

നടനും സംവിധായകനും നിര്‍മാതാവുമായ പൃഥ്വിരാജ് സുകുമാരന്റെ സിനിമാ നിര്‍മ്മാണ രീതി പിന്തുടര്‍ന്നാല്‍ ബോളിവുഡിന് നിലവിലുള്ള പല സാമ്പത്തിക പ്രതിസന്ധികളും മറികടക്കാനാകുമെന്ന് സംവിധായകന്‍ സഞ്ജയ് ഗുപ്ത. പൃഥ്വിരാജിന്റെ രീതികളെ പ്രശംസിച്ച ഗുപ്ത, അഭിനേതാക്കള്‍ തങ്ങളുടെ മുഴുവന്‍ പ്രതിഫലവും മുന്‍കൂറായി വാങ്ങുന്നതിന് പകരം സിനിമയുടെ ലാഭവിഹിതം (ബാക്കെന്‍ഡ് റിട്ടേണ്‍സ്) പങ്കിടുന്ന രീതിയിലേക്ക് മാറണമെന്ന് അഭിപ്രായപ്പെട്ടു.
ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പിലാണ് സഞ്ജയ് ഗുപ്ത പൃഥ്വിരാജിനെ അഭിനന്ദിച്ചത്. ഭാര്യ സുപ്രിയ മേനോനൊപ്പം 'പൃഥ്വിരാജ് പ്രൊഡക്ഷന്‍സി'ലൂടെ സ്വന്തം സിനിമകള്‍ കൂടി നിര്‍മ്മിക്കുന്ന പൃഥ്വിരാജ്, മുന്‍കൂറായി വലിയ തുക പ്രതിഫലം വാങ്ങാറില്ലെന്ന് ഗുപ്ത ചൂണ്ടിക്കാണിച്ചു. 'മലയാള സൂപ്പര്‍താരം പൃഥ്വിരാജ് സ്വന്തം സിനിമകളില്‍ ഭൂരിഭാഗവും സ്വയം നിര്‍മ്മിക്കുന്നു. കാരണം സിനിമയുടെ ബഡ്ജറ്റിലെ ഏറ്റവും വലിയ ചെലവ് അദ്ദേഹത്തിന്റെ പ്രതിഫലമാണ് എന്നതാണ്. അതുകൊണ്ട് അദ്ദേഹം ആ തുക ഒഴിവാക്കി, പകരം ലാഭവിഹിതം സ്വീകരിക്കുന്നു. ഇതോടെ സിനിമ ചെലവു കുറഞ്ഞതും സുരക്ഷിതവും ലാഭകരവുമായി മാറുന്നു', അദ്ദേഹം കുറിച്ചതിങ്ങനെയാണ്.
'ഇത് തന്നെയാണ് എല്ലാവരും പിന്തുടരേണ്ട മാതൃക. ചര്‍ച്ചാ വേദികളില്‍ വെറുതെ സംസാരിച്ചിരിക്കാതെ കൂടുതല്‍ താരങ്ങള്‍ ഇത് പ്രാവര്‍ത്തികമാക്കിയാല്‍ സിനിമാ വ്യവസായത്തിന്റെ പകുതിയിലധികം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും', സഞ്ജയ് ഗുപ്ത കൂട്ടിച്ചേര്‍ത്തു. ഹിന്ദി സിനിമാ ലോകത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ സഞ്ജയ് ഗുപ്ത പലപ്പോഴും തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറയാറുണ്ട്. സാമ്പത്തിക റിസ്‌ക് കുറയ്ക്കുന്നതിനൊപ്പം സിനിമകളുടെ സര്‍ഗ്ഗാത്മകമായ നിയന്ത്രണം കൈപ്പിടിയിലൊതുക്കാന്‍ ഈ നിര്‍മ്മാണ മാതൃക പൃഥ്വിരാജിനെ സഹായിച്ചിട്ടുണ്ട്.
അടുത്തിടെ നടന്‍ രണ്‍വീര്‍ സിങ്ങും 'ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസും' തമ്മിലുണ്ടായ വിവാദത്തിലും 'ധുരന്ധര്‍' എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടന് ഏര്‍പ്പെടുത്തിയതായി പറയപ്പെടുന്ന വിലക്കിലും ഗുപ്ത രണ്‍വീറിനെ പിന്തുണച്ചിരുന്നു. ഒരു എ-ലിസ്റ്റ് താരത്തെ വിലക്കുന്നത് ആ സിനിമയിലെ മുന്നൂറിലധികം വരുന്ന അണിയറപ്രവര്‍ത്തകരുടെ ജീവിതോപാധിയെയാണ് ബാധിക്കുകയെന്ന് അദ്ദേഹം കുറിച്ചിരുന്നു. കൂടാതെ, 'കോഹ്റ സീസണ്‍ 2' നെ വിമര്‍ശിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഒരു പോസ്റ്റും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആമസോണ്‍ പ്രൈംമിലൂടെ പുറത്തിറങ്ങിയ കോഹ്‌റ സീസണ്‍ 2 ന് ഒന്നാം സീസനുമായി ഒരു ബന്ധവും ഇല്ലാ എന്നാണ് അദ്ദേഹം വിമര്‍ശിച്ചത്.
സിനിമകളുടെ കാര്യത്തില്‍ പൃഥ്വിരാജിന് തിരക്കേറിയ സമയമാണിത്. 'ഐ, നോബഡി', 'വാരാണസി', 'ഖലീഫ', 'ദയാര', 'ഒടിയന്‍' തുടങ്ങി നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഇതില്‍ 'ഐ നോബഡി' നിര്‍മാതാക്കളില്‍ ഒരാള്‍, പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍ ആണ്. കരീന കപൂര്‍ ഖാന്‍ സഹതാരമായി എത്തുന്ന 'ദായര'യുടെ റിലീസ് തീയതി അടുത്തിടെയാണ് പ്രഖ്യാപിച്ചത്. ചിത്രം ഉടന്‍ തിയേറ്ററിലെത്തും.
സംവിധാനം കൂടാതെ നിര്‍മ്മാതാവും തിരക്കഥാകൃത്തുമാണ് സഞ്ജയ് ഗുപ്ത. അമേരിക്കന്‍ ആക്ഷന്‍-ത്രില്ലര്‍, ക്രൈം ചിത്രങ്ങളുടെ റീമേക്കുകളിലൂടെയാണ് സഞ്ജയ് ഗുപ്ത പ്രധാനമായും അറിയപ്പെടുന്നത്. ആതിഷ്, കാന്റെ, കാബില്‍, ഷൂട്ടൗട്ട് അറ്റ് ലോഖണ്ഡ്വാല, ഷൂട്ടൗട്ട് അറ്റ് വഡാല, ജസ്ബ, കരം ആന്‍ഡ് സിന്ദ, മുംബൈ സാഗ തുടങ്ങിയ ചിത്രങ്ങളാണ് ഇതില്‍ പ്രധാനം.
Filmmaker Sanjay Gupta has praised actor-producer Prithviraj Sukumaran for his film production model, saying it could help solve many of Bollywood's financial challenges. Gupta noted that Prithviraj, who co-produces many of his films through Prithviraj Productions with his wife Supriya Menon, avoids taking a large upfront acting fee. Instead, he opts for backend profit-sharing, reducing production costs and financial risks while increasing profitability.