേ മുന്നാഭായി' തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ അദ്ദേഹം ജനഹൃദയങ്ങള്‍ കീഴടക്കി.

'മത്സരബുദ്ധി മാത്രമല്ല, സ്‌നേഹവും വേണം'; ബോളിവുഡിലെ കുതികാല്‍വെട്ടിനെതിരെ തുറന്നടിച്ച് സഞ്ജയ് ദത്ത്
'എന്റെ പുസ്തകത്തെ ഓർത്ത് പടത്തിനു പേരിട്ടതിനു നന്ദി', ഷാഹി കബീറിനോട് എഴുത്തുകാരൻ എൻ പി സജീഷ്

ഹോളിവുഡ് എന്തുകൊണ്ട് വ്യത്യസ്തമാകുന്നു?

ബോളിവുഡിനെ ഹോളിവുഡുമായി താരതമ്യം ചെയ്ത സഞ്ജയ് ദത്ത്, മത്സരം അവിടെയുമുണ്ടെങ്കിലും അതിനോടുള്ള സമീപനം വ്യത്യസ്തമാണെന്ന് വ്യക്തമാക്കി. 'ഹോളിവുഡില്‍ എല്ലാവരും ഒന്നിച്ചാണ്, നല്ല സുഹൃത്തുക്കളാണ്. അവിടെ മത്സരമുണ്ട്, എന്നാല്‍ അത് വളരെ ആരോഗ്യകരമായ രീതിയിലാണ്. അഭിനേതാക്കളും എഴുത്തുകാരുമെല്ലാം അവിടെ ഒറ്റക്കെട്ടാണ്. എല്ലാവരെയും പിന്തുണയ്ക്കുന്ന കൂട്ടായ്മകള്‍ അവിടെയുണ്ട്. ഓസ്‌കാര്‍ വേദിയില്‍ പോലും ആ ഐക്യം കാണാം. ഒരു നടന് അവാര്‍ഡ് ലഭിക്കുമ്പോള്‍ അവിടെ ആര്‍ക്കും അസൂയയില്ല. മറ്റുള്ളവരുടെ വിജയത്തെ എല്ലാവരും പരസ്പരം ഹൃദയപൂര്‍വ്വം ആഘോഷിക്കുന്നത് മനോഹരമായ കാഴ്ചയാണ്.' സഞ്ജയ് ദത്ത് പറഞ്ഞു.

വരുന്നു ബല്ലു വീണ്ടും

അഭിജീത് മോഹന്‍ വാരംഗ് സംവിധാനം ചെയ്ത 'ആഖ്രി സവാല്‍' എന്ന രാഷ്ട്രീയ ഡ്രാമയിലാണ് സഞ്ജയ് ദത്ത് അവസാനമായി അഭിനയിച്ചത്. നാമാശി ചക്രവര്‍ത്തി, ആമിര്‍ സാദ്, സമീറ റെഡ്ഡി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. തന്റെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നായ 'ബല്ലു'വായി 'ഖല്‍നായക് റിട്ടേണ്‍സി'ലൂടെ തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ് താരം ഇപ്പോള്‍. ഈ വര്‍ഷം ആദ്യമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം അദ്ദേഹം പ്രഖ്യാപിച്ചത്.

1993-ല്‍ സുഭാഷ് ഗായ് സംവിധാനം ചെയ്ത 'ഖല്‍നായക്' അന്നത്തെ ഏറ്റവും വലിയ സൂപ്പര്‍ഹിറ്റുകളില്‍ ഒന്നായിരുന്നു. സഞ്ജയ് ദത്തിന് പുറമെ മാധുരി ദീക്ഷിത്, ജാക്കി ഷ്രോഫ് എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിലെ 'ചോളി കേ പീച്ചേ ക്യാ ഹെ', 'നായക് നഹി ഖല്‍നായക് ഹൂം മേ' എന്നീ ഗാനങ്ങള്‍ വന്‍ തരംഗമാണ് സൃഷ്ടിച്ചത്. 1993-ലെ മുംബൈ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ജയില്‍ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് 'ഖല്‍നായക്' രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ആശയം മനസ്സിലുദിച്ചതെന്നും സഞ്ജയ് ദത്ത് വെളിപ്പെടുത്തിയിരുന്നു.

Summary

Veteran Bollywood actor Sanjay Dutt has said the Hindi film industry has changed drastically since the beginning of his career, lamenting that the sense of unity and friendship that once defined Bollywood has been replaced by intense competition and attempts to undermine others. Speaking in an interview with Dr. D. Nageshwar Reddy, Dutt reflected on his 45-year journey in cinema and expressed hope that the industry's collaborative spirit would return. Comparing Bollywood with Hollywood, Dutt said competition exists everywhere, but Hollywood fosters healthier professional relationships where artists celebrate each other's success.

Madism Digital
madismdigital.com