

സംവിധായകൻ ജിത്തു മാധവന്റെ തമിഴ് അരങ്ങേറ്റ ചിത്രമായ 'സീനി'ന് ബോക്സ് ഓഫീസിൽ മികച്ച തുടക്കം. സൂര്യ, നസ്രിയ നസീം, നസ്‌ലെൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം റിലീസ് ചെയ്ത ആദ്യദിനം ഇന്ത്യയിൽ നിന്ന് 19.15 കോടി രൂപ നെറ്റ് കളക്ഷൻ നേടി. ഇതോടെ ഈ വർഷം പുറത്തിറങ്ങിയ സൂര്യയുടെ ചിത്രങ്ങളായ 'കറുപ്പ് ', 'വിശ്വനാഥ് ആൻഡ് സൺസ്' എന്നിവയുടെ ആദ്യദിന കളക്ഷനെയും 'സീൻ' മറികടന്നു. ദീപാവലി റിലീസായി വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യദിനം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്.
ട്രേഡ് വെബ്സൈറ്റായ സാക്നിൽക്കിന്റെ കണക്കുകൾ പ്രകാരം തമിഴ് പതിപ്പിൽ നിന്നാണ് ചിത്രത്തിന് ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത്. തമിഴ് പതിപ്പ് 16.15 കോടി രൂപ നേടിയപ്പോൾ തെലുങ്ക് പതിപ്പിൽ നിന്ന് മൂന്ന് കോടി രൂപയും ലഭിച്ചു. ഇന്ത്യയിലെ നെറ്റ് കളക്ഷൻ 19.15 കോടി രൂപയാണ്. വിദേശ വിപണികളിലും ചിത്രം മികച്ച പ്രകടനം കാഴ്ചവെച്ചു. ആദ്യദിനം 12 കോടി രൂപയാണ് വിദേശത്തുനിന്ന് നേടിയത്. ഇതോടെ സൂര്യയുടെ 'കറുപ്പ് ', 'വിശ്വനാഥ് ആൻഡ് സൺസ്' എന്നിവയുടെ ഓപ്പണിംഗ് കളക്ഷനുകളെ മറികടക്കാൻ 'സീനി'ന് കഴിഞ്ഞു.
ആർ.ജെ ബാലാജി സംവിധാനം ചെയ്ത 'കറുപ്പ്' മെയ് മാസത്തിലാണ് തിയറ്ററുകളിലെത്തിയത്. ആദ്യദിനം 15.50 കോടി രൂപയായിരുന്നു ചിത്രത്തിന്റെ കളക്ഷൻ. തമിഴിൽ നിന്ന് 13.10 കോടിയും തെലുങ്കിൽ നിന്ന് 2.40 കോടി രൂപയുമാണ് ചിത്രം നേടിയത്. ഓഗസ്റ്റിൽ പുറത്തിറങ്ങിയ 'വിശ്വനാഥ് ആൻഡ് സൺസ്' ആദ്യദിനം 15.35 കോടി രൂപയാണ് നേടിയത്. ഇതിൽ 9.15 കോടി രൂപ തമിഴ് പതിപ്പിൽ നിന്നും 6.20 കോടി രൂപ തെലുങ്ക് പതിപ്പിൽ നിന്നുമായിരുന്നു. ഈ രണ്ട് ചിത്രങ്ങളുടെയും ഓപ്പണിംഗ് കളക്ഷനുകളെ മറികടന്നതോടെ സൂര്യയുടെ ഈ വർഷത്തെ തുടർച്ചയായ മൂന്നാമത്തെ ബോക്സ് ഓഫീസ് വിജയമാകുമോ 'സീൻ' എന്നതിലേക്കാണ് ഇനി ശ്രദ്ധ.
എന്നാൽ ഈ വർഷത്തെ ഏറ്റവും വലിയ ഓപ്പണിംഗുകളുടെ പട്ടികയിൽ 'സീൻ' ഇപ്പോഴും പിന്നിലാണ്. രജിനികാന്തിന്റെ 'ജയിലർ 2' ആദ്യദിനം 59.70 കോടി രൂപ നേടിയപ്പോൾ വിജയ് നായകനായ 'ജനനായകൻ' 42.70 കോടി രൂപയുമായി മുന്നിലാണ്. ലൈഫ് ടൈം കളക്ഷന്റെ കാര്യത്തിലും സൂര്യയുടെ മുൻ ചിത്രങ്ങൾ മികച്ച നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. 'കറുപ്പ്' ആകെ 310.12 കോടി രൂപ നേടിയപ്പോൾ 'വിശ്വനാഥ് ആൻഡ് സൺസ്' 209.46 കോടി രൂപയാണ് ബോക്സ് ഓഫീസിൽ നിന്ന് സ്വന്തമാക്കിയത്. ഈ നേട്ടങ്ങളെ മറികടക്കാൻ 'സീനി'ന് കഴിയുമോ എന്നറിയാൻ വരും ദിവസങ്ങളിലെ കളക്ഷൻ നിർണായകമാകും.
Jithu Madhavan’s Tamil debut Scene, starring Suriya, Nazriya Nazim and Naslen, collected ₹19.15 crore net in India on its opening day. The film surpassed the first-day collections of Suriya’s Karuppu and Vishwanath & Sons. It also earned ₹12 crore overseas, marking a strong start at the box office.